Skip to main content

ആറാമത് രാജ്യാന്തര വനിതാ ചലച്ചിത്രമേള; 'ഓള്‍ വി ഇമാജിന്‍ ഏസ് ലൈറ്റ്' ഉദ്ഘാടനചിത്രം

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി മെയ് 23 മുതല്‍ 25 വരെ കൊട്ടാരക്കരയില്‍ സംഘടിപ്പിക്കുന്ന ആറാമത് രാജ്യാന്തര വനിതാ ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രമായി പായല്‍ കപാഡിയ സംവിധാനം ചെയ്ത 'ഓള്‍ വി ഇമാജിന്‍ ഏസ് ലൈറ്റ്' (പ്രഭയായ് നിനച്ചെതെല്ലാം) പ്രദര്‍ശിപ്പിക്കും. 2024ലെ കാന്‍ ചലച്ചിത്രമേളയില്‍ ഗ്രാന്റ് പ്രി പുരസ്‌കാരം നേടിയ ഈ ചിത്രം പ്രധാനമായും മലയാളത്തിലാണ് ഒരുക്കിയിരിക്കുന്നത്. മുംബൈയില്‍ ജോലി ചെയ്യുന്ന രണ്ട് മലയാളി നഴ്സുമാരുടെ വൈകാരികപ്രശ്നങ്ങള്‍ അവതരിപ്പിക്കുന്ന ഈ സിനിമയില്‍ കനി കുസൃതി, ദിവ്യപ്രഭ, ഹൃദു ഹാറൂണ്‍, അസീസ് നെടുമങ്ങാട് എന്നീ മലയാളി താരങ്ങള്‍ വേഷമിടുന്നു. മെയ് 23 ന് വൈകീട്ട് അഞ്ചു മണിക്ക് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിനുശേഷം മിനര്‍വ തിയേറ്ററില്‍ ചിത്രം പ്രദര്‍ശിപ്പിക്കും.

കഴിഞ്ഞ ഡിസംബറില്‍ നടന്ന 29ാമത് ഐ.എഫ്.എഫ്.കെയില്‍ സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് പായല്‍ കപാഡിയയ്ക്ക് സമ്മാനിക്കുന്നതിന്റെ ഭാഗമായി ഈ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. മുപ്പത് വര്‍ഷങ്ങള്‍ക്കു മുമ്പ്, 1994ലെ 'സ്വം' എന്ന ചിത്രത്തിനുശേഷം കാന്‍ ചലച്ചിത്രമേളയുടെ മല്‍സര വിഭാഗത്തില്‍ ഇടം നേടിയ ഇന്ത്യന്‍ സിനിമയാണ് 'ഓള്‍ വി ഇമാജിന്‍ ഏസ് ലൈറ്റ്. ഷിക്കാഗോ, സാന്‍ സെബാസ്റ്റ്യന്‍ ചലച്ചിത്രമേളകളിലും ഈ സിനിമ പുരസ്‌കാരങ്ങള്‍ നേടിയിരുന്നു.

പ്രഭ, അനു എന്നീ നഴ്സുമാര്‍ മുംബൈയില്‍ ഒരുമിച്ചാണ് താമസിക്കുന്നത്. വിവാഹിതയായ പ്രഭ ജര്‍മ്മനിയിലുള്ള ഭര്‍ത്താവിന്റെ സാന്നിധ്യം പ്രതീക്ഷിച്ച് കഴിയുകയാണ്. ഷിയാസ് എന്ന മുസ്ലിം യുവാവുമായി പ്രണയത്തിലാണ് അനു. ആശുപത്രിയിലെ പാചകക്കാരിയായ പാര്‍വതി തന്റെ പാര്‍പ്പിടം ഇടിച്ചുതകര്‍ക്കാനൊരുങ്ങുന്ന നിര്‍മ്മാണക്കമ്പനിക്കെതിരെ പൊരുതുകയാണ്. ഈ മൂന്നു സ്ത്രീകള്‍ പരസ്പരം താങ്ങും തണലുമായി നിന്ന് ജീവിതത്തെ നേരിടുന്നതിന്റെ ഹൃദയസ്പര്‍ശിയായ കഥയാണിത്. 115 മിനിറ്റ് ആണ് ചിത്രത്തിന്റെ ദൈര്‍ഘ്യം.
 
 

date