Skip to main content

പൊതുവിദ്യാലയങ്ങളില്‍ കിഡ്‌സ് അത്‌ലറ്റിക്‌സ്: ഉദ്ഘാടനം ഇന്ന് (നവംബര്‍ 10)

 

കൊച്ചി: കിഡ്‌സ് അത്‌ലറ്റിക്‌സിന്റെ സംസ്ഥാനതല ഉദ്ഘാടനം നവംബര്‍ 10 വൈകിട്ട് 5-ന് എസ്.ആര്‍.വി. (ഡി) എല്‍.പി. സ്‌കൂളില്‍ വിദ്യാഭ്യാസമന്ത്രി പ്രൊഫസര്‍ സി. രവീന്ദ്രനാഥ് നിര്‍വ്വഹിക്കും.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പശ്ചാത്തലത്തിലാണ് കിഡ്‌സ് അത്‌ലറ്റിക്‌സ് കേരളത്തിലെ വിദ്യാലയങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത്. സമഗ്ര വിദ്യാലയ വികസനപദ്ധതിയില്‍ സ്‌കൂളുകളുടെ പരിസരം കുട്ടികള്‍ക്ക് ശിശുസൗഹൃദപരമായ കളികളില്‍ ഏര്‍പ്പെടാനും സംഘപഠനത്തിനും, സംഘകളികള്‍ക്കും അനുയോജ്യമായ വിധത്തില്‍ മാറേണ്ടതുണ്ട്.  ആരോഗ്യമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പന്ത്രണ്ട് വയസില്‍ താഴെയുള്ള ഒന്നുമുതല്‍ ഏഴ് വരെ ക്ലാസുകളിലെ കുട്ടികള്‍ക്കായി അന്താരാഷ്ട്ര പ്രശസ്തി  ആര്‍ജ്ജിച്ച കിഡ്‌സ് അത്‌ലറ്റിക്‌സ്, പൊതുവിദ്യാലയങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത്. 

ലോകകായിക രംഗത്ത് ചെറിയ കുട്ടികളുടെ തലത്തിലുള്ള ശാസ്ത്രീയമായ ഏറ്റവും വലിയ കായികവികസനപദ്ധതിയാണ് കിഡ്‌സ് അത്‌ലറ്റിക്‌സ്. അപകടരഹിതമായി സംഘകളികളിലൂടെ പരിശീലിക്കുന്നതിനും തങ്ങളുടെ അഭിരുചിക്കിണങ്ങുന്ന കായിക ഇനങ്ങള്‍ കണ്ടെത്തുന്നതിനും ഇതിലൂടെ കുട്ടിക്ക് കഴിയുന്നു. വളരെ കുറഞ്ഞ കളിസ്ഥലം (ഉദ്ദേശം 20 സെന്റില്‍ താഴെ) മാത്രം ആവശ്യമുള്ള, അപകടം തീര്‍ത്തും ഇല്ലാത്ത രീതിയില്‍ കേരളീയമായി തയ്യാറാക്കപ്പെട്ട ഉപകരണങ്ങളുമായാണ് കേരളത്തില്‍ കിഡ്‌സ് അത്‌ലറ്റിക്‌സ് എത്തുന്നത്. 

സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തില്‍ കേരള അത്‌ലറ്റിക്‌സ് അസോസിയേഷനുമായി സഹകരിച്ചാണ് ഇത് നടപ്പാക്കുന്നത്. പഠനവിഷയങ്ങളുമായി ബന്ധപ്പെടുത്തി കായികവിദ്യാഭ്യാസം സാധ്യമാക്കാന്‍ കിഡ്‌സ് അത്‌ലറ്റിക്‌സിന് കഴിയുന്നുണ്ട്. സംസ്ഥാനതല പരിശീലനത്തെത്തുടര്‍ന്ന് 2018 നവംബര്‍ മാസത്തില്‍ ജില്ലാതല പരിശീലനങ്ങള്‍ നടക്കുകയാണ്. തുടര്‍ന്ന് ബി.ആര്‍.സി.കളിലൂടെയുള്ള പരിശീലനങ്ങളിലൂടെ വിദ്യാലയങ്ങളിലേക്ക് കിഡ്‌സ് അത്‌ലറ്റിക്‌സ് എത്തിച്ചേരും. കായികരംഗത്ത് പരിചയമില്ലാത്ത അധ്യാപകര്‍ക്കുപോലും അനായാസം കൈകാര്യം ചെയ്യാനാവൂം വിധം ഒരു കൈപ്പുസ്തകം കൂടി സമഗ്രശിക്ഷ കേരള തയ്യാറാക്കിയിട്ടുണ്ട്. കിഡ്‌സ് അത്‌ലറ്റിക്‌സ് കളിയുപകരണങ്ങള്‍ സ്‌കൂള്‍ മൈതാനത്ത് എത്തുന്നതോടെ കുട്ടികളിലെ കായികക്ഷമത ഉറപ്പുവരുത്താന്‍ കഴിയും.  

6 വയസുമുതല്‍ 12 വയസുവരെയുള്ള (1 മുതല്‍ 7 വരെ ക്ലാസുകള്‍) മുഴുവന്‍ കുട്ടികളുടേയും കായികക്ഷമത ഉറപ്പുവരുത്തുക, സമഗ്രവിദ്യാലയ വികസനപദ്ധതിയില്‍ സ്‌കൂള്‍ ക്യാമ്പസ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുക, ടാലന്റ് ലാബുമായി ബന്ധപ്പെട്ട് ഓരോ കുട്ടിയുടേയും കായികമേഖലയിലുള്ള കഴിവുകള്‍ തിരിച്ചറിയുക, പഠനപ്രവര്‍ത്തനവുമായി ബന്ധപ്പെടുത്തി കായിക പരിശീലനം കളികളിലൂടെ സാധ്യമാക്കുക, ആരോഗ്യമുള്ള തലമുറയെ വാര്‍ത്തെടുക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങള്‍.

date