Skip to main content

ശിശുദിനാഘോഷം ജില്ലാതല പരിപാടികള്‍ പത്തനംതിട്ട തൈക്കാവ് സ്‌കൂളില്‍

 

ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ശിശുദിനാഘോഷത്തിന്റെ ജില്ലാതല പരിപാടികള്‍ 14ന് പത്തനംതിട്ടയില്‍ നടക്കും. രാവിലെ എട്ടിന് ജില്ലാ പോലീസ് മേധാവി ടി.നാരായണന്‍ കളക്ടറേറ്റില്‍ പതാക ഉയര്‍ത്തുന്നതോടെ ആഘോഷ പരിപാടികള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് കളക്ടറേറ്റില്‍ നിന്നും പത്തനംതിട്ട തൈക്കാവ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് നടക്കുന്ന കുട്ടികളുടെ റാലി നഗരസഭാധ്യക്ഷ അഡ്വ.ഗീതാ സുരേഷ് ഫ്‌ളാഗ് ഓഫ് ചെയ്യും.  

തൈക്കാവ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രാവിലെ 9.30ന് നടക്കുന്ന പൊതുസമ്മേളനം കുട്ടികളുടെ പ്രധാനമന്ത്രി പുല്ലാട് ഗവണ്‍മെന്റ് മോഡല്‍ യു.പി സ്‌കൂളിലെ കുമാരി അമൃതശ്രീ വി പിള്ള ഉദ്ഘാടനം ചെയ്യും. കുട്ടികളുടെ സ്പീക്കര്‍ പന്തളം ഗവണ്‍മെന്റ് യു.പി.എസിലെ മാസ്റ്റര്‍ കൃഷ്ണാരാജന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ പി.ബി.നൂഹ് ശിശുദിന സന്ദേശം നല്‍കും. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പ്രൊഫ.ടി.കെ.ജി.നായര്‍ സ്റ്റാമ്പ് പ്രകാശനം നിര്‍വഹിക്കും. വെണ്ണിക്കുളം എസ്.ബി.എച്ച്.എസ്.എസിലെ കുമാരി മഹിമ ആന്‍ ജോര്‍ജ്, അടൂര്‍ സെന്റ് മേരീസ് എംഎംജി എച്ച്എസിലെ മെറിന്‍ ബന്‍സി എന്നിവര്‍ ആശംസയര്‍പ്പിക്കും. മാന്തുക ഗവണ്‍മെന്റ് യുപിഎസിലെ കെ.എസ്. സാന്ദ്രയും സംഘവും, പറക്കോട് അമൃത വി.എച്ച്.എസിലെ അലന്‍രാജേഷും സംഘവും ദേശഭക്തിഗാനം അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി സമ്മാനദാനം നിര്‍വഹിക്കും. കോന്നി ഗവണ്‍മെന്റ് എച്ച്എസ്എസിലെ നന്ദന അനില്‍, ശിശുക്ഷേമ സമിതി വൈസ്പ്രസിഡന്റ് കെ.മോഹന്‍കുമാര്‍, സെക്രട്ടറി ജി.പൊന്നമ്മ, ട്രഷറര്‍ ആര്‍.ഭാസ്‌കരന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.                    (പിഎന്‍പി 3652/18)

date