സംസ്ഥാന സര്‍ക്കാര്‍ വാര്‍ഷികാഘോഷം മൈതാനം നിറയുന്ന ഉത്പന്നവൈവിധ്യം; അവസരം പാഴാക്കാതെ ആയിരങ്ങള്‍
സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷികാഘോഷവേദിയായ ആശ്രാമം മൈതാനത്ത് ഉത്പന്നവൈവിധ്യത്തിന്റെ ഒടുങ്ങാത്തനിര. ന്യായവിലയ്ക്ക് ഗുണമേന്‍മയുള്ള ഉത്പന്നങ്ങള്‍ വാങ്ങാനുള്ള അവസരം പാഴാക്കാതെ ആയിരങ്ങളാണ് എത്തുന്നതും. ചൊവ്വാഴ്ച വരെ നീളുന്ന മേളയില്‍ സര്‍ക്കാരിന്റെ വിവിധ സേവനങ്ങള്‍ വേഗത്തിലും സൗജന്യമായും നേടിയെടുക്കാനുംമുണ്ട് തിരക്ക്. സായാഹ്നങ്ങളിലെ കലാവിരുന്ന് ആസ്വദിക്കാനായി കുടുംബസദസുകള്‍ ഏറുകയുമാണ്.
നൂറോളം സ്റ്റോളുകളിലായി 70 ലധികം ഉല്‍പ്പന്നങ്ങളാണ് വില്‍പ്പനക്കായി സജ്ജീകരിച്ചിട്ടുള്ളത്. കറി പൗഡറുകള്‍, ചക്ക വിഭവങ്ങള്‍, ഭക്ഷ്യോല്‍പന്നങ്ങള്‍, കരകൗശലവസ്തുക്കള്‍, ആഭരണങ്ങള്‍, തുണിത്തരങ്ങള്‍, നിത്യോപയോഗസാധനങ്ങള്‍ തുടങ്ങി വ്യത്യസ്തവും വൈവിധ്യവുമാര്‍ന്ന ഉല്‍പ്പന്നങ്ങളുണ്ട്. കുടുംബശ്രീയുടെ നേതൃത്വത്തില്‍ ബ്രാന്‍ഡ്‌ചെയ്ത ഭക്ഷ്യഉല്‍പ്പന്നങ്ങള്‍, ധാന്യപ്പൊടികള്‍, മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍, തുണിത്തരങ്ങള്‍ തുടങ്ങിയവയും.
മുള, പനയോല, തടി, ചിരട്ട, കളിമണ്ണ്, കയര്‍, ലോഹങ്ങള്‍, വൈക്കോല്‍ തുടങ്ങിയവ ഉപയോഗിച്ചുള്ള ഉല്‍പ്പന്നങ്ങളാണ് വിപണനത്തിനുള്ളത്. പ്രമേഹമുള്ളവര്‍ക്കായുള്ള മില്ലറ്റ് കഞ്ഞിക്കുട്ട്, തേന്‍ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍, തേനീച്ചകൃഷിക്ക് ആവശ്യമായ ഉപകരണങ്ങള്‍, എല്‍ഇഡി ബള്‍ബുകള്‍ തുടങ്ങിയവയും വാങ്ങാം. നീതി സ്റ്റോറുകളില്‍നിന്ന് നിത്യോപയോഗ സാധനങ്ങളും ലഭിക്കും
.
സൗജന്യ സേവനങ്ങളുമായി മേള
സൗജന്യ സേവനങ്ങളുമായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് ആശ്രാമം മൈതാനത്തു നടക്കുന്ന പ്രദര്‍ശന വിപണന മേള മെയ് 20 വരെ തുടരും. പുതിയ ആധാര്‍, 10 വര്‍ഷം കഴിഞ്ഞ ആധാര്‍ പുതുക്കല്‍, ആധാര്‍ ഫോട്ടോ മാറ്റല്‍, തിരുത്തല്‍ എന്നിങ്ങനെ ആധാര്‍ സംബന്ധമായ സേവനങ്ങള്‍, ജലത്തിന്റെ സൗജന്യ ഗുണനിലവാര പരിശോധന, ജീവിതശൈലി രോഗങ്ങളായ പ്രമേഹം, രക്തസമ്മര്‍ദ്ദം കണ്ടെത്താനുള്ള സൗജന്യപരിശോധനകള്‍, സൗജന്യമായി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം, സംരംഭകര്‍ക്ക് വേണ്ട ലൈസന്‍സുകള്‍, വ്യവസായ അനുമതികള്‍ എന്നിവയും വന്‍ വിലക്കിഴിവോടെ സപ്ലൈകോ ഉല്‍പ്പന്നങ്ങള്‍ മുതല്‍ വിവിധ പ്രസാധകരുടെ പുസ്തകങ്ങള്‍ വരെ ഇവിടെ കിട്ടും.
ആധാര്‍ ബയോമെട്രിക് അപ്‌ഡേറ്റിങ്, ഡെമോഗ്രാഫിക് അപ്‌ഡേറ്റിങ്, കുട്ടികളുടെ ആധാര്‍ എന്റോള്‍മെന്റ്, അഞ്ചിനും 15 വയസിലും നിര്‍ബന്ധിതമായി നടത്തേണ്ട ബയോമെട്രിക് അപ്‌ഡേറ്റ് എന്നിവ സൗജന്യമായി രാവിലെ 9.30 മുതല്‍ വൈകിട്ട് 6.30 വരെ അക്ഷയ സ്റ്റാളുകളില്‍ ലഭിക്കും. ആയുര്‍വേദ വകുപ്പിന്റെ സ്റ്റോളില്‍ ജീവിതശൈലി രോഗ പരിശോധനയും മേളയുടെ ഓരോ ദിവസവും വ്യത്യസ്ത ഒ പി സേവനങ്ങളും പ്രകൃതി ക്ലിനിക് സേവനവും ലഭ്യമാണ്. ഹോസ്പിറ്റലില്‍ ക്യൂ നില്‍ക്കാതെ ഡോക്ടററെ കാണുന്നതിനുള്ള ആഫാ കാര്‍ഡും സന്ദര്‍ശകര്‍ക്ക് സൗജന്യമായി എടുത്തു നല്‍കും.
വ്യവസായ വകുപ്പിന്റെ സ്റ്റോളില്‍ കെ സ്വിഫ്റ്റ്, ഉദ്യം രജിസ്‌ട്രേഷന്‍, സംരംഭകര്‍ക്കായി ഹെല്‍പ്പ് ഡെസ്‌ക് എന്നിവയുമുണ്ട്. കെ ഫോണിന്റെ സ്റ്റോളില്‍ നിന്നും ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ക്ക് ഫ്രീ ഇന്റര്‍നെറ്റ് കണക്ഷനും മോഡം കണക്ഷനും ചെയ്തു കൊടുക്കും. എന്‍ എസ് ഹോസ്പിറ്റല്‍, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി എന്നിവയുടെ സ്റ്റോളിലും സൗജന്യ ജീവിതശൈലി രോഗപരിശോധന നടത്തുന്നുണ്ട്. ആരോഗ്യവകുപ്പിന്റെ സ്റ്റോളില്‍ കൊതുക്പരത്തുന്ന വിവിധ രോഗങ്ങളുടെ ബോധവല്‍ക്കരണവും സൗജന്യ ഹെല്‍ത്ത് കാര്‍ഡ് രജിസ്‌ട്രേഷനും ജീവിതശൈലി രോഗപരിശോധനയും കൗമാരക്കാരുടെ ആരോഗ്യ പരിരക്ഷയുമായി ബന്ധപ്പെട്ട കൗണ്‍സിലിംഗുമുണ്ട്.
കേരള പ്രവാസി ക്ഷേമ ബോര്‍ഡിന്റെ സ്റ്റോളില്‍ നോര്‍ക്ക അംഗമായ പ്രവാസികള്‍ക്ക് മുടങ്ങിക്കിടക്കുന്ന കുടിശ്ശിക നിവാരണവും ലാന്‍ഡ് റവന്യൂ വകുപ്പ് കരം അടയ്ക്കാനുള്ള അവസരവും സൗജന്യമായി നല്‍കുന്നുണ്ട്. ജില്ലാ സാക്ഷരതാ മിഷന്റെ സ്റ്റോളില്‍ പത്താംതരം ഹയര്‍ സെക്കന്‍ഡറി കോഴ്‌സിന്റെ സ്‌പോട്ട് രജിസ്‌ട്രേഷന്‍, ഹരിത കേരളം മിഷന്‍ ജലസംരക്ഷണ വകുപ്പ് എന്നിവയുടെ സ്റ്റോളുകളില്‍ സൗജന്യ ജലഗുണനിലവാര പരിശോധനയും നടത്തിവരുന്നുണ്ട്.
എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ തുണി നെയ്യുന്നത് കാണാനവസരം
സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് ആശ്രാമം മൈതാനത്ത് നടക്കുന്ന പ്രദര്‍ശന വിപണമേളയില്‍ തുണി നെയ്യുന്നത് തത്സമയം കാണാന്‍ അവസരം. ജില്ലാ വ്യവസായകേന്ദ്രത്തിന്റെ സ്റ്റോളിലാണ് തറിയുടെ പ്രവര്‍ത്തനരീതിശാസ്ത്രമറിയാനുള്ള തിരക്ക്. കൈത്തറിയില്‍ നെയ്ത മുണ്ടും കൈലിയും സാരിയും ഷര്‍ട്ടുമെല്ലാം ഇവിടെ നിന്ന് വാങ്ങാം. നെയ്ത്ത് കൂടുതല്‍ പഠിക്കാനും അറിയാനും ആഗ്രഹിക്കുന്നവര്‍ക്ക് മുള്ളുവിളയില്‍ പ്രവര്‍ത്തിക്കുന്ന നെയ്ത്ത് കേന്ദ്രം സന്ദര്‍ശിക്കാനുള്ള അവസരവും നല്‍കും.
എന്റെ കേരളം മേളയില്‍ വിലകുറവും ഓഫറുകളുമായി പുസ്തകമേള
സംസ്ഥാന മന്ത്രിസഭയുടെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് ആശ്രാമം മൈതാനത്ത് നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ വമ്പിച്ച വിലക്കുറവില്‍ പുസ്തകങ്ങള്‍ വാങ്ങാന്‍ അവസരം. ഡി സി ബുക്സിന്റെ സ്റ്റോളില്‍ 100 മുതല്‍ 1000 രൂപ വരെയുള്ള പുസ്തകങ്ങള്‍ 10 ശതമാനം ഡിസ്‌കൗണ്ടാണ് നല്‍കുന്നത്. അധ്യാപക കലാസാഹിതിയുടെ സ്റ്റോളില്‍ എല്ലാ പുസ്തകങ്ങള്‍ക്കും പകുതി വിലയാണ് ഈടാക്കുന്നത്. നാഷണല്‍ ബുക്ക് സ്റ്റോളില്‍ എല്ലാത്തരം പുസ്തകങ്ങള്‍ക്കും 15 ശതമാനം കിഴിവുണ്ട്. എന്‍ എസ് പഠന ഗവേഷണ കേന്ദ്രത്തിന്റെ പ്രസിദ്ധീകരണമായ കൊല്ലം; ചരിത്രം, സംസ്‌കാരം, രാഷ്ട്രീയം എന്ന 3500 രൂപ വില വരുന്ന പുസ്തകം 2000 രൂപയ്ക്ക് ലഭ്യമാണ്. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് എല്ലാ പ്രസിദ്ധീകരണങ്ങള്‍ക്കും 10 ശതമാനം ഡിസ്‌കൗണ്ട് നല്‍കുന്നുണ്ട്. ഈ അവസരം മെയ് 20 വരെ മാത്രം.
ആരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍ ഓര്‍മിപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്
മത്സരങ്ങളും മോഡലുകളും ഒരുക്കി ബോധവത്ക്കരണമായി എന്റെ കേരളം പ്രദര്‍ശന വിപണനമേളയില്‍ ആരോഗ്യകരമായ ഭക്ഷണശൈലികളെ പറ്റി ബോധവത്ക്കരണം നടത്തി ഭക്ഷ്യ സുരക്ഷാ വകുപ്പ്. സ്റ്റാളില്‍ ഒരുക്കിയ 'ഹെല്‍ത്തി പ്ലേറ്റ്' മത്സരത്തില്‍ സന്ദര്‍ശകള്‍ ആവേശത്തോടെയാണ് പങ്കെടുക്കുന്നത്. ആരോഗ്യകരമായ ഭക്ഷണങ്ങള്‍ തരംതിരിക്കുന്ന മത്സരത്തില്‍ വിജയികള്‍ക്ക് സമ്മാനങ്ങളും നല്‍കുന്നുണ്ട്. ഇതിനോടൊപ്പം തന്നെ കുട്ടികളില്‍ അവബോധം സൃഷ്ടിക്കുന്ന രീതിയിലുള്ള ഭക്ഷണ പിരമിഡും ഒരുക്കിയിട്ടുണ്ട്.
കൃത്രിമ ഭക്ഷ്യവസ്തുക്കള്‍ തിരിച്ചറിയുന്നതിന് ഏലയ്ക്ക, കറുകപ്പട്ട, തേന്‍ തുടങ്ങിയവയുടെ മായം ചേര്‍ത്തതും ചേര്‍ക്കാത്തതുമായ വിഭവങ്ങളുടെ പ്രദര്‍ശനവും പരിശോധനയും അവതരിപ്പിച്ചു. നല്ല മത്സ്യവും കേടായ മത്സ്യവും തമ്മില്‍ തിരിച്ചറിയുന്നതിനുള്ള മത്സ്യ മോഡലുകളുമുണ്ട്. ആളുകള്‍ ഏറെ വാങ്ങി കഴിക്കുന്ന ഷവര്‍മ പാകം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അറിയുന്നതിന് ഷവര്‍മ സ്റ്റാന്‍ഡില്‍ വേണ്ട സജീകരണങ്ങളും മാര്‍ഗനിര്‍ദേശങ്ങളും വിശദീകരിക്കുന്നുണ്ട്.
പേവിഷബാധ: വാക്സിന്‍ പ്രാധാന്യം വ്യക്തമാക്കി സെമിനാര്‍
സംസ്ഥാന മന്ത്രിസഭയുടെ നാലാം വാര്‍ഷികാഘോഷമായ എന്റെ കേരളത്തില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ 'റാബീസും വെല്ലുവിളികളും' എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.അനിത സെമിനാര്‍ ഉദ്ഘാടനം ചെയ്തു. പാരിപ്പള്ളി മെഡിക്കല്‍ കോളേജ് കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം പ്രൊഫസറും മേധാവിയുമായ ഡോ.പി.എസ്.ഇന്ദു സെമിനാര്‍ നയിച്ചു. ഏതു മൃഗത്തിന്റെ കടിയേറ്റാലും ഉടനെ പേവിഷ ബാധക്കെതിരായ ചികിത്സ തേടണമെന്നും നിരന്തരം മൃഗങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്ക് മൃഗങ്ങളുടെ കടിയേല്‍ക്കാന്‍ സാധ്യത ഉള്ളതുകൊണ്ട് പ്രീ എക്സ്പോഷര്‍ വാക്സിന്‍ എടുത്തിരിക്കണമെന്നും ഡോ.പി.എസ്.ഇന്ദു വ്യക്തമാക്കി. സമൂഹത്തില്‍ പേവിഷബാധ, വാക്‌സിന്‍ സംബന്ധിച്ച് അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് സെമിനാര്‍ സംഘടിപ്പിച്ചത്.
ജില്ലാ സര്‍വേലന്‍സ് ഓഫീസര്‍ ഡോ. ശരത് രാജന്‍ അധ്യക്ഷനായി. ജൂനിയര്‍ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ജീവന്‍, മാസ് മീഡിയ ഓഫീസര്‍ എസ്.പ്രദീപ്, സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് അധ്യാപിക ഡോ.നിരഞ്ജന കണ്ണന്‍, ഡെപ്യൂട്ടി ഡിസ്ട്രിക്ട് എഡ്യൂക്കേഷന്‍ ഓഫീസര്‍ ഷാലിമ, ആരോഗ്യവകുപ്പ് ജീവനക്കാര്‍, നഴ്സിങ് വിദ്യാര്‍ഥികള്‍, ആശാ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.
സൗജന്യ ഇ-കെ.വൈ.സി അപ്ഡേറ്റുമായി പൊതുവിതരണ ഉപഭോക്തകാര്യ വകുപ്പ്
എന്റെ കേരളം പ്രദര്‍ശന വിപണനമേളയില്‍ ഇ-പോസ് മെഷീന്‍ ഉപയോഗിച്ച് ആധാര്‍ ഇ-കെ.വൈ.സി അപ്ഡേറ്റ് നടത്തി പൊതുവിതരണ വകുപ്പ്. റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോണ്‍ നമ്പര്‍ തുടങ്ങിയവയുമായി നേരിട്ടെത്തി ഇ-കെ.വൈ.സി സൗജന്യമായി പൂര്‍ത്തിയാക്കാം. നിലവിലുള്ള റേഷന്‍കടകളിലെ പശ്ചാത്തലസൗകര്യം വികസിപ്പിച്ച് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൂടുതല്‍ സേവനങ്ങളും ഉല്‍പ്പന്നങ്ങളും പൊതുവിതരണ ശൃംഖലയിലൂടെ ലഭ്യമാക്കുന്ന കെ-സ്റ്റോര്‍ മാതൃകയും സ്റ്റാളില്‍ ഒരുക്കിയിട്ടുണ്ട്.
പൊതുവിതരണ വകുപ്പിന്റെ വിവിധ സേവനങ്ങള്‍, അവകാശങ്ങള്‍, സംരംഭങ്ങള്‍ സംബന്ധിച്ച വിവരങ്ങളും സ്റ്റോളില്‍ വ്യക്തമാക്കുന്നു. ഇവയുടെ ദൃശ്യരൂപേണയുള്ള ആശയവിനിമയവുമുണ്ട്. റേഷന്‍ കടയിലൂടെ ലഭ്യമാക്കുന്ന കുത്തരി, പുഴുക്കലരി, പച്ചരി, ഗോതമ്പ്, വ്യത്യസ്തയിനം ആട്ട എന്നീ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും ക്വിസ് മത്സരവും സ്റ്റോളില്‍ ഒരുക്കിയിട്ടുണ്ട്.
(പി.ആര്‍.കെ നമ്പര്‍ 1267/2025)
സാഹിത്യം സെമിനാര്‍ ഉദ്ഘാടനം ചെയ്തു
കൊല്ലം ജില്ല ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച സാഹിത്യം സെമിനാര്‍ കുരീപ്പുഴ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. സമൂഹത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന തി•കള്‍ക്കെതിരെ എഴുത്തുകാരും സാഹിത്യപ്രവര്‍ത്തകരും ശക്തമായി പ്രതികരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ.ഗോപന്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ഡി.സുകേശന്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ.ബി.മുരളീകൃഷ്ണന്‍ അധ്യക്ഷനായി. ക്യാമ്പ് ഡയറക്ടര്‍ വി. പി.ജയപ്രകാശ് മേനോന്‍ ക്യാമ്പ് വിശദീകരണം നടത്തി. ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ പി. ഉഷാകുമാരി, ഡോ. കെ.ബി.ശെല്‍വമണി, പ്രൊഫ. പി. കൃഷ്ണന്‍കുട്ടി എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്കി. വിവിധ സെഷനുകളിലായി ഡോ.എം.എ സിദ്ധിഖ്, കെ. സജീവ്കുമാര്‍, ഡോ. കെ.ബി.ശെല്‍വമണി, അനൂപ് അന്നൂര്‍, ഡോ.വള്ളിക്കാവ് മോഹന്‍ദാസ്, പി.എന്‍, മോഹന്‍രാജ്, സ്മിതാ എം. ബാബു, ഡോ. നൗഷാദ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ഞായറാഴ്ച നടക്കുന്ന സമാപന സമ്മേളനം ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് ഉദ്ഘാടനം ചെയ്യും.
- Log in to post comments