Skip to main content

ജി.എസ്.ടി: കിട്ടിയ നികുതി ഇളവുകള്‍ വിലയില്‍ കുറയ്ക്കണം -മന്ത്രി ഡോ. തോമസ് ഐസക് * ചരക്കുസേവന നികുതി- കേരളത്തില്‍: നിയമസഭാംഗങ്ങള്‍ക്കായി സെമിനാര്‍ സംഘടിപ്പിച്ചു

നിലവില്‍ ഈടാക്കി വന്നിരുന്ന നികുതികളില്‍ കുറവ് വരുത്തിയശേഷം ചരക്കുസേവന നികുതി (ജി.എസ്.ടി) ഈടാക്കാത്തതിനാലാണ് പല ഉത്പന്നങ്ങള്‍ക്കും വില കുറയാത്തതെന്ന് ധനകാര്യ മന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പാര്‍ലമെന്ററി പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നിയമസഭാംഗങ്ങള്‍ക്കായി 'ചരക്കുസേവന നികുതി- കേരളത്തില്‍' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ വിഷയാവതരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. കിട്ടിയ നികുതിയിളവുകള്‍ വിലയില്‍ കുറയ്ക്കണം. പുതിയ സ്റ്റോക്ക് വരുമ്പോള്‍ നികുതി കുറഞ്ഞിട്ടും എം.ആര്‍.പി കുറച്ചിട്ടില്ലെങ്കില്‍ നടപടിയെടുക്കണമെന്ന് കേരളം ജി.എസ്.ടി കൗണ്‍സിലില്‍ ആവശ്യപ്പെടും. നികുതിയില്‍ ഗണ്യമായ കുറവുണ്ടാകുമെന്ന് വ്യാപാരികള്‍ക്ക് സെപ്റ്റംബറില്‍ റിട്ടേണ്‍ നല്‍കുമ്പോള്‍ മനസിലാകും. നികുതി ഇളവിന്റെ ഗുണം ഉപഭോക്താവിന് കിട്ടുന്നില്ലാത്തതിനാലാണ് വില കൂടുന്ന സാഹചര്യം ഉണ്ടാകുന്നത്. ഇക്കാര്യത്തില്‍ കൊള്ളലാഭം തടയാന്‍ ആന്റി പ്രോഫിറ്റീയറിംഗ് നിയമം വഴി നടപടിയെടുക്കാന്‍ ജി.എസ്.ടി കൗണ്‍സിലിനാണ് അധികാരം. മൊത്തതില്‍ ജി.എസ്.ടിയോടെ നികുതി വലയവും അടിത്തറയും വികസിക്കും. കേരളത്തിന് നികുതി വരുമാനത്തില്‍ നേട്ടമുണ്ടാകും. സേവനത്തിന് ഡെസ്റ്റിനേഷന്‍ തത്വം ബാധകമാക്കുന്നതും കേരളത്തിന് ഗുണമാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സെമിനാറില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ സന്നിഹിതനായിരുന്നു. സെന്‍ട്രല്‍ എക്‌സൈസ് ആന്റ് കസ്റ്റംസ് പ്രിന്‍സിപ്പല്‍ എ.ഡി.ജി പി. നാഗേന്ദ്രകുമാര്‍, ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്റ് ടാക്‌സേഷന്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ് ആര്‍. മോഹന്‍, റിസോഴ്‌സസ് സെക്രട്ടറി മിന്‍ഹാജ് ആലം, ജി.എസ്.ടി വകുപ്പ് ജോയിന്റ് കമ്മീഷണര്‍ ഡി. ബാലമുരളി എന്നിവര്‍ സംബന്ധിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി സ്വാഗതവും, നിയമസഭാ സെക്രട്ടറി വി.കെ. ബാബുപ്രകാശ് നന്ദിയും പറഞ്ഞു. മന്ത്രിമാര്‍, എം.എല്‍.എമാര്‍ എന്നിവര്‍ സെമിനാറില്‍ പങ്കെടുത്ത് സംശയനിവാരണം നടത്തി.

പി.എന്‍.എക്‌സ്.3461/17

date