Skip to main content

വിഴിഞ്ഞം വി.ജി.എഫ് കരാർ ഒപ്പിട്ടു

      വിഴിഞ്ഞം തുറമുഖത്തിന്റെ വയബിലിറ്റി ഗ്യാപ് ഫണ്ടിനുള്ള കരാറുകളിൽ ഒപ്പിട്ടു. കേന്ദ്രവും പണം സ്വീകരിക്കുന്ന അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും ബാങ്ക് കൺസോർഷ്യവുമായുള്ള ത്രികക്ഷി കരാറിലും തുറമുഖത്തു നിന്നുള്ള വരുമാനത്തിന്റെ 20 ശതമാനം ലാഭവിഹിതം കേന്ദ്ര സർക്കാരുമായി പങ്കിടാമെന്ന രണ്ടാമത്തെ കരാറിലുമാണ് ഒപ്പുവച്ചത്.  കേരളത്തിന് വേണ്ടി തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവന്റെ സാന്നിധ്യത്തിൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരനാണ്  കരാറിൽ  ഒപ്പുവച്ചത്.   

      വി.ജി.എഫ് കരാറിൽ ഒപ്പിട്ടത് ചരിത്ര മുഹൂർത്തമാണെന്ന്  മന്ത്രി വി എൻ വാസവൻ പറഞ്ഞു. റോഡ് കണക്ടിവിറ്റി, റെയിൽ കണക്ടിവിറ്റി എന്നിവയ്ക്ക് വേണ്ടി യുദ്ധകലാടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ നടത്തിവരികയാണെന്നു മന്ത്രി പറഞ്ഞു.  2028-ഓടെ റോഡ്റെയിൽ കണക്ടിവിറ്റി പൂർണ്ണതയിൽ എത്തിക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. ചരക്കു ഗതാഗതം കരമാർഗ്ഗം കൂടി പോകുന്നരീതിയിൽ എത്തിച്ചേരുമ്പോൾ വിഴിഞ്ഞം തുറമുഖ പദ്ധതി പൂർണമായും ലക്ഷ്യത്തിലെത്തുമെന്നു മന്ത്രി പറഞ്ഞു.  ലോകത്തിലെ തന്നെ ശ്രദ്ധേയമായ തുറമുഖങ്ങളിലൊന്നായി ഇതിനോടകം വിഴിഞ്ഞം മാറിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

      കേന്ദ്ര സാമ്പത്തിക കാര്യ  വകുപ്പ് ജോയിൻറ്  സെക്രട്ടറി  ബൽദേവ് പുരുഷാർത്ഥ്,  തുറമുഖ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ഡോ  എ കൗശികൻ വി.ഐ.എസ്.എൽ  മാനേജിങ് ഡയറക്ടർ ദിവ്യ എസ്  അയ്യർഎ.വി.പി.പി.എൽ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ പ്രദീപ് ജയരാമൻ തുടങ്ങിയവർ പങ്കെടുത്തു.     

പി.എൻ.എക്സ് 1545/2025

 

date