Skip to main content

സംസ്ഥാന കേരളോത്സവത്തിന് കോതമംഗലത്ത് തിരി തെളിഞ്ഞു

മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു  

 

സംസ്ഥാനതല കേരളോത്സവത്തിന് എറണാകുളം ജില്ലയിലെ കോതമംഗലത്ത് വർണ്ണാഭമായ തുടക്കം. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് തിരിതെളിച്ചതോടെയാണ് ഏപ്രിൽ 11 വരെ നീണ്ടുനിൽക്കുന്ന യുവതയുടെ കലാ-കായികോത്സവത്തിന് സമാരംഭമായത്.

 

കോതമംഗലത്ത് നടക്കുന്ന ഈ വർഷത്തെ കേരളോത്സവം ഒരു ചരിത്രമായി മാറട്ടെ എന്ന് ഉദ്ഘാടന സമ്മേളനത്തിൽ മന്ത്രി പറഞ്ഞു. 

കോതമംഗലത്ത് ആദ്യമായാണ് സംസ്ഥാനതല കേരളോത്സവം നടക്കുന്നത്. ഇത്തരമൊരു മേളയ്ക്ക് വേദിയാകുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലമാണിത്. 

 

' നോ പറയാം മയക്കുമരുന്നിനോട് , ചേര്‍ത്തു പിടിക്കാം നമ്മുടെ നാടിനെ' എന്ന മുദ്രാവാക്യത്തിൽ ഊന്നിയാണ് ഇത്തവണത്തെ കേരളോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. ലഹരിയുടെ വ്യാപനം വലിയ വെല്ലുവിളിയായി വരുന്ന ഈ കാലഘട്ടത്തിൽ എന്തുകൊണ്ടും ഈ മേളയുടെ പ്രാധാന്യം വർദ്ധിക്കുകയാണ്. കേരളത്തിൽ മാത്രമല്ല ഈ പ്രവണതയുള്ളത്. നമ്മുടെ രാജ്യത്തും ലോകത്തും മയക്കുമരുന്നിന്റെ വ്യാപനം പ്രതിസന്ധി തീർക്കുന്നുണ്ട്. ശിക്ഷാനിരക്കിന്റെ കാര്യത്തിൽ കേരളം മുൻപന്തിയിലാണ്. പുതിയ സാഹചര്യത്തിൽ പരിശോധനകളും നടപടികളും കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. 

 

ഇതിനെല്ലാം പുറമേ ഒരു ജനകീയ മുന്നേറ്റം ആവശ്യമാണ്. എന്നാൽ യുവാക്കൾ എല്ലാം മയക്കുമരുന്നിന്റെ പിടിയിലായി എന്നു പറയുന്നത് ശരിയല്ല. ഏറ്റവും ഒടുവിൽ വയനാട് ചൂരൽ മലയിൽ ഉണ്ടായ വലിയ ദുരന്തത്തിൽ ജീവൻ പോലും പണയം വെച്ച് രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയതിൽ ഭൂരിഭാഗവും യുവാക്കൾ ആയിരുന്നു. പ്രളയ കാലത്തും യുവതയുടെ സേവന സന്നദ്ധത നമ്മൾ കണ്ടതാണ്. 

 

 എന്നാൽ വഴിതെറ്റി പോകുന്നവരും ഇക്കൂട്ടത്തിൽ ഉണ്ടെന്നത് സത്യമാണ്. അവിടെയാണ് കേരളോത്സവം പോലുള്ള കലാ-കായിക മേളകളുടെ പ്രാധാന്യം വർധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്നത്തെ കാലത്ത് സമൂഹത്തിൽ മതനിരപേക്ഷ അവബോധം സൃഷ്ടിക്കേണ്ടത് ആവശ്യമാണ്. അതിന് കക്ഷി, രാഷ്ട്രീയ, മത സാമുദായിക വേർതിരിവുകൾ ഇല്ലാതെ എല്ലാവർക്കും ഒത്തുചേരാൻ കഴിയുന്ന പൊതുയിടങ്ങൾ ശക്തിപ്പെടുത്തണം.

 

യുവതയെ ചേർത്തുപിടിക്കുന്ന നയമാണ് സർക്കാരിനുള്ളത്. ഇവിടെത്തന്നെ പഠനത്തിനവസരം നൽകി, നാട്ടിൽ തന്നെ ജോലി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് വിവിധ പദ്ധതികൾ ആവിഷ്കരിച്ച് സർക്കാർ മുന്നോട്ടുപോകുന്നത്. പൊതുവിദ്യാഭ്യാസ രംഗത്തെ മികച്ചതാക്കുന്നതിനോടൊപ്പം സ്വകാര്യ മേഖലകളുടെ സാധ്യതകളും പരമാവധി പ്രയോജനപ്പെടുത്തണമെന്ന ഉദ്ദേശമാണ് സർക്കാരിനുള്ളതെന്നും അദ്ദേഹം പറഞ്ഞു. 

 

യുവജനങ്ങളുടെ കലാ കായിക സര്‍ഗ്ഗശേഷികള്‍ മാറ്റുരയ്ക്കാന്‍ അവസരം നല്‍കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന കേരളോത്സവത്തിൽ വിവിധ ഇനങ്ങളിലായി 59 കലാ മത്സരങ്ങളും, 118 കായിക മത്സരങ്ങളുമാണ് നടക്കുക. 

 

പ്രധാന വേദിയായ മാർ ബേസിൽ സ്കൂൾ ഗ്രൗണ്ടിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ ആന്റണി ജോൺ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുത്തേടൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 

 

 കെ.ജെ മാക്സി എം.എൽ.എ, യുവജന ക്ഷേമ ബോർഡ്‌ വൈസ് ചെയർമാൻ എസ്.സതീഷ്, കോതമംഗലം നഗരസഭ ചെയർമാൻ കെ.കെ ടോമി, ജില്ലാ പഞ്ചായത്ത്‌ അംഗങ്ങളായ റഷീദ സലീം, റാണിക്കുട്ടി ജോർജ്, എഫ്.ഐ.ടി ചെയർമാൻ ആർ.അനിൽകുമാർ, എം.പി.ഐ ചെയർമാൻ ഇ.കെ ശിവൻ, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌മാരായ പി.എം മജീദ്, മിനി ഗോപി, പി.കെ ചന്ദ്രശേഖരൻ നായർ, സിബി മാത്യു, ഗോപി മുട്ടത്ത്, ജെസ്സി സാജു, ഖദീജ മുഹമ്മദ്‌, കാന്തി വെള്ളക്കയ്യൻ, യുവജന ക്ഷേമ ബോർഡ്‌ മെമ്പർ സെക്രട്ടറി വി.ഡി പ്രസന്നകുമാർ, അംഗങ്ങളായ റോണി മാത്യു, എസ്. കവിത, സന്തോഷ്‌ കാല, പി.എം ഷെബീർ അലി, ഷെരീഫ് പാലോളി, ഷെനിൻ മന്ദിരാട്, ജില്ലാ യൂത്ത് കോ ഓഡിനേറ്റർ എ.ആർ രഞ്ജിത്ത്, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ ആർ.പ്രജീഷ തുടങ്ങിയവർ പങ്കെടുത്തു. 

 

കേരളോത്സവത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് കോതമംഗലം നഗരത്തിൽ വർണ്ണാഭമായ വിളംബര ഘോഷയാത്ര സംഘടിപ്പിച്ചിരുന്നു. വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ ബാനറുകൾക്ക്‌ കീഴിൽ ഫ്ലോട്ടുകളുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ നടന്ന ഘോഷയാത്ര സമ്മേളന വേദിയായ മാർ ബേസിൽ ഗ്രൗണ്ടിൽ സമാപിച്ചു.

 

ഇന്ന് ( ഏപ്രിൽ 9 )രാവിലെ 9 ന് മാർ ബേസിൽ സ്കൂൾ വേദിയിൽ കലാ മത്സരങ്ങളും മാർ അത്തനേഷ്യസ് കോളേജ് ഗ്രൗണ്ടിൽ കായിക മത്സരങ്ങളും നടക്കും. ഏപ്രിൽ 11ന് നടക്കുന്ന സമാപന സമ്മേളനം നിയമസഭാ സ്പീക്കർ എ.എൻ ഷംസിർ ഉദ്ഘാടനം ചെയ്യും.

date