Skip to main content

അനധികൃതമായി പ്രവേശന നടപടികൾ കണ്ടെത്തിയാൽ സ്കൂളുകളുടെ അംഗീകാരം റദ്ദാക്കും: മന്ത്രി വി. ശിവൻകുട്ടി

 

*സംസ്ഥാന സ്‌കൂൾ പ്രവേശനോത്സവം സ്വാഗതസംഘം രൂപീകരണയോഗം ആലപ്പുഴയിൽ ചേർന്നു 

 

 സ്‌കൂളുകൾ അനധികൃതമായി പ്ലസ് വൺ പ്രവേശനം നടത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ആലപ്പുഴ കലവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ ചേർന്ന സംസ്ഥാന സ്‌കൂൾ പ്രവേശനോത്സവത്തിന്റെ സ്വാഗതസംഘ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സ്‌കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ രണ്ടിന് കലവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

 

പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ സർക്കുലർ ഇറക്കിയിട്ടുണ്ട്. അത് പാലിക്കാതെ പ്രവേശനം നടത്തുന്നത് നിയമവിരുദ്ധമാണ്. സർക്കാർ നിർദേശങ്ങൾക്ക് വിരുദ്ധമായി പ്രവേശനം നടത്തിയാൽ സ്‌കൂളുകൾക്ക് അംഗീകാരം നൽകുന്നതുപോലെതന്നെ അത് റദ്ദാക്കാനുമുളള അധികാരവും പൊതു വിദ്യാഭ്യാസ വകുപ്പിനുണ്ട്. അതുകൊണ്ടുതന്നെ ഇനി കേരളത്തിൽ വിദ്യാഭ്യാസം കച്ചവടം ആക്കി മാറ്റാമെന്ന് ആരും ചിന്തിക്കേണ്ടെന്നും മന്ത്രി പറഞ്ഞു.

 

 2016 വരെ കേരളത്തിന്റെ വിദ്യാഭ്യാസരംഗം വളരെ ശോചനീയമായിരുന്നു. സ്‌കൂളുകൾ അടച്ചുപൂട്ടുന്നത് കണ്ട് തങ്ങളുടെ മക്കളുടെ വിദ്യാഭ്യാസം ഓർത്ത് മാതാപിതാക്കൾ വ്യസനപ്പെട്ടിരുന്നു. എന്നാൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിൽ വന്നതോടെ കേരളത്തിന്റെ വിദ്യാഭ്യാസരംഗത്ത് സമൂലമായ മാറ്റമാണ് ഉണ്ടായത്. അയ്യായിരം കോടിയിലേറെ രൂപയാണ് വിദ്യാഭ്യാസമേഖലയുടെ വളർച്ചയ്ക്ക് സർക്കാർ ഇതുവരെ ചെലവഴിച്ചതെന്നും മന്ത്രി പറഞ്ഞു.

 

 യോഗത്തിൽ പി. പി ചിത്തരഞ്ജൻ എംഎൽഎ അധ്യക്ഷത വഹിച്ചു. എംഎൽഎമാരായ എച്ച് സലാം, എം.എസ് അരുൺകുമാർ,ദലീമ ജോജോ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ഡി മഹീന്ദ്രൻ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എം.വി പ്രിയ, ജില്ലാ പഞ്ചായത്ത് അംഗം ആർ റിയാസ്, ആലപ്പുഴ നഗരസഭ അധ്യക്ഷ കെ. കെ ജയമ്മ, മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ടി.വി അജിത് കുമാർ, പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ്, എ. ഡി.എം ആശാ സി എബ്രഹാം, പൊതു വിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ ആർ. എസ് ഷിബു, വിദ്യാഭ്യാസ ഉപഡയറക്ടർ ഇ. എഫ് ശ്രീലത, തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

 

സംസ്ഥാന പ്രവേശനോത്സവത്തിന്റെ നടത്തിപ്പിനായുള്ള സംഘാടകസമിതി 

 

 മന്ത്രിമാരായ വി.ശിവൻകുട്ടി, സജി ചെറിയാൻ, പി.പ്രസാദ്, എം.പിമാരായ കെ.സി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ് എന്നിവരെ രക്ഷാധികാരികളായും പി. പി ചിത്തരഞ്ജൻ എംഎൽഎയെ ചെയർമാനായും, എം.എൽ.എമാരായ രമേശ് ചെന്നിത്തല, എച്ച് സലാം, യു പ്രതിഭ, എം.എസ് അരുൺ കുമാർ, ദലീമ ജോജോ, തോമസ് കെ തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി, ജില്ലാ കളക്ടർ അലക്‌സ് വർഗീസ്, ജില്ലാ പോലീസ് മേധാവി എം. പി മോഹനചന്ദ്രൻ, തദ്ദേശസ്ഥാപന അധ്യക്ഷന്മാർ എന്നിവരെ വൈസ് ചെയർമാൻമാരായും വിപുലമായ സംഘാടക സമിതി രൂപവത്കരിച്ചിട്ടുണ്ട്. '

date