ലഹരിവിരുദ്ധ സന്ദേശ യാത്ര: സ്വാഗതസംഘം രൂപീകരിച്ചു
സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി കായിക വകുപ്പ് സംഘടിപ്പിക്കുന്ന സംസ്ഥാന തല ലഹരിവിരുദ്ധ സന്ദേശ യാത്രയുടെ മുന്നോടിയായുള്ള ജില്ലാതല സ്വാഗത സംഘം രൂപീകരിച്ചു. തിരൂർ ഇ എം എസ് സാംസ്‌കാരിക സമുച്ചയത്തിൽ നടന്ന യോഗം കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. രാസ ലഹരിയുടെ വലയത്തിൽ നിന്നും യുവജനത കരകയറേണ്ടത് അനിവാര്യമാണെന്നും അതിനായി സർക്കാർ കൈക്കൊള്ളുന്ന ഇത്തരം പദ്ധതികൾ സ്വാഗതാർഹമാണെന്നും എം.എൽ.എ പറഞ്ഞു. തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. യു സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് വി.പി അനിൽ വിശദീകരണം നടത്തി. സബ് കളക്ടർ ദിലീപ് കെ കൈനിക്കര ആശംസകൾ നേർന്ന ചടങ്ങിൽ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ എക്‌സിക്യൂട്ടീവ് മെമ്പർ ഋഷികേശ് കുമാർ, ജില്ലാ സ്‌പോർട്‌സ് ഓഫീസർ മുരുകരാജ് തുടങ്ങിയവർ സംബന്ധിച്ചു.
സന്ദേശയാത്രയുടെ രക്ഷാധികാരികളായി കായിക ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാൻ, എം.പി അബ്ദുൽ സമദ് സമദാനി എം.പി, എം.എൽ.എമാരായ പി നന്ദകുമാർ, കെ.ടി ജലീൽ, കെ.പി.എ മജീദ്, പി. അബ്ദുൽ ഹമീദ് മാസ്റ്റർ, ജില്ലാ കളക്ടർ വി.ആർ വിനോദ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എം.കെ റഫീഖ, ജില്ലാ പോലീസ് മേധാവി വിശ്വനാഥ്, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡൻറ് വി.പി അനിൽ, ജില്ലാ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷൻ ജയരാജ്, മലയാള സർവകലാശാല വൈസ് ചാൻസിലർ എൽ. സുഷമ, വഖഫ് ബോർഡ് ചെയർമാൻ സക്കീർ ഹുസൈൻ, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കൂട്ടായി ബഷീർ എന്നിവരെ തിരഞ്ഞെടുത്തു.
ചെയർമാനായി കുറുക്കോളി മൊയ്തീൻ എം.എൽ.എ , വർക്കിംഗ് ചെയർമാനായി എസ്.കെ.എഫ് ഡയറക്ടർ ആഷിക് കൈനിക്കര, ജനറൽ കൺവീനറായി സബ് കളക്ടർ ദിലീപ് കൈനിക്കര എന്നിവരെയും തിരഞ്ഞെടുത്തു. 14 അംഗ കൺവീനർമാരെയും തിരഞ്ഞെടുത്തു.
സ്വീകരണ കമ്മിറ്റി ചെയർപേഴ്‌സണായി തിരൂർ നഗരസഭ ചെയർപേഴ്‌സൺ എം.പി നസീമ, വൈസ് ചെയർമാനായി താനൂർ നഗരസഭ വൈസ് ചെയർമാൻ പി രാമൻകുട്ടി, കൗൺസിലർമാരായ പി നന്ദൻ, അഡ്വ.് ഗിരീഷ് എന്നിവരെയും ഘോഷയാത്ര ചെയർമാനായി തിരൂർ ബ്ലോക്ക് പ്രസിഡന്റ് യു സൈനുദ്ദീൻ, അനുബന്ധ പരിപാടികളുടെ ചെയർമാനായി ജംഷീദ് ലില്ലിയെയും തെരഞ്ഞെടുത്തു.
ലഹരിയുടെ ഉപയോഗം സമൂഹത്തിൽ വെല്ലുവിളിയായ സാഹചര്യം മുന്നിൽ കണ്ട് വിപുലമായ പ്രചാരണ പരിപാടികൾ കായിക വകുപ്പ് സംഘടിപ്പിക്കുന്നുണ്ട്. കുട്ടികളെയും യുവജനങ്ങളെയും ലഹരിയുടെ കൈപ്പിടിയിൽ നിന്നും മുക്തരാക്കി കളിക്കളത്തിന്റെ ലഹരിയിലേക്ക് തിരിച്ചെത്തിക്കുക എന്നതാണ് പ്രധാന ലക്ഷ്യം.
മെയ് അഞ്ച് മുതൽ 22 വരെ കാസർകോഡ് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന ലഹരി വിരുദ്ധ സന്ദേശ യാത്രയുടെ ഭാഗമായി കായിക മത്സരങ്ങൾ, കളിക്കളങ്ങൾ വീണ്ടെടുക്കൽ, സ്‌പോർട്‌സ് കിറ്റ് വിതരണം എന്നിവയും നടക്കും. ജില്ലയിലെ പര്യടനം മെയ് 10 നാണ് നടക്കുക. രാവിലെ എട്ടിന് പെരിന്തൽമണ്ണ, പത്തിന് മലപ്പുറം എന്നിവിടങ്ങളിൽ നടക്കുന്ന പര്യടനം വൈകീട്ട് മൂന്നിന് തിരൂരിൽ സമാപിക്കും.
- Log in to post comments