തൊഴിലുറപ്പ്, പ്രധാനമന്ത്രി ആവാസ് യോജന പദ്ധതികളുടെ വാര്‍ഷിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) പദ്ധതികളുടെ 2024-25 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ട് ഇടുക്കി ജില്ലാ ഓംബുഡ്‌സ്മാന്‍ പി.ജി രാജന്‍ ബാബു സര്‍ക്കാരിന് സമര്‍പ്പിച്ചു.
സംസ്ഥാന ചീഫ് സെക്രട്ടറി, തദ്ദേശസ്വയംഭരണ വകുപ്പു പ്രിന്‍സിപ്പല്‍ സെക്രട്ടറി, മഹാത്മഗാന്ധി എന്‍.ആര്‍.ഇ.ജി.എസ് മിഷന്‍ ഡയറക്ടര്‍, ഗ്രാമ വികസന കമ്മീഷണര്‍, ജില്ലാ കളക്ടര്‍, ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍, പ്രോജക്ട് ഡയറക്ടര്‍, പി.എ.യു ഇടുക്കി ജില്ലാ പഞ്ചായത്ത് എന്നിവര്‍ക്കാണ്
വാര്‍ഷിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ഈ സാമ്പത്തിക വര്‍ഷം ലഭിച്ച 142 പരാതികളും മുന്‍ വര്‍ഷത്തെ 16 പരാതികളും ഉള്‍പ്പെടെ 158
പദ്ധതികള്‍ പരിശോധിച്ചതില്‍ 139 എണ്ണം പരിഹരിച്ചു. ദുര്‍ഘട പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ജില്ലയില്‍ പ്രവൃത്തിസ്ഥലത്തു രാവിലെയും വൈകുന്നേരവും ഫോട്ടോ എടുക്കുന്നതിനുള്ള എന്‍.എം.എം.എസ് സംവിധാനം 95 ശതമാനവും സ്ത്രീകള്‍ ഉള്‍ക്കൊള്ളുന്ന ദുര്‍ബല വിഭാഗങ്ങള്‍ക്കു വളരെയധികം പ്രയാസം നേരിടുന്നുണ്ടെന്നു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
സാധന സാമഗ്രികള്‍ക്കുള്ള പേയ്‌മെന്റ് സംവിധാനത്തിനു രണ്ടു വര്‍ഷം മുന്‍പ് ഏര്‍പ്പെടുത്തിയ നിരക്ക് സംവിധാനം ഇപ്പോഴും ശാശ്വതമായി പരിഹരിച്ചിട്ടില്ല. അവിദഗ്ധ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് യഥാസമയം വേതനം നല്‍കാത്തത് ഗുരുതര പ്രശ്‌നമാണെന്ന് റിപ്പോര്‍ട്ടു ചൂണ്ടിക്കാട്ടി.
2024 ഡിസംബര്‍ മുതലുള്ള വേതന കുടിശിക മാര്‍ച്ചുമാസം കഴിഞ്ഞിട്ടും വിതരണം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. കാര്‍ഷിക മേഖലയെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക, ക്ഷീര കര്‍ഷകരെ പരിഗണിക്കുക
തുടങ്ങിയ ആവശ്യങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പദ്ധതിമൂലം ഗ്രാമീണ മേഖലയില്‍ വന്‍മാറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും റോഡു പ്രവ്യത്തികള്‍ക്ക് ആകെ ചെലവിന്റെ 30 ശതമാനം ചെലവഴിക്കാമെന്ന പുതിയ നിര്‍ദ്ദേശം സ്വാഗതാര്‍ഹമാണെന്നും പ്രവൃത്തിസ്ഥലത്തു അപകടമരണമുണ്ടാകുന്ന തൊഴിലാളികള്‍ക്ക് എക്‌സ് ഗ്രേഷ്യയായി രണ്ടു ലക്ഷം രൂപ നല്‍കാമെന്ന നിര്‍ദ്ദേശം മുന്‍കാല പ്രാബല്യത്തോടെ നടപ്പിലാക്കാനും തീരുമാനിച്ചിട്ടുണ്ട്.
തൊഴിലുറപ്പ് പ്രവൃത്തി ദിവസം ഗ്രാമപഞ്ചായത്തിന്റെ യോഗത്തില്‍ പങ്കെടുത്തു ഇരട്ട വേതനം
കൈപ്പറ്റിയ കൊന്നത്തടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലികുര്യച്ചനില്‍ നിന്നും 39
ദിവസത്തെ വേതനം 18 ശതമാനം പലിശ സഹിതം തിരിച്ചുപിടിക്കാന്‍ ഉത്തരവിട്ടു.
അയ്യപ്പന്‍കോവില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയ്‌മോള്‍ ജോണ്‍സണ്‍, അംഗങ്ങളായ നിഷ ബിനോയ്, മിനി നന്ദകുമാര്‍ എന്നിവരില്‍ നിന്നും ഇരട്ടവേതനം തിരിച്ചടക്കുന്നതിനും തീരുമാനിച്ചു. മസ്റ്റര്‍ റോള്‍ സീറോ ആക്കിയതിനെ തുടര്‍ന്ന് വേതനം നഷ്‌പ്പെട്ട 24 തൊഴിലാളികള്‍ക്ക് 223 ദിവസത്തെ വേതനം അക്കൗണ്ടന്റില്‍ നിന്നും തിരിച്ചുപിടിച്ചു തൊഴിലാളികള്‍ക്കു നല്‍കുന്നതിനും ഉത്തരവു നല്‍കിയെങ്കിലും ഇതുവരേയും നടപ്പിലാക്കിയിട്ടില്ല.
വാത്തിക്കുടി, വണ്ടിപ്പെരിയാര്‍, കരുണാപുരം, വെള്ളത്തൂവല്‍, ഉടുമ്പന്നൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലും വേതനം തിരിച്ചു പിടിക്കാന്‍ ഉത്തരവു നല്‍കി. പ്രവൃത്തി സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് അപാകത കണ്ടെത്തിയതും പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തിലും വാത്തിക്കുടി, കഞ്ഞിക്കുഴി, ബൈസണ്‍വാലി, അടിമാലി, അയ്യന്‍കോവില്‍ എന്നിവിടങ്ങളിലും സോഷ്യല്‍ ഓഡിറ്റ് റിപ്പോര്‍ട്ടിന്മേല്‍ ഇടവെട്ടി പഞ്ചായത്തിലും ഓംബുഡ്‌സ്മാന്‍ സ്വമേധയാ കേസെടുത്തു.
വാത്തിക്കുടി, കൊന്നത്തടി, പാമ്പാടുംപാറ എന്നിവിടങ്ങളിലെ മേറ്റുമാരെ വിവിധ കാലയളവിലേയ്ക്ക് മേറ്റ് സ്ഥാനത്തുനിന്നും നീക്കം ചെയ്തു.
കഞ്ഞിക്കുഴി പഞ്ചായത്തില്‍ കിണര്‍ കുഴിച്ചതുമായ പ്രശ്‌നത്തില്‍ അക്രെഡിറ്റഡ് എഞ്ചിനീയര്‍, ഓവര്‍സിയര്‍ എന്നിവരെ ആറ് മാസത്തേയ്ക്ക് സസ്‌പെന്റ് ചെയ്തു.
ഉപ്പുതറ, ബൈസണ്‍വാലി, കൊക്കയാര്‍ പഞ്ചായത്തിലെ അക്രഡിറ്റ് എഞ്ചിനീയര്‍, ഓവര്‍സിയര്‍, ഇടവെട്ടിയിലെ അസിസ്റ്റന്റ് സെക്രട്ടറി,അസിസ്റ്റന്റ് എഞ്ചിനീയര്‍, ഓവര്‍സിയര്‍, കഞ്ഞിക്കുഴിയിലെ അക്കൗണ്ടന്റ്, ബി.എഫ്.റ്റിമാര്‍ എന്നിവര്‍ക്കും താക്കീതു നല്‍കി.
പ്രധാന മന്ത്രി ആവാസ് യോജന(ഗ്രാമീണ്‍) പദ്ധതിയില്‍ 2024-25 ല്‍ ഒന്‍പത് പരാതികള്‍ ലഭിക്കുകയും
തീര്‍പ്പാക്കുകയും ചെയ്തു. രണ്ടുവര്‍ഷത്തെ ഇടവേളക്കുശേഷം ഈ വര്‍ഷം ജില്ലയ്ക്ക് 13189
വീടുകള്‍ പുതുതായി നിര്‍മ്മിക്കുന്നതിനു ടാര്‍ജറ്റ് നല്‍കിയിട്ടുണ്ട്.
ഗ്രാമ-ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളില്‍ മതിയായ പദ്ധതി വിഹിതം ലഭ്യമല്ലാത്തതും സംസ്ഥാന വിഹിതം ലഭിക്കാത്തതും പുതിയ വീടുകളുടെ നിര്‍മ്മിതിക്കു തടസ്സമുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. സ്വന്തം പേരില്‍ ഭൂമിയില്ലാത്തതും ഗുരുതരമായ പ്രശ്‌നമാണ്. 2021-22 ല്‍ അനുവിച്ച വീടുകള്‍ ഇപ്പോഴും പൂര്‍ത്തികരിക്കാത്തതും പരിശോധിക്കണമെന്നു വാര്‍ഷിക റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നു.
ലഭിക്കുന്ന പരാതികള്‍ കേന്ദ്രസര്‍ക്കാരിന്റെ ഓംബുഡ്‌സ്മാന്‍ ആപ്പിലും അവാര്‍ഡുകള്‍
ഓംബുഡ്‌സ്മാന്‍ ലോഗിനിലും അപ്പ്‌ലോഡ് ചെയ്യുന്നുണ്ട്. സാങ്കേതിക തടസ്സങ്ങള്‍ മൂലം ഇതു
പൂര്‍ണ്ണമായും ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടു ചൂണ്ടിക്കാട്ടുന്നു.
തൊഴിലുറപ്പ് പദ്ധതി, പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) പദ്ധതികളെ സംബന്ധിച്ചു
പുതിയ പരാതികള്‍ ഓംബുഡ്‌സ്മാന്‍ ഓഫീസ്, മഹാത്മഗാന്ധി എന്‍.ആര്‍.ഇ.ജി.എസ്, പൈനാവ്
പി.ഒ-685603 എന്ന വിലാസത്തില്‍ സാധാരണ തപാലിലോ ombudsmanidk@gmail.com എന്ന
ഇ-മെയില്‍ വിലാസത്തിലോ അയക്കാം.
- Log in to post comments