Skip to main content

നാലാം വാർഷികം : രാസലഹരിക്കെതിരെ മോചന ജ്വാല 24ന്

രണ്ടാം പിണറായി വിജയൻ മന്ത്രിസഭയുടെ നാലാം വാർഷികത്തിൻ്റെ ഭാഗമായി  രാസലഹരിക്കെതിരെ​ ജന പങ്കാളിത്തം ഉറപ്പാക്കിയുള്ള  വിപുലമായ കാമ്പയിന് ജില്ല  24ന് സാക്ഷ്യം വഹിക്കും.  ജില്ലാ പഞ്ചായത്തിൻ്റെയും ജില്ലാ ഭരണകൂടത്തിൻ്റെയും  തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും  ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൻ്റെയും  സംയുക്ത ആഭിമുഖ്യത്തിൽ ജില്ലയിലാകെ   മോചന ജ്വാല തെളിയിക്കുന്നതാണ്  പരിപാടി.  24ന്   എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും  പരിധിയിൽ  പ്രത്യേക സ്ഥലത്ത് ഒത്തു ചേർന്ന് ഒരേ സമയം തിരി തെളിക്കൽ സംഘടിപ്പിക്കും 

 ലഹരി വിരുദ്ധ കാമ്പയിൻ്റെ ജില്ലാതല ഉദ്ഘാടനം എം എൽ എ മാരായ  എച്ച് സലാം, പി പി ചിത്തരഞ്ജൻ എന്നിവർ ചേർന്ന് ആലപ്പുഴ ബീച്ചിൽ  24 ന് വൈകിട്ട് അഞ്ച് മണിക്ക്  നിർവഹിക്കും . ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ ജി രാജേശ്വരി,  ജില്ലാ കളക്ടർ അലക്സ് വർഗീസ്, നഗരസഭ അധ്യക്ഷ കെ കെ ജയമ്മ,  ജനപ്രതിനിധികൾ, വിദ്യാർഥികൾ, ഉദ്യോഗസ്ഥർ,  സമൂഹത്തിലെ വിവിധ രംഗങ്ങളിൽ നിന്നുള്ളവർ  തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന്  ആറ്  മണിക്ക് മോചന ജ്വാല തെളിയിക്കും.

 എല്ലാ  പഞ്ചായത്തുകളിലും വൈകിട്ട് അഞ്ച്  മണി മുതൽ മോചന ജ്വാലയുമായി ബന്ധപ്പെട്ട് യോഗം നടക്കുകയും  ആറുമണിക്ക്  തിരി  തെളിയിക്കുകയും  ചെയ്യും. പഞ്ചായത്ത് തലത്തിൽ  നടക്കുന്ന പരിപാടിയിൽ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ,   വിദ്യാർഥികൾ,  കുടുംബശ്രീ ,  ഐസിഡിഎസ് പ്രവർത്തകർ ,  യുവാക്കൾ, കായിക താരങ്ങൾ, വിവിധ സംഘടന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

 രണ്ടാം പിണറായി വിജയൻ മന്ത്രിസഭയുടെ നാലാം വാർഷികത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രദർശന വിപണന മേള ആലപ്പുഴ ബീച്ചിൽ മെയ്  ആറ്  മുതൽ 12 വരെയാണ്  നടക്കുക . 

 ലഹരി വിരുദ്ധ   കാമ്പയിൻ്റെ ഭാഗമായി  24ന്  ജില്ലയിലെ  മുഴവൻ  ഗവ. ഉദ്യോഗസ്ഥരും റിബ്ബൺ  ധരിച്ചു കൊണ്ട്  ലഹരിക്കെതിരായി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കും. ഇതിൻ്റെ  ഉദ്‌ഘാടനം  ജില്ലാ കളക്ടർ അലക്സ്  വർഗീസ് രാവിലെ  10 ന്  കളക്ടറേറ്റിൽ  നിർവഹിക്കും.

(പിആര്‍/എഎല്‍പി/1137)

date