Skip to main content

മീസില്‍സ്-റൂബെല്ല പ്രതിരോധ കുത്തിവയ്പ് പരിപാടി മികച്ച സ്ഥാപനങ്ങള്‍ക്ക് അംഗീകാരം

    മീസില്‍സ്-റൂബെല്ലാ പ്രതിരോധ കുത്തിവയ്പ് പരിപാടിയില്‍ 97.8 ശതമാനം കുട്ടികളെയും കുത്തിവയ്പിന് വിധേയമാക്കി ജില്ല ഒന്നാം സ്ഥാനത്ത് തുടരുന്നു. ഈ നേട്ടം കൈവരിക്കുന്നതിന് പ്രധാന പങ്കുവഹിച്ച സ്ഥാപനങ്ങള്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റും നല്‍കി ആദരിച്ചു. 
    കൈപ്പട്ടൂര്‍ സെന്‍റ് ജോര്‍ജസ് ഹൈസ്കൂളില്‍ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ.ജി.അനിത ഉദ്ഘാടനം ചെയ്തു. വള്ളിക്കോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അമ്പിളി ജി.നായര്‍ അധ്യക്ഷത വഹിച്ചു. കുട്ടികള്‍ക്ക് വാക്സിനേഷന്‍ നല്‍കാന്‍ മുന്നിട്ടുനിന്ന അധ്യാപകര്‍, രക്ഷിതാക്കള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരെ ചടങ്ങില്‍ പങ്കെടുത്ത എഡിഎം അനു.എസ്.നായര്‍ അഭിനന്ദിച്ചു.  ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്‍റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ എലിസബത്ത് അബു എന്നിവര്‍ സര്‍ട്ടിഫിക്കറ്റും ട്രോഫിയും വിതരണം ചെയ്തു. എന്‍എസ്എസ് സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ഡോ.ജേക്കബ് ജോണ്‍, ഡെപ്യൂട്ടി ഡിഎംഒ ഡോ.സി.എസ്.നന്ദിനി, വള്ളിക്കോട് പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീ  സര്‍ ഡോ.ജ്യോതി വേണുഗോപാല്‍, ഹെഡ്മാസ്റ്റര്‍ രാജേന്ദ്രന്‍ ഉണ്ണിത്താന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
    അഞ്ഞൂറ് കുട്ടികളില്‍ കൂടുതലുള്ള സ്കൂള്‍ വിഭാഗത്തില്‍ മുഴുവന്‍ കുട്ടികളെയും പ്രതിരോധ കുത്തിവയ്പിന് വിധേയമാക്കി കൈപ്പട്ടൂര്‍ സെന്‍റ് ജോര്‍ജസ് ഹൈസ്കൂള്‍ ഒന്നാം സ്ഥാനവും ഓമല്ലൂര്‍ ആര്യഭാരതി ഹൈസ്കൂള്‍ രണ്ടാം സ്ഥാനവും നേടി. നൂറിനും അഞ്ഞൂറിനും ഇടയില്‍ കുട്ടികളുള്ള സ്കൂള്‍ വിഭാഗത്തില്‍ പരുമല ഡിബിഎച്ച്എസ്എസ് ഒന്നാം സ്ഥാനവും തട്ടയില്‍ എസ്കെവിയുപി ഇംഗ്ലീഷ് മീഡിയം സ്കൂള്‍ രണ്ടാം സ്ഥാനവും നേടി. 
    ഗവണ്‍മെന്‍റ് എച്ച്എസ്എസ് കൊക്കാത്തോട്, സെന്‍റ് മേരീസ് എല്‍പിഎസ് കുഴിക്കാല, നോയല്‍ മെമ്മോറിയല്‍ എച്ച്എസ് കുമ്പനാട് എന്നീ സ്കൂളുകള്‍ പ്രോത്സാഹന സമ്മാനത്തിന് അര്‍ഹമായി. പ്രവര്‍ത്തന മികവ് കാഴ്ചവച്ച പ്രാഥമികാരോഗ്യ കേന്ദ്രം വിഭാഗത്തില്‍ കോയിപ്രം, ഇലന്തൂര്‍ എന്നിവ ഒന്നും രണ്ടും സ്ഥാനത്തെത്തി. സാമൂഹികാരോഗ്യ കേന്ദ്രം തലത്തില്‍ കുന്നന്താനം ഒന്നാം സ്ഥാനവും വെച്ചൂച്ചിറ രണ്ടാം സ്ഥാനവും നേടി. സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തന മികവ് കാഴ്ചവച്ച തിരുവല്ല പുഷ്പഗിരി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് അവാര്‍ഡിന് അര്‍ഹമായി. ഐസിഡിഎസ് പത്തനംതിട്ട, ലയണ്‍സ് ക്ലബ്ബ് ഇന്‍റര്‍നാഷണല്‍, എന്‍സിസി പത്തനംതിട്ട, എന്‍എസ്എസ് പത്തനംതിട്ട ജില്ലാ കണ്‍വീനര്‍, മുസലിയാ ര്‍ എന്‍ജിനീയറിംഗ് കോളേജ് , പന്തളം എന്‍എസ്എസ് കോളേജ് എന്നിവിടങ്ങളിലെ എന്‍എസ്എസ് യൂണിറ്റുകള്‍, ആര്‍ബിഎസ്കെ നഴ്സുമാര്‍ എന്നിവര്‍ പ്രത്യേക അഭിനന്ദന          സര്‍ട്ടിഫിക്കറ്റിനും ട്രോഫിക്കും അര്‍ഹരായി.                  (പിഎന്‍പി 3229/17)

date