Skip to main content

ക്‌ഷേത്രപ്രവേശന വിളംബരം 82ാം വാര്‍ഷികം ജില്ലാതല ആഘോഷത്തിന് ഇന്ന് തുടക്കം 10,11, 12 തീയതികളില്‍ ചിത്ര- ചലച്ചിത്ര പ്രദര്‍ശനവും  കലാസായാഹ്നവും 

 

കൊച്ചി: ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് ജില്ലയില്‍ ഇന്ന് തുടക്കം. എറണാകുളം വിമന്‍സ് അസോസിയേഷന്‍ ഹാളിലും ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടിലുമായാണ് പ്രധാന പരിപാടികള്‍ നടക്കുന്നത്. ആഘോഷപരിപാടികളുടെ ഉദ്ഘാടനം ഇന്നു (നവംബര്‍ 10) വൈകിട്ട് നാലിന് വിമന്‍സ് അസോസിയേഷന്‍ ഹാളില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി. രവീന്ദ്രനാഥ് നിര്‍വഹിക്കും. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ചിത്രങ്ങളുടെ പ്രദര്‍ശനവും മന്ത്രി ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.

ജില്ലാ ഭരണകൂടം, ഇന്‍ഫര്‍മേഷന്‍  പബ്ലിക്ക് റിലേഷന്‍സ് വകുപ്പ്, കേരള ലളിതകലാ അക്കാദമി, പുരാവസ്തു, പുരാരേഖ വകുപ്പുകള്‍, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ എന്നിവ സംയുക്തമായാണ് പരിപാടികള്‍ നടത്തുന്നത്. നവോത്ഥാനമൂല്യങ്ങള്‍, പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ കേന്ദ്രമാക്കി സി കെ ഉദയകുമാറിന്റെ ചിത്രപ്രദര്‍ശനവും ഉണ്ടായിരിക്കും.

ആഘോഷപരിപാടികള്‍ക്ക് മുന്നോടിയായി ജില്ലയിലെ നവോത്ഥാന കേന്ദ്രങ്ങളിലൂടെ ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ദീപശിഖാ പ്രയാണം നടക്കും. പാലിയം ക്ഷേത്രനടയില്‍ ഇന്നു (നവംബര്‍ 10) രാവിലെ ഒമ്പതിന് ഗ്രന്ഥശാലാസംഘം സംസ്ഥാന പ്രസിഡന്റ് ഡോ. കെ.വി. കുഞ്ഞികൃഷ്ണന്‍ പ്രയാണം ഫഌഗ് ഓഫ് ചെയ്യും. വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ.കെ. ജോഷിയാണ് പ്രയാണം നയിക്കുന്നത്. ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് പി.ആര്‍ രഘു, സെക്രട്ടറി എം.ആര്‍. സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും. 

പറവൂരില്‍ രാവിലെ പത്തിന് കേസരി കോളേജ് മൈതാനം, 11ന് ചെറായി സഹോദരന്‍ അയ്യപ്പന്‍ സ്മൃതി, 12ന് ഞാറക്കലില്‍ പണ്ഡിറ്റ് കറുപ്പന്‍, പി.കെ. ബാലകൃഷ്ണന്‍ സ്മൃതി, മൂന്നു മണിക്ക് ഗോശ്രീ ജംഗ്ഷനില്‍ എ.ജി. വേലായുധന്‍ സ്മൃതി എന്നിവിടങ്ങളില്‍ പ്രയാണത്തിന് സ്വീകരണം നല്‍കും. നാലു മണിക്ക് ദര്‍ബാര്‍ ഹാള്‍ മൈതാനത്ത് സമാപിക്കും. വിമന്‍സ് അസോസിയേഷന്‍ ഹാളിലെ ഉദ്ഘാടനച്ചടങ്ങിന് ശേഷം വൈകിട്ട് ആറിന് ദര്‍ബാര്‍ ഹാള്‍ മൈതാനത്ത് പഞ്ചവാദ്യവും തോല്‍പ്പാവക്കൂത്തും അരങ്ങേറും. മറാത്തി ചിത്രമായ സായ്‌രാത് പ്രദര്‍ശനവും ഉണ്ടാകും. 66-മത് ബര്‍ലിന്‍ ഇന്റര്‍നാഷണല്‍ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ച സായ്‌രാത് സംവിധാനം ചെയ്തത്  നാഗരാജ് മഞ്ജുളെ ആണ്. നാഗരാജിന് ദേശീയ അവാര്‍ഡ് പ്രതേ്യക പരാമര്‍ശം ലഭിച്ചിരുന്നു. 

നാളെ (നവംബര്‍ 11) രാവിലെ പത്തിന് വിമന്‍സ് അസോസിയേഷന്‍ ഹാളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഉപന്യാസമത്സരം സംഘടിപ്പിക്കും. യു.പി--  ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കണ്ടറി-- കോളേജ് എന്നീ രണ്ട് വിഭാഗങ്ങളിലായാണ് മത്സരം. വൈകിട്ട് മൂന്നിന് ഭരണഘടനയും തുല്യനീതിയും എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. പ്രൊഫ. എന്‍. രമാകാന്തന്‍ മോഡറേറ്ററായ സെമിനാറില്‍ മുന്‍ എം.പി ഡോ. സെബാസ്റ്റ്യന്‍ പോള്‍, ഡക്കാന്‍ ക്രോണിക്കിള്‍ എക്‌സിക്യുട്ടീവ് എഡിറ്റര്‍ കെ.ജെ. ജേക്കബ്, അഡ്വ. മായാ കൃഷ്ണന്‍ എന്നിവര്‍ വിഷയാവതരണം നടത്തും. വൈകിട്ട് ആറിന് ദര്‍ബാര്‍ ഹാള്‍ മൈതാനത്ത് കോഴിക്കോട് ചേളന്നൂര്‍ ഗോത്രകലാഗ്രാമത്തിന്റെ പൊലിത്താളം. തുടര്‍ന്ന് ടി വി ചന്ദ്രന്റെ ഡാനി ചലച്ചിത്രം പ്രദര്‍ശിപ്പിക്കും.

നവംബര്‍ 12 വൈകിട്ട് മൂന്നിന് വിമന്‍സ് അസോസിയേഷന്‍ ഹാളില്‍ നവോത്ഥാനത്തിന്റെ നാള്‍വഴികള്‍ എന്ന വിഷയത്തില്‍ സെമിനാര്‍. കേരള മീഡിയ അക്കാദമി ഡയറക്ടര്‍ ഡോ. എം. ശങ്കര്‍ മോഡറേറ്ററാകുന്ന സെമിനാറില്‍ കാലടി സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ധര്‍മരാജ് അടാട്ട്, അഡ്വ. ഹരീഷ് വാസുദേവന്‍, റിപ്പോര്‍ട്ടര്‍ ടി.വി മാനേജിങ് എഡിറ്റര്‍ അഭിലാഷ് മോഹന്‍ എന്നിവര്‍ വിഷയാവതരണം നടത്തും. വൈകിട്ട് ആറിന് ദര്‍ബാര്‍ ഹാള്‍ മൈതാനത്ത് മുദ്ര സ്‌കൂള്‍ ഓഫ് പെര്‍ഫോമിംഗ് ആര്‍ട്‌സ് അവതരിപ്പിക്കുന്ന സത്യം വദ: കര്‍മം ചര: കാക്കാരിശ്ശി നാടകം. തുടര്‍ന്ന് അടൂര്‍ ഗോപാലകൃഷ്ണന്റെ കഥാപുരുഷന്‍ എന്ന ചലച്ചിത്രം പ്രദര്‍ശിപ്പിക്കും.

date