കുടുംബശ്രീ റിസര്‍ജന്റ് കേരള വായ്പാ പദ്ധതി: ജില്ലയില്‍ വിതരണം ചെയ്തത് 65.42 കോടി രൂപ
കാക്കനാട്: പ്രളയബാധിതര്‍ക്ക് വീട്ടുപകരണങ്ങളോ ജീവനോപാധികളോ സ്വന്തമാക്കാന്‍ കുടുംബശ്രീ വഴി വിതരണം ചെയ്യുന്ന റീ സര്‍ജന്റ് കേരള വായ്പാ പദ്ധതിയില്‍ (ആര്‍.കെ.എല്‍.എസ്.) ജില്ലയില്‍ ഇതുവരെ 65.42 കോടി രൂപ അനുവദിച്ചതായി ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള അറിയിച്ചു. ഓരോ അയല്‍ക്കൂട്ടത്തിനും 10 ലക്ഷം രൂപ, ഒരംഗത്തിന് ഒരു ലക്ഷം രൂപ വീതമാണ് പരമാവധി അനുവദിക്കുക. ഒമ്പത് ശതമാനം പലിശ നിരക്കില്‍ ലഭ്യമാക്കുന്ന വായ്പയില്‍ പലിശത്തുക പൂര്‍ണ്ണമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിക്കും. ഫലത്തില്‍ ഗുണഭോക്താവിന് പലിശരഹിത വായ്പ ലഭിക്കും.
ജില്ലയില്‍ 91 സി.ഡി.എസ്സുകളാണ് പ്രളയബാധിതമായിട്ടുള്ളത്. ഇവയില്‍ 8206 അയല്‍ക്കൂട്ടങ്ങളിലായി 71728 ഗുണഭോക്താക്കളുണ്ട്. 5438 അയല്‍ക്കൂട്ടങ്ങളില്‍ നിന്നായി 39120 അംഗങ്ങള്‍ വായ്പക്ക് അപേക്ഷ സമര്‍പ്പിച്ചു. 1108 അയല്‍ക്കൂട്ടങ്ങളിലെ 7830 അംഗങ്ങള്‍ക്ക് വായ്പ ലഭിച്ചു കഴിഞ്ഞു. 3698 അപേക്ഷകള്‍ പരിഗണനയിലാണ്.
അയല്‍ക്കൂട്ടത്തിന് അക്കൗണ്ടുള്ള ബാങ്ക് വഴിയാണ് വായ്പാ വിതരണം. യൂണിയന്‍ ബാങ്ക്, വിവിധ സര്‍വീസ് സഹകരണ ബാങ്കുകള്‍, സെന്‍ട്രല്‍ ബാങ്ക്, എസ്.ബി.ഐ, ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്, ഇന്‍ഡ്യന്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയ ബാങ്കുകളാണ് വായ്പ ലഭ്യമാക്കുന്നത്.
യുദ്ധകാലാടിസ്ഥാനത്തില്‍ എല്ലാ അപേക്ഷകര്‍ക്കും വായ്പ ലഭ്യമാക്കുന്നതു സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ജില്ലാ കളക്ടര്‍ ബന്ധപ്പെട്ട ബാങ്കുകളുടെ പ്രതിനിധികളുമായി കളക്ടറേറ്റില്‍ ചര്‍ച്ച നടത്തി. 250 കോടി രൂപ ജില്ലയില്‍ വായ്പയായി അനുവദിക്കാനും നിര്‍ദ്ദേശിച്ചു. ലീഡ് ഡിസ്ട്രിക്ട് മാനേജര്‍ സി. സതീഷ്, കുടുംബശ്രീ ജില്ലാ മിഷന്‍ അസി. കോ ഓര്‍ഡിനേറ്റര്‍മാരായ എസ്.രഞ്ജിനി , ടി.എം.റജീന, കെ.വിജയം, കെ.ആര്‍. രാകേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments