തൃശ്ശൂര്‍ പൂരത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി യോഗം ചേര്‍ന്നു ;തൃശ്ശൂര്‍ പൂരം അതിഗംഭീരമായി ആഘോഷിക്കും: ജില്ലാ കളക്ടര്‍
തൃശ്ശൂര്‍ പൂരം ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന്റെ അധ്യക്ഷതയില്‍ വകുപ്പ് മേധാവികളുടെയും ദേവസ്വം അധികൃതരുടെയും യോഗം ചേര്‍ന്നു. പൂരവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ മുന്നൊരുക്കങ്ങള്‍ യോഗം വിലയിരുത്തി. എല്ലാവര്ഷത്തെയും പോലെ തൃശ്ശൂര്‍ പൂരം അതിഗംഭീരമായി ആഘോഷിക്കുമെന്നും സുരക്ഷയ്ക്ക് മുന്‍തൂക്കം നല്കി കൊണ്ട് കൂടുതല്‍ ആളുകള്‍ക്ക് പൂരം ആസ്വദിക്കാന്‍ അവസരം ഒരുക്കുമെന്നും കളക്ടര്‍ യോഗത്തില്‍ പറഞ്ഞു. ഏപ്രില്‍ 28 ന് മുന്‍പായി ബന്ധപ്പെട്ട വകുപ്പുകള്‍ ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങളുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കളക്ടര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി.
കഴിഞ്ഞതവണ സ്ഥാപിച്ചതിനേക്കാള്‍ കൂടുതലായി എല്‍ഇഡി വാളുകളും സിസിടിവി ക്യാമറകളു സ്ഥാപിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്കി. ആനച്ചമയം എക്സിബിഷനിലും കൂടുതലായി മെഡിക്കല്‍ ടീമിനെ വിന്യസിപ്പിക്കാനും യോഗം നിര്‍ദ്ദേശിച്ചു. ഗതാഗത നിയന്ത്രണം, ക്രമസമാധാനം, വാഹന തിരക്ക് ക്രമീകരണം, ഹെലി ക്യാമറ എന്നിവയ്ക്കുള്ള നിയന്ത്രണം എന്നിവ പോലീസ് വകുപ്പിന്റെ നേതൃത്വത്തില്‍ കൃത്യമായി ഏകോപിപ്പിക്കും. കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷയ്ക്ക് പ്രത്യേക കണ്ട്രോള് റൂമുകളും പൊലീസ് കണ്ട്രോള് റൂമുകളും തുറക്കും.
തേക്കിന്‍കാട് മൈതാനം പൂരത്തിന് മുന്നോടിയായി എത്രയും പെട്ടന്ന് വൃത്തിയാക്കാനും യോഗം നിര്‍ദ്ദേശിച്ചു. പൂരപറമ്പില്‍ അലഞ്ഞ് തിരിയുന്ന മൃഗങ്ങളെ മാറ്റി സംരക്ഷിക്കാനും യോഗത്തില്‍ തീരുമാനമായി. അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചു നീക്കുന്നതിന് തൃശ്ശൂര്‍ കോര്പ്പറേഷന്, കൊച്ചിന് ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്കി. ഫോറസ്റ്റ് വകുപ്പും ദേവസ്വം വകുപ്പും കോര്‍പ്പറേഷനും സംയുക്തമായി മൈതാനത്തിലെ അപകടകരമായ മരച്ചില്ലകള്‍ മുറിച്ചുമാറ്റുന്നതിനായി പരിശോധന നടത്താനും യോഗം നിര്‍ദ്ദേശിച്ചു. പൂരത്തിന് ഉണ്ടാകുന്ന ജൈവ-അജൈവ മാലിന്യങ്ങള്‍ തരം തിരിച്ച് മെയ് 7 നുതന്നെ നീക്കം ചെയ്ത് പൂരപ്പറമ്പ് വൃത്തിയാക്കാനും യോഗം നിര്‍ദ്ദേശിച്ചു.
കോമ്പൗണ്ട് വാളിലെ ആവശ്യമില്ലാത്ത സാമഗ്രഹികള്‍ ഒരാഴ്ചയ്ക്കകം നീക്കം ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ കൊച്ചിന്‍ദേവസ്വം ബോര്‍ഡിന് നിര്‍ദ്ദേശം നല്കി. പൂരം ദിവസങ്ങള്‍ക്ക് മുന്‍കൂറായി തന്നെ നാട്ടാനപരിപാലന പ്രകാരം സമയബന്ധിതമായി ആനകളുടെ ഫിറ്റ്നസ് പരിശോധന നടത്തണമെന്നും യോഗം നിര്‍ദ്ദേശിച്ചു. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ആരോഗ്യ സംഘത്തെ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ നിയോഗിക്കും. ആവശ്യമായ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള മെഡിക്കല്‍ സൗകര്യങ്ങള്‍ സജ്ജമാക്കും.
ഭക്ഷണം വൃത്തിയുള്ള സാഹചര്യത്തിലാണോ തയ്യാറാക്കുന്നതെന്നും, മായം കലര്‍ന്നിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക സ്ക്വാഡ് പ്രവര്‍ത്തിക്കും. ആവശ്യത്തിന് ഇ-ടോയ്ലറ്റുകള് ഒരുക്കാനും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്കി.
കളക്ടറേറ്റ് എക്സിക്യുട്ടീവ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്. ഇളങ്കോ, എഡിഎം ടി. മുരളി, സബ് കളക്ടര്‍ അഖില്‍ വി. മേനോന്, കൊച്ചിന് ദേവസ്വം ബോര്‍ഡ്, പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം അധികൃതര്‍, വിവിധ വകുപ്പ് മേധാവികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു
- Log in to post comments