Skip to main content

വരയുടെ പെണ്‍മ

 

 

കൊച്ചി:  വരയുടെ വര്‍ണലോകത്ത് കയ്യൊപ്പ് ചാര്‍ത്തി കുടുംബശ്രീ. കൊച്ചി മുസരിസ് ബിനാലെയും കുടുംബശ്രീയും സംയുക്തമായി സംഘടിപ്പിക്കുന്ന ചിത്രകലാ പരിശീലന  കളരി വരയുടെ പെണ്‍മയിലാണ് സംസ്ഥാനത്തെ മുപ്പതോളം കുടുംബശ്രീ വനിതകള്‍ ചിത്രമെഴുതാനെത്തുക.

സാംസ്‌കാരിക രംഗത്ത് അയല്‍ക്കൂട്ട വനിതകളുടെ പ്രാതിനിധ്യം ഉറപ്പിക്കുന്നതിന്റെ  ഭാഗമായാണ് ചിത്രകലാ പരിശീലന കളരി സംഘടിപ്പിക്കുന്നത്. നിരവധി കഴിവുകളുണ്ടായിട്ടും അത് പ്രകടിപ്പിക്കാന്‍ അവസരം ലഭിക്കാത്ത അയല്‍ക്കൂട്ട വനിതകള്‍ക്ക് ഏറെ പ്രയോജനപ്പെടുന്നതാണ് ചിത്രകലാ പരിശീലനം. 2016 ബിനാലെയോടനുബന്ധിച്ച് നടത്തിയ പരിപാടികളുടെ തുടര്‍ച്ചയാണ് ഡിസംബര്‍ ഒന്നു മുതല്‍ 10 വരെ നടക്കുന്നത്. പരിശീലനങ്ങള്‍ക്ക് ശേഷം സ്ത്രീകള്‍ വരയ്ക്കുന്ന ചിത്രങ്ങള്‍ പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി പ്രദര്‍ശിപ്പിക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു.

ഡിസംബര്‍ ഒന്നിന് രാവിലെ 11-ന് ബിനാലെയുടെ വേദിയായ പെപ്പര്‍ ഹൗസില്‍ ചിത്രകലാ പരിശീലന കളരിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പശ്ചിമകൊച്ചി എം.എല്‍.എ കെ.ജെ.മാക്‌സി നിര്‍വഹിക്കും. കൊച്ചി കോര്‍പറേഷന്‍ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം എ.ബി സാബു അദ്ധ്യക്ഷത വഹിക്കും. പ്രശസ്ത സംഗീത സംവിധായകന്‍ ബേണി (ബേണി ഇഗ്നേഷ്യസ്) കുടുംബശ്രീ ഡയറക്ടര്‍ എസ്.നിഷ, ഡിവിഷന്‍ കൗണ്‍സിലര്‍ സീനത്ത് റഷീദ്, കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി, കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സെക്രട്ടറി റിയാസ് കോമു, 2018 ലെ കൊച്ചി ബിനാലെ ക്യൂറേറ്റര്‍ അനിത ദൂബേ, എറണാകുളം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ രാഗേഷ്.കെ.ആര്‍, കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ഹെഡ് ഓഫ് എ.ബി.സി പ്രോഗ്രാം മനു ജോസ്, കുടുംബശ്രീ പ്രോഗ്രാം മാനേജര്‍ സോയ തോമസ്, കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date