Skip to main content
രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷീക പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച മുഖ്യമന്ത്രിയുടെ കണ്ണൂർ ജില്ലാതല യോഗം

സർക്കാറിന്റെ നാലാം വാർഷികം: ജില്ലാതലയോഗം സമസ്ത മേഖലയിലും സമഗ്ര വികസനം, ആഭ്യന്തര ഉത്പാദനം  13,10,000 കോടിയായി ഉയർന്നു: മുഖ്യമന്ത്രി 

സംസ്ഥാനത്ത് സമസ്ത മേഖലകളിലും സമഗ്ര വികസനം കൊണ്ടുവരാൻ കഴിഞ്ഞെന്നും 2016ൽ മൊത്തം ആഭ്യന്തര ഉത്പാദനം 5,60,000 കോടി ആയിരുന്നത് ഇപ്പോൾ അത് 13,10,000 കോടി ആയി ഉയർന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിൽ നടന്ന ജില്ലാതല യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 
2023-24 വർഷം 70 ശതമാനത്തിലധികം തനത് വരുമാനത്തിൽ വർധനവാണ് സംസ്ഥാനം നേടിയത്. തനത് വരുമാനം 2016 ൽ 55,000 കോടി ആയിരുന്നത് 104,000 കോടിയായി ഉയർന്നു. കഴിഞ്ഞ വർഷങ്ങളിൽ നികുതി വരുമാനത്തിൽ വൻ വർധനവാണ് ഉണ്ടായത്. 2016ൽ നികുതി വരുമാനം 47,000 കോടി ആയിരുന്നത് കഴിഞ്ഞ വർഷം 81,000 കോടിയായി ഉയർന്നു. ഇത് അഭിമാനകരമായ നേട്ടമാണ്. എന്നാൽ ഇവ സമൂഹത്തിന്റെ മുന്നിൽ ഉയർന്നു വരാറില്ല. അറിയിക്കേണ്ടവർ മറച്ചു വെക്കാനുള്ള ശ്രമമാണ് നടത്തുന്നത്. കടം വല്ലാതെ പെരുകുന്നു എന്നാണ് പ്രചരണം. എന്നാൽ സംസ്ഥാനത്തെ പൊതു കടവും ആഭ്യന്തര ഉത്പാദനവും തമ്മിലുള്ള അന്തരം 36 ശതമാനമായിരുന്നത് 34 ശതമാനമായി കുറഞ്ഞു. ഇനിയും കുറയും എന്നതാണ് വസ്തുത. മറ്റു പല സംസ്ഥാനങ്ങളിലും സംസ്ഥാന ചെലവ് കുറവും കേന്ദ്ര ചെലവ് കൂടുതലുമാണ്. നമ്മുടെ സംസ്ഥാനത്തോടുള്ള പ്രത്യേക നിലപാട് കാരണമാണ് 70 ശതമാനം ചെലവാക്കേണ്ടി വരുന്നത്. ഈ സാമ്പത്തിക വർഷം ഇത് 75 ശതമാനമായി ഉയരാൻ ഇടയുണ്ട്. അപ്പോൾ നമ്മുടെ സംസ്ഥാനത്തിന്റെ ബാധ്യത കൂടുകയും കേന്ദ്രത്തിന്റെ കുറഞ്ഞു വരികയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ പിടിച്ചുനിൽക്കാൻ കഴിയുന്നത് ആഭ്യന്തര ഉൽപാദനം വർധിച്ചതുകൊണ്ടാണ്. റിസർവ് ബാങ്ക് പുറത്തു വിട്ട കണക്ക് അനുസരിച്ച് സംസ്ഥാനത്തിന്റെ പ്രതിശീർഷ വരുമാനം 228000 ആയി ഉയർന്നു. 2016 ൽ ഇത് 148,000 ആയിരുന്നു. കേരളത്തിന്റെ വികസനം ഏതു രീതിയിലാണ് നടക്കുന്നത് എന്നതിലേക്കുള്ള ചൂണ്ടു പലകയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

2016 മെയിൽ അധികാരത്തിൽ വന്ന  സർക്കാർ കേരളത്തിന്റെ സമീപകാല ചരിത്രം തിരുത്തി. അതിനാൽ ജനങ്ങൾ തുടർ ഭരണം നൽകി. 2021 മെയ് മാസത്തിലാണ് ഇപ്പോഴത്തെ സർക്കാർ അധികാരത്തിൽ വരുന്നത്. അതിനു മുൻപ് ഇരുന്ന സർക്കാരിന്റെ തുടർച്ച എന്ന നിലയ്ക്ക് ഇതിനെ കാണണം. 2025 ൽ നാലാം വാർഷികമാണ് ആഘോഷിക്കുന്നതെങ്കിലും 2016 മുതലുള്ള കണക്ക് കൂട്ടിയാൽ പത്താം വർഷത്തിലേക്ക് കടക്കുകയാണ്. ഈ നിലയ്ക്ക് സ്വാഭാവികമായും 2016 ലെ സാഹചര്യം അത്രവേഗം മറക്കുവാൻ ഇടയില്ല. എല്ലാ മേഖലകളിലും പുരോഗതി തടയപ്പെട്ട നിലയിലായിരുന്നു സംസ്ഥാനം. അടിസ്ഥാന മേഖലകളിൽ ഉൾപ്പെടെ എല്ലാ മേഖലകളും തളർച്ചയിലായി. കേരളത്തിന് കാലാനുസൃതമായ വികസന പുരോഗതി നേടാനായില്ല. അവിടെ നിന്ന് 2016 ലെ തിരഞ്ഞെടുപ്പിന് ശേഷം കേരളം ഏത് രീതിയിൽ പുതുക്കി പണിയണം, പ്രശ്നങ്ങൾ എങ്ങനെ നേരിടും എന്ന് ഇടതു മുന്നണി  ആലോചിക്കുകയും പ്രകടന പത്രികയായി ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുകയും ചെയ്തു. 2016ൽ എൽഡിഎഫ് പ്രകടന പത്രികയിൽ പറഞ്ഞ വാഗ്ദാനങ്ങൾ കൃത്യമായി ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുകയും അവ നടപ്പാക്കുകയും ചെയ്യണമെന്ന് സർക്കാർ തീരുമാനമെടുത്തു. ഇത്തരത്തിൽ 600 ഇനങ്ങളാണ് ജനങ്ങൾക്ക് മുന്നിൽ വെച്ചത്. ഇത് രാജ്യത്തിന്റെ ചരിത്രത്തിലും ലോകചരിത്രത്തിൽ പോലും പുതിയ സമ്പ്രദായമായി. ഇത്തരത്തിൽ ജനങ്ങൾക്ക് മുന്നിൽ വെച്ച വാഗ്ദാനങ്ങളിൽ വളരെ ചുരുക്കം ഒഴിച്ചു ഭൂരിഭാഗവും നടപ്പാക്കി. അതിനുശേഷം എന്താണോ വാഗ്ദാനം ചെയ്തത് അത് എത്ര കണ്ട് നടപ്പാക്കി എന്ന് ജനങ്ങളെ അറിയിച്ചു. 2021 ആയപ്പോഴേക്കും വിരലിലെണ്ണാവുന്നവ ഒഴിച്ച് ബാക്കിയുള്ളവ നടപ്പാക്കി. ഇപ്പോൾ സർക്കാർ നാലാം വർഷത്തിലേക്ക് കടക്കുകയാണ്. അതുമായി ബന്ധപ്പെട്ട പ്രോഗ്രസ് റിപ്പോർട്ട് തയ്യാറാക്കുന്ന നടപടികളാണ് നടക്കുന്നത്. എത്ര എണ്ണം പൂർണമായി നടപ്പാക്കപ്പെട്ടുവെന്നും ശേഷിക്കുന്നവ കൂടി നടപ്പാക്കുന്നതിനും സർക്കാർ പദ്ധതികൾ ആവിഷ്‌കരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

നിപ്പ, ഓഖി, 2018ലെ പ്രളയം 2019ലെ കാലവർഷക്കെടുതി, കോവിഡ് മഹാമാരി എല്ലാം നമ്മുടെ നാടിന്റെ തകർച്ചക്കിടയാക്കുന്ന കാര്യങ്ങളായിരുന്നു. അതിനെ അതിജീവിക്കുക എന്ന പ്രശ്നം വന്നു. അത്തരം ഒരു ഘട്ടത്തിൽ സഹായം ചെയ്യാൻ ബാധ്യതപ്പെട്ടവർ സഹായിച്ചില്ലെന്ന് മാത്രമല്ല, മുന്നോട്ട് വന്നവരെ തടയുകയും ചെയ്തു. നമ്മളുടെ നാട് തകർന്നു പോകുമെന്നാണ് നമ്മളെ സ്നേഹിക്കുന്ന സുഹൃദ് രാജ്യങ്ങൾ കരുതിയത്. എന്നാൽ ലോകം തന്നെ ആശ്ചര്യപ്പെടുന്ന തരത്തിൽ നമ്മൾ അതിജീവിച്ചു. എങ്ങനെ സാധ്യമായെന്ന് ലോകം അമ്പരന്നു. സംസ്ഥാനത്തിലെ എല്ലാ ജനങ്ങളുടെയും ഒത്തൊരുമ കൊണ്ടാണ് ഇത് സാധ്യമായത്. നാടിന്റെ പുരോഗതിക്ക് ഏത് അസാധ്യമായതും സാധ്യമാക്കുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത്. പശ്ചാത്തല വികസനം, വിദ്യാഭ്യാസം, ആരോഗ്യം, ക്ഷേമപ്രവർത്തനങ്ങൾ എന്നിവയിലെ പുരോഗതി, ജനങ്ങളുടെ ജീവിത സാഹചര്യങ്ങളിൽവന്ന മാറ്റം എന്നിങ്ങനെ സാക്ഷ്യപത്രങ്ങൾ ഏറെയാണ്.  എന്നാൽ ഈ കാര്യങ്ങൾ ജനങ്ങളുടെ മുന്നിൽ എത്താറില്ല. മറ്റൊരു രീതിയിലുള്ള ശ്രമമാണ് നടക്കുന്നത്. സഹായം കിട്ടിയില്ല. ബുദ്ധിമുട്ടിക്കാനുള്ള ശ്രമമാണ് നടന്നു വരുന്നത്. ഇത്തരം കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കേണ്ടവർ പോലും മറ്റൊരു രീതിയിലാണ് കാര്യങ്ങളെ അവതരിപ്പിക്കുന്നത്. കേരളം വലിയ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുകയാണ് ഒരു പ്രവർത്തനങ്ങളും നടക്കുന്നില്ല തുടങ്ങിയ പ്രചാരണവും നടക്കുന്നു. സംസ്ഥാനം നേടിയ പുരോഗതി മറച്ചുവെക്കാനുള്ള ബോധപൂർവ്വമായ ശ്രമം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

ചെറുപ്പക്കാരുടെ ഏറ്റവും വലിയ ആഗ്രഹമാണ് ഐ. ടി രംഗത്തെ വികസനം. ഈ രംഗത്ത് കേരളമാണ് തുടക്കമിട്ടത്. തിരുവനന്തപുരം ടെക്‌നോപാർക്ക് ആയിരുന്നു രാജ്യത്തെ ആദ്യ ടെക്‌നോപാർക്ക്. എന്നാൽ അതിനു ശേഷം വിചാരിച്ചതുപോലെ മുന്നോട്ട് പോകാനായില്ല. ഈ രംഗത്തിന്റെ വളർച്ചയിൽ ഗുരുതര മരവിപ്പും സ്തംഭനവും ഉണ്ടായി. മറ്റു പല സംസ്ഥാനങ്ങളും മുന്നോട്ട് പോയി. 2016 ൽ ഐ ടി പാർക്കിൽ 604 കമ്പനികളാണ് ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ 1106 ആയി ഉയർന്നു. 2016 ൽ ഈ മേഖലയിൽ ജോലിസാധ്യത 78068 ആയിരുന്നെങ്കിൽ ഇപ്പോൾ 148,000 ആണ്. ഐടി സോഫ്റ്റ് വെയർ കയറ്റുമതി 34000 കോടിയിൽ നിന്ന് 90,000 കോടിയായി ഉയർന്നു. നമ്മുടെ സംസ്ഥാനം സ്റ്റാർട്ടപ്പുകളുടെ പറുദീസയാണ്. ഏഷ്യയിലെ ഏറ്റവും മികവാർന്ന സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥ സംസ്ഥാനത്താണ്. എണ്ണം നോക്കിയാൽ 2016 ൽ 3000 സ്റ്റാർട്ടപ്പുകൾ മാത്രമുണ്ടായിരുന്നിടുത്ത് ഇപ്പോൾ 6300 സ്റ്റാർട്ടപ്പുകളാണ് ഉള്ളത്. ഇതിന്റെ ഭാഗമായി 5800 കോടി രൂപയുടെ നിക്ഷേപമാണ് സംസ്ഥാനത്തേക്ക് വന്നത്-60,000 തൊഴിലവസരങ്ങളും. സംസ്ഥാനത്താകെ മൂന്ന് സയൻസ് പാർക്കുകളാണ്. അതിൽ ഒന്ന് കണ്ണൂരാണ്. 600 കോടി രൂപയുടെ നിക്ഷേപമാണ് ഉണ്ടാകുന്നത്. പുതിയ ഐ ടി പാർക്ക് സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു. ഇതെല്ലാം കാണിക്കുന്നത് നമ്മുടെ നാട് ആധുനിക വിജ്ഞാനോല്പാദനത്തിന്റെ കേന്ദ്രമായി മാറുന്നുവെന്നാണ്. സോഫ്റ്റ് വെയർ രംഗത്ത് നാം നേരത്തെ വളർച്ച കൈവരിച്ചതാണ്. 2016 ൽ 12 ശതമാനം മാത്രം വളർച്ച ഉണ്ടായിരുന്ന വ്യവസായ മേഖല ഇപ്പോൾ 17 ശതമാനം വളർച്ചയിലാണ്. തിരുവനന്തപുരത്തെ ഇന്റർനാഷണൽ അഡ്വാൻസ്ഡ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് വലിയതോതിൽ വികസിച്ചു വരുന്നു. രാജ്യത്തെ ആദ്യ ഡിജിറ്റൽ യൂണിവേഴ്സിറ്റി, ഡിജിറ്റൽ സയൻസ് പാർക്ക്, കൊച്ചി വാട്ടർ മെട്രോ, കല്ല്യാട് ഇന്റർനാഷണൽ ആയുർവേദ റിസർച്ച് സെന്റർ ഉൾപ്പെടെ നമ്മുടെ കേരളം രാജ്യത്തിന് മാതൃകയായ ഒരുപാട് കാര്യങ്ങൾ നിർവഹിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നമ്മുടെ രാജ്യം അതീവ ഗുരുതരാവസ്ഥ നേരിടുന്ന സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത്. രാജ്യത്തിന്റെ അഖണ്ഡതയെയും പരമാധികാരത്തെയും പോറൽ ഏൽപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്. രാജ്യത്ത് ഭീകരാക്രമണം നടക്കുന്ന സാഹചര്യത്തിൽ രാജ്യം നടത്തുന്ന എല്ലാ നടപടികളിലും അണിചേരുക ഏറ്റവും പ്രധാനമാണ.് ഭീകരാക്രമണത്തിൽ ഒട്ടേറെ സഹോദരങ്ങൾക്ക് ജീവൻ വെടിയേണ്ടി വന്നു. വേർപാടിൽ അഗാധമായ ദുഃഖവും അനുശോചനവും അക്രമ സംഭവത്തിൽ കടുത്ത പ്രതിഷേധവുമുള്ളവരാണ് നാം. അയൽ രാഷ്ട്രങ്ങളുമായി നല്ല ബന്ധം പുലർത്തണമെന്നാണ് ആഗ്രഹിക്കുന്നത് പക്ഷേ വിപരീത ദിശയിലാണ് പലപ്പോഴും കാര്യങ്ങൾ നീങ്ങുന്നത്. ഇന്ത്യയെ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങളും രാജ്യം ഗൗരവമായി കാണുന്നു. നല്ല രീതിയിൽ പ്രതിരോധിക്കാൻ രാജ്യത്തിന് കഴിഞ്ഞു. പ്രതിരോധ നടപടികളിൽ പൂർണമായി സഹകരിക്കുകയാണ് എല്ലാ ഇന്ത്യക്കാരും ഇപ്പോൾ ചെയ്യേണ്ടത്. രാജ്യം അതീവ ഗുരുതരമായ സാഹചര്യം നേരിടുമ്പോൾ നമ്മളും അതോടൊപ്പം അണി നിരക്കേണ്ടതായുണ്ട്. ഈ സാഹചര്യത്തിൽ കേരളം എത്തരത്തിൽ ആയിരിക്കണമെന്ന് സംബന്ധിച്ച് മന്ത്രിസഭാ യോഗം ചേർന്ന് തീരുമാനിക്കും. നമ്മുടെ സഹോദരങ്ങൾ രാജ്യത്തിന്റെ പല ഭാഗങ്ങളിലായി ലോകത്തിന്റെ പലഭാഗങ്ങളിലായി ഉണ്ട്. ഇപ്പോൾ നടക്കുന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് നിരവധി പേരാണ് ബന്ധപ്പെടാൻ ശ്രമിക്കുന്നത്. ഇത്തരത്തിലുള്ള വിവരങ്ങൾ ലഭ്യമാക്കുന്നതിനായി സർക്കാർ പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തും. ആവശ്യമായ എല്ലാ സഹായങ്ങളും പ്രശ്നം അനുഭവിക്കുന്നവർക്ക് നൽകുക എന്നണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജില്ലാതല യോഗത്തിൽ രജിസ്ട്രേഷൻ, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനായി. നാടിന്റെ മുന്നേറ്റവും വികസനങ്ങളും കൂടുതൽ ശ്രദ്ധകൊടുക്കേണ്ട വിഷയങ്ങളും സമൂഹത്തിലെ വിവിധ മേഖലകളിലെ പ്രതിനിധികൾ മുഖ്യമന്ത്രിക്ക് മുമ്പിൽ അവതരിപ്പിച്ചു. ടി പദ്മനാഭൻ, എം മുകുന്ദൻ, കൈതപ്രം ദാമോദരൻ നമ്പൂതിരി, പണ്ഡിറ്റ് രമേശ് നാരായണൻ, പ്രൊഫ. യു.സി മജീദ്, കെ.കെ മാരാർ, പി.കെ മായിൻ മുഹമ്മദ് (വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്സ്), ഹോട്ടൽ റസ്റ്റോറന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.പി ബാലകൃഷ്ണ പൊതുവാൾ, യങ് എന്റ്ര്പ്രണർഷിപ്പ് ഫോറം ചെയർമാൻ നിർമ്മൽ നാരായണൻ, ആന്തൂർ നഗരസഭ ഹരിത കർമ്മസേന കൺസോർഷ്യം സെക്രട്ടറി ടി.വി സുമ, ചേംബർ ഓഫ് കോമേഴ്സ് പ്രസിഡന്റ് ടി.കെ രമേശ് കുമാർ, കാത്തലിക് കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാ.ഫിലിപ്പ് കാവിയൽ, ഫുട്‌ബോൾ താരം ബിനീഷ് കിരൺ, കുസാറ്റ് ശാസ്ത്രഞ്ജൻ എം.ജി മനോജ്, മീറ്റ് പ്രൊഡക്ട്‌സ് ഓഫ് ഇന്ത്യ മുൻ എംഎഡി ഡോ പി.വി മോഹനൻ, കണ്ണൂർ യൂണിവേഴ്‌സിറ്റി ചെയർപേഴ്‌സൺ കെ ആര്യ  എന്നിവർ മുഖാമുഖം പരിപാടിയിൽ മുഖ്യമന്ത്രിയോട് സംവദിച്ചു. 

ഡോ.വി ശിവദാസൻ എംപി, എംഎൽഎമാരായ എം. വി ഗോവിന്ദൻ മാസ്റ്റർ, കെ കെ ശൈലജ ടീച്ചർ, ടി ഐ മധുസൂദനൻ, കെ.പി മോഹനൻ, കെ.വി സുമേഷ്, എം വിജിൻ, സംസ്ഥാന ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ വി. കെ രാമചന്ദ്രൻ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി, ഗവ. സെക്രട്ടറി കേശവേന്ദ്രകുമാർ, ജില്ലാ കലക്ടർ അരുൺ കെ വിജയൻ, മുൻ മന്ത്രി ഇ.പി ജയരാജൻ, എസ് ആർ ഡി പ്രസാദ്, പി ശശി, എം.വി ജയരാജൻ, വിനോദിനി ബാലകൃഷ്ണൻ, സന്തോഷ് കീഴാറ്റൂർ, സുബീഷ് സുധി, കാസിം ഇരിക്കൂർ, ഉണ്ണി കാനായി, കൃഷ്ണാനന്ദ ഭാരതി, രതീഷ് പല്ലവി, നാരായണ പെരുവണ്ണാൻ, ഡോ സുമിത നായർ, അറക്കൽ ആദിരാജ ഹമീദ്, ഹുസൈൻ കോയമ്മ, ഫാദർ സെബാസ്റ്റ്യൻ പാലാക്കുഴിയിൽ, ഫാദർ ക്ലാരൻസ് പാലിയേത്ത് തുടങ്ങി എഴുനൂറിലേറെ പേർ യോഗത്തിൽ പങ്കെടുത്തു. ജില്ലാ കലക്ടർ അരുൺ കെ വിജയൻ സ്വാഗതവും ഡോ. വി ശിവദാസൻ എംപി നന്ദിയും പറഞ്ഞു.

date