എന്റെ കേരളം പ്രദര്‍ശന വിപണന മേള 29 മുതല്‍; മുഖ്യമന്ത്രിയുടെ ജില്ലാതല യോഗം 28 ന്
*മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു*
ഏപ്രില്‍ 28 ന് നടക്കുന്ന ഇടുക്കി ജില്ലാതല യോഗത്തിന്റെയും 29 മുതല്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ സംഘാടനം സംബന്ധിച്ച് വിലയിരുത്തുന്നതിന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അവലോകന യോഗം ചേര്‍ന്നു. പ്രദര്‍ശന വിപണന മേളയില്‍ പങ്കെടുക്കുന്ന എല്ലാ വകുപ്പുകളും തങ്ങളുടെ സ്റ്റാളുകള്‍ പരമാവധി മനോഹരമാക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. മേളയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സെമിനാറുകളും ഗൗരവതരമായ ആശയരൂപീകരണത്തിന് വഴിയൊരുക്കുന്ന വിധത്തില്‍ സംഘടിപ്പിക്കാനും മന്ത്രി നിര്‍ദേശിച്ചു.
രാവിലെ മുഖ്യമന്ത്രിയുടെ ജില്ലാതല യോഗം നടക്കുന്ന നെടുങ്കണ്ടം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്തെ പന്തലിന്റെ നിര്‍മ്മാണം മന്ത്രിയുടെ നേതൃത്വത്തില്‍ വിലയിരുത്തിയ ശേഷമായിരുന്നു അവലോകന യോഗം.
വാഴത്തോപ്പ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മൈതാനത്ത് ഏപ്രില്‍ 28 മുതല്‍ മെയ് 4 വരെ 7 ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് സംഘടിപ്പിക്കുക. സര്‍ക്കാര്‍ സേവനങ്ങളും വികസന പദ്ധതികളും ജനങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് എന്റെ കേരളം പ്രദര്‍ശന വിപണന മേള സംഘടിപ്പിക്കുന്നത്. സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളെ അറിയിക്കാനും അവര്‍ക്ക് മികച്ച സേവനം നല്‍കാനും കഴിയുന്ന സ്റ്റാളുകള്‍ തയ്യാറാക്കാന്‍ എല്ലാ വകുപ്പുകളും ശ്രദ്ധിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
വിവിധ വകുപ്പുകളുടെ സേവനങ്ങള്‍, പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങള്‍ എന്നിവ ലഭ്യമാക്കുന്ന സ്റ്റാളുകള്‍ മേളയില്‍ ഉണ്ടാകും. കൂടാതെ വാണിജ്യ സ്റ്റാളുകളും മേളയുടെ ഭാഗമാകും. ടൂറിസം, വ്യവസായം, കൃഷി തുടങ്ങിയ പ്രധാന മേഖലകള്‍ തിരിച്ച് സെമിനാറുകള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി വര്‍ക്ക് ഷോപ്പുകള്‍ എന്നിവയുമുണ്ടാകും.
എല്ലാ ദിവസവും പ്രഫഷണല്‍ കലാസംഘങ്ങളുടെ പരിപാടികളും അരങ്ങേറും. 29 ന് ചെറുതോണിയില്‍ നിന്ന് ആരംഭിച്ച് വാഴത്തോപ്പ് സ്‌കൂളിലെ മേള നഗരിയില്‍ എത്തുന്ന സാംസ്‌കാരിക ഘോഷയാത്രയോടെയാകും എന്റെ കേരളം മേളയ്ക്ക് തുടക്കമാകുക.
എ.രാജ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീര്‍ണാകുന്നേല്‍, ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരി, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി.വി വര്‍ഗീസ്, എ.ഡി.എം ഷൈജു പി ജേക്കബ്, സംഘാടക സമിതി അംഗങ്ങളായ അനില്‍ കൂവപ്ലാക്കല്‍, ഷാജി കാഞ്ഞമല, സണ്ണി ഇല്ലിക്കല്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജി. എസ് വിനോദ്, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ സംഘാടനം സംബന്ധിച്ച് വിലയിരുത്തുന്നതിന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗം
VIDEO
- Log in to post comments