അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി : ജില്ലയിലെ പ്രവർത്തനങ്ങൾ പരമാവധി വേഗത്തിൽ പൂർത്തിയാക്കണം- മന്ത്രി പി. രാജീവ്
സംസ്ഥാന സർക്കാരിന്റെ അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയുമായി ബന്ധപ്പെട്ട ജില്ലയിലെ പ്രവർത്തനങ്ങൾ പരമാവധി വേഗത്തിൽ പൂർത്തിയാക്കണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്. പദ്ധതിയുടെ ജില്ലാതല അവലോകന യോഗത്തിലാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകിയത്.
വരുന്ന ആഗസ്റ്റ് 15 ന് എറണാകുളത്തെ അതി ദരിദ്രരില്ലാത്ത ജില്ലയായി പ്രഖ്യാപിക്കാൻ കഴിയുന്ന വിധത്തിൽ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താൻ യോഗത്തിൽ ധാരണയായി. പദ്ധതി സമയബന്ധിതമായി യാഥാർത്ഥ്യമാക്കാൻ ഉദ്യോഗസ്ഥർ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് യോഗത്തിൽ പറഞ്ഞു.
അതിദരിദ്രരില്ലാത്ത ആദ്യ സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിനായി 2021 ലാണ് അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി സംസ്ഥാനത്ത് ആരംഭിച്ചത്. ഭക്ഷണം, ആരോഗ്യം, വാസസ്ഥലം, വരുമാനം എന്നിവയിലെ ഇല്ലായ്മയുടെ, അഥവാ കുറവിന്റെ തോത് അടിസ്ഥാനമാക്കിയാണ് അതിദരിദ്രരെ നിർണയിച്ചത്. ഇവരുടെ കുറവുകൾ നികത്തി മുഖ്യധാരയിലേക്ക് കൊണ്ടുവരികയാണ് പദ്ധതിയുടെ ലക്ഷ്യം.
ജില്ലാ കളക്ടറുടെ ചേംബറിൽ ചേർന്ന അവലോകന യോഗത്തിൽ, അഡീഷ്ണൽ ജില്ലാ മജിസ്ട്രേറ്റ് വിനോദ് രാജ്, ഡെപ്യൂട്ടി കളക്ടർമാരായ റേച്ചൽ കെ. വർഗീസ്, വി.ഇ അബ്ബാസ്, കെ. മനോജ്, എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടർ കെ.ജെ ജോയ്, അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി പ്രോജക്ട് ഡയറക്ടർ പി.എച്ച് ഷൈൻ, മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments