സാമൂഹ്യമാധ്യമങ്ങളിലൂടെ വിദ്വേഷപ്രാചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാകലക്ടര്‍
സാമൂഹ്യമാധ്യമങ്ങളിലൂടെ വിദ്വേഷപ്രചാരണങ്ങള്‍ നടത്തുന്നവരെ സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും അത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ജില്ലാകലക്ടര്‍ വി.ആര്‍ വിനോദ്. ജില്ലാതല മതസൗഹാര്‍ദ അവലോകനയോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കലക്ടര്‍. സാമൂഹ്യമാധ്യമങ്ങളിലൂടെ വിദ്വേഷവും സ്പര്‍ധയും അസത്യമായ വിവരങ്ങളും പ്രചരിപ്പിക്കുന്ന പ്രവണത കൂടിവരികയാണ്. മലപ്പുറത്തിന്റെ മതേതരപാരമ്പര്യത്തെക്കുറിച്ച് ധാരണയില്ലാത്തവരാണ് ഇതിനുപിറകില്‍. ആരാധനാലയങ്ങളില്‍ ഉണ്ടാകുന്ന തര്‍ക്കങ്ങളോ വിവിധ മതവിഭാഗങ്ങള്‍ തമ്മില്‍ ആരാധനാലയങ്ങളുടെ സ്വത്തുവകകള്‍ സംബന്ധിച്ച തര്‍ക്കങ്ങളോ ഉണ്ടാവുകയാണെങ്കില്‍ അതില്‍ സാമൂഹ്യവിരുദ്ധര്‍ക്ക് ഇടം നല്‍കാതെ പെട്ടെന്ന് പരിഹാരം കാണാന്‍ ജാഗ്രതകാണിക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.ജില്ലാകലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാപൊലീസ് മേധാവി ആര്‍. വിശ്വനാഥ്, തിരൂര്‍ സബ് കലക്ടര്‍ ദിലീപ് കൈനിക്കര, എ.ഡി.എം എന്‍.എം മഹറലി, വിവിധ താലൂക്കുകളിലെ തഹസില്‍ദാര്‍മാര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങയവര്‍ പങ്കെടുത്തു.
- Log in to post comments