ചുഴലിക്കാറ്റ്, അനുബന്ധ ദുരന്ത പ്രതിരോധ തയ്യാറെടുപ്പ്; മോക്ക് ഡ്രില്‍ നടത്തി
ദേശീയ ദുരന്തനിവാരണ അതോറിറ്റിയും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും സംയുക്തമായി സംസ്ഥാനതലത്തില്‍ ചുഴലിക്കാറ്റിന്റെയും അനുബന്ധ ദുരന്തങ്ങളുടെയും തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിന് മോക്ക് ഡ്രില്‍ നടത്തി. സംസ്ഥാനത്തെ 12 ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട 24 സ്ഥലങ്ങളില്‍ ഒരേ സമയം മോക്ക്ഡ്രില്‍ നടത്തുന്നതിന്റെ ഭാഗമായി തൃശ്ശൂര്‍ ജില്ലയിലെ ചേറ്റുവ ഹാര്‍ബര്‍, കാറളം ഗ്രാമപഞ്ചായത്തിലെ ഗെയില്‍ ഇന്ത്യയുടെ സെക്ഷണല്‍ വാല്‍വ് സ്റ്റേഷന് എന്നിവിടങ്ങളിലാണ് മോക്ഡ്രില്‍ നടത്തിയത്.
ദുരന്ത മുന്നറിയിപ്പ് ലഭിക്കുന്ന ഘട്ടത്തില്‍ മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടിരിക്കുന്ന ഇന്‍സിഡന്റ് റെസ്പോണ്‍സ് സിസ്റ്റത്തിന്റെ പ്രവര്‍ത്തനം, കണ്ട്രോള് റൂമുകളുടെ പ്രവര്‍ത്തനം, വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം, ആശയവിനിമയോപാധികളുടെ കൃത്യമായ ഉപയോഗം, സൈറണുകളുടെ പ്രവര്‍ത്തനം, അപകട സ്ഥലത്ത് നടത്തുന്ന പ്രതികരണ-രക്ഷാപ്രവര്‍ത്തനങ്ങളുടെ ഏകോപനം തുടങ്ങിയ സുപ്രധാന കാര്യങ്ങള്‍ മോക് എക്സര്‍സൈസില്‍ വിലയിരുത്തി.
ചുഴലിക്കാറ്റ്മൂലം പ്രകൃതി വാതക പൈപ്പുകളില്‍ ചോര്‍ച്ച വന്നാല്‍ എന്തൊക്കെ ദുരന്തങ്ങള്‍ ഉണ്ടാകുമെന്നും വിവിധ സേനാ യൂണിറ്റുകളുടെ സഹകരണത്തോടെ എങ്ങനെ പ്രതിരോധിക്കാമെന്നതിന്റെയും തയ്യാറെടുപ്പിന്റെ ഭാഗമായാണ് കാറളം ഗെയില്‍ ഇന്ത്യ സെക്ഷണല്‍ വാല്‍വ് സ്റ്റേഷന് പരിസരത്ത് മോക്ക് എക്സര്‍സൈസ് നടത്തിയത്. ചേറ്റുവ ഹാര്‍ബര്‍ കേന്ദ്രീകരിച്ചു നടത്തിയ പ്രവര്‍ത്തനങ്ങളില്‍ കരയിലെ രക്ഷാപ്രവര്‍ത്തനത്തിന് ഫയര്‍ ആന്റ് റെസ്ക്യൂ, എന്‍ഡിആര്‍എഫ് ഡിപ്പാര്‍ട്ടുമെന്റുകളും കടലിലെ രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യന്‍ നേവിയും നേതൃത്വം നല്കി.
മോക് ഡ്രില്ലിനെ തുടര്‍ന്ന് വിവിധ ജില്ലകളുടെ കളക്ടര്‍മാര്‍, ദേശീയ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഓണ്‍ലൈനായി അവലോകന യോഗം നടത്തി. കൃത്യമായ ആസൂത്രണത്തോടെ ജില്ലയില്‍ നടത്തിയ മോക്ക് ഡ്രില്ലിന് ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന് നേതൃത്വം നല്കി. ആര്‍ഡിഒ എം.സി റെജില്‍, ഡി.എം ഡെപ്യൂട്ടി കളക്ടര്‍ സ്മിതാ റാണി, ആര്.ആര് ഡെപ്യൂട്ടി കളക്ടര്‍ വിഭൂഷണന്‍, ജില്ലാ ഫയര്‍ ഓഫീസര്‍ എം.എസ് സുവി, ആര്.ടി.ഒ എ.എം.വി.ഐ പ്രശാന്ത് പി. പിള്ള, അസിസ്റ്റന്റ് കമാന്ഡണ്ടന്റ് സി.ബി കൃപന്‍, ഹസാര്‍ഡ് അനലിസ്റ്റ് ഡെസി ഡേവിസ് എന്നിവരും ബന്ധപ്പെട്ട വകുപ്പുതല ഉദ്യോഗസ്ഥരും ഏകോപനം നടത്തി.
റവന്യു, തദ്ദേശസ്വയംഭരണം, ഫയര്‍ ആന്‍ഡ് റെസ്ക്യൂ, എന്‍ഡിആര്‍എഫ്, നേവി, പൊലീസ്, ആരോഗ്യ വകുപ്പ്, ഫിഷറീസ് വകുപ്പ്, പൊതുമരാമത്ത് വകുപ്പ്, കേരള വാട്ടര്‍ അതോറിറ്റി, കെഎസ്ഇബി, ബിഎസ്എന്‍എല്‍, ടെലികോം, ഡിഒടി, മോട്ടോര്‍ വാഹന വകുപ്പ്, ഹാര്‍ബര്‍ എഞ്ചിനീയറിംഗ്, കോസ്റ്റല്‍ പോലീസ് തുടങ്ങിയ വകുപ്പുകള്‍ നേതൃത്വം നല്കി.
- Log in to post comments