Skip to main content

ചേറ്റുവ ഹാർബറിൽ ചുഴലിക്കാറ്റ്; രക്ഷാപ്രവർത്തനവുമായി ദുരന്ത നിവാരണ സേന

ഇന്നു രാവിലെ ചേറ്റുവ ഹാർബറിലുണ്ടായിരുന്നവർ ശരിക്കൊന്നു വിരണ്ടു. വീശിയടിച്ച ചുഴലിക്കാറ്റും അപകട മുന്നറിയിപ്പും രക്ഷാ സേനയും...
ചുഴലിക്കാറ്റും അനുബന്ധ ദുരന്തങ്ങളും ഉണ്ടാകുന്ന സാഹചര്യങ്ങളിൽ അടിയന്തര രക്ഷാ പ്രവർത്തനങ്ങൾ നടത്തുന്നതിനായുള്ള പ്രായോഗിക അവലോകനം ചെയ്യുന്നതിന്റെ ഭാഗമായി ദുരന്തനിവാരണ സേന സംഘടിപ്പിച്ച ചുഴലിക്കാറ്റ് മോക്ക് എക്‌സർസൈസാണ് അല്പനേരത്തേക്കെങ്കിലും തീരവാസികളെ പരിഭ്രമിപ്പിച്ചത്.

ഇത്തരം ദുരന്തങ്ങൾ സംഭവിക്കുമ്പോൾ സർക്കാരിന്റെ വിവിധ വകുപ്പുകൾ എങ്ങനെ പ്രവർത്തിക്കണമെന്നതിന്റെ രീതികൾ അറിയാനുള്ള പ്രവർത്തനമാണ് മോക്ക് ഡ്രില്ലിലൂടെ നടത്തിയത്. ചേറ്റുവ ഹാർബർ കേന്ദ്രീകരിച്ചു നടത്തിയ പ്രവർത്തനങ്ങളിൽ കരയിലെ രക്ഷാപ്രവർത്തനത്തിന് ഫയർ ആന്റ് റെസ്ക്യൂ, എൻഡിആർഎഫ് ഡിപ്പാർട്മെന്റുകളും കടലിലെ രക്ഷാപ്രവർത്തനത്തിന് ഇന്ത്യൻ നേവിയും നേതൃത്വം നൽകി.

രാവിലെ 11 മണിയോടെ ചേറ്റുവ ഹാർബർ ഏരിയയിൽ ചുഴലിക്കാറ്റ് ബാധിച്ചു എന്ന് കമാൻഡർ ഡെപ്യൂട്ടി തഹസിൽദാർ വഴി സന്ദേശം ലഭിച്ചത് പ്രകാരം ദുരന്തബാധിത പ്രദേശത്തേക്ക് രക്ഷാപ്രവർത്തകർ ഉടൻ എത്തുകയും, അപകട സൈറൺ മുഴക്കുകയും, ചേറ്റുവ ഹാർബർ പരിസരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകുകയും ചെയ്തു. റോഡിലെ തടസ്സങ്ങളെല്ലാം ഫയർ ഫോഴ്സ് എത്തി നീക്കം ചെയ്തു.
എൻഡിആർഎഫിന്റെ നേതൃത്വത്തിൽ വീടിനകത്ത് കുടുങ്ങിയ ദുരന്ത ബാധിതരെ വാതിൽ മുറിച്ച് അകത്തു കടന്ന് പുറത്തെടുക്കുകയും ഇരുനില കെട്ടിടത്തിനു മുകളിൽ കുടുങ്ങിയ കുഞ്ഞിനെ റോപ്പ് വഴി താഴെ എത്തിക്കുകയും ചെയ്തു.  വെള്ളത്തിൽ വീണ ആളെ ഇന്ത്യൻ നേവിയുടെ നേതൃത്വത്തിൽ
 രക്ഷപ്പെടുത്തി കരയിലെത്തിച്ചു. ഫയർ ആൻഡ് റെസ്ക്യൂ ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ വൈദ്യുതി കമ്പിയിലേക്ക് പടർന്ന തീ അണച്ച ശേഷം തീപ്പൊള്ളലേറ്റയാളെയും അബോധാവസ്ഥയിലുള്ളവരെയും രക്ഷപ്പെടുത്തി ആംബുലൻസിൽ കയറ്റി ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് ഹാർബറിനകത്ത് കെട്ടിടം തകർന്നു വീണു പരിക്കേറ്റവരെയും രക്ഷപ്രവർത്തനത്തിലൂടെ പുറത്തു കൊണ്ടുവന്നു.

കൃത്യമായ ആസൂത്രണത്തോടെ നടന്ന മോക്ക് ഡ്രില്ലിന് തഹസിൽദാർ എം.കെ. കിഷോർ, ലാൻഡ് റെക്കോർഡ്‌സ് തഹസിൽദാർ വി. ബി ജ്യോതി, ഡെപ്യൂട്ടി തഹസിൽദാർമാരായ പി എൻ സുരേഷ്, കെ സന്തോഷ്, വി.ബി ഗോപകുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. റവന്യു വകുപ്പ്, ഫയർ ആൻഡ് റെസ്ക്യൂ, എൻഡിആർഎഫ്, നേവി, കേരള പോലീസ്, ആരോഗ്യ വകുപ്പ്, ഫിഷറീസ് വകുപ്പ്, പൊതുമരാമത്ത് വകുപ്പ്, കേരള വാട്ടർ അതോറിറ്റി, കെഎസ്ഇബി, ബിഎസ്എൻഎൽ, ടെലികോം, ഡിഒടി, ജില്ലാ ഭരണകൂടം, താലൂക്ക്, മോട്ടോർ വാഹന വകുപ്പ്, ഹാർബർ എൻജിനീയറിംഗ്, കോസ്റ്റൽ പോലീസ്, ഏങ്ങണ്ടിയൂർ പഞ്ചായത്ത് തുടങ്ങിയ വകുപ്പുകൾ നേതൃത്വം നൽകി.

date