Skip to main content

സാമൂഹ്യ തിന്മകള്‍ക്കെതിരെ വനിതകളുടെ സംഗീത നാടക ശില്‍പം

സമൂഹത്തിലെ ദുഷ്പ്രവണതകള്‍ക്കെതിരെ തിരിച്ചുവെച്ച കണ്ണാടിയായി പേരാവൂര്‍ ഗ്രാമപഞ്ചായത്തിന്റെ വനിതകളുടെ സംഗീത നാടക ശില്‍പം. വ്യദ്ധ മാതാപിതാക്കളെ നടതള്ളല്‍, ലഹരി ഉപയോഗം, സ്ത്രീകള്‍ക്ക് നേര്‍ക്കുള്ള അതിക്രമം, അന്ധവിശ്വാസങ്ങള്‍, പ്രണയക്കെണി തുടങ്ങിയ വിവിധ സാമൂഹ്യ തിന്മകള്‍ക്കെതിരെയുള്ള ശക്തമായ സന്ദേശമായിരുന്നു എന്റെ കേരളം പ്രദര്‍ശന മേളയോടനുബന്ധിച്ച് നടത്തിയ ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സംഗീത നാടകശില്‍പത്തില്‍ ഉയര്‍ന്നുവന്നത്. നൃത്തവും നാടകവുമായി ഈ വീട്ടമ്മമാര്‍ കാണികളുടെ മനം കവര്‍ന്നു. പേരാവൂര്‍ ഗ്രാമപഞ്ചായത്തിന്റെ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വനിതകളുടെ 'കനല്‍ ചിന്തുകള്‍' എന്ന സംഗീത നാടക ശില്‍പത്തിന് രൂപം കൊടുത്തത്. വി.കെ കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, രവി എഴോം എന്നിവര്‍ ചേര്‍ന്നാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഏപ്രില്‍ 29 ന് ആരംഭിച്ച് പേരാവൂര്‍ ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും സംഗീത നാടക ശില്‍പം പര്യടനം നടത്തിക്കഴിഞ്ഞു.

date