കളിയിൽ ഒരല്പം കാര്യം; മേളയിൽ തിളങ്ങി കായിക വകുപ്പിന്റെ സ്റ്റാൾ
എൻ്റെ കേരളം പ്രദർശന വിപണനമേളയിൽ മുതിർന്നവർക്കും കുട്ടികൾക്കും വ്യത്യസ്‌ത അനുഭവമൊരുക്കി ശ്രദ്ധേയമാവുകയാണ് കായിക വകുപ്പിൻ്റെ സ്റ്റാൾ.
പ്രദർശനം കാണാൻ എത്തുന്നവർക്ക് സ്റ്റാളിൽ പ്രാക്ടീസ് ചെയ്യാൻ ഹോക്കി, ഫുട്ബോൾ, ബാസ്കറ്റ് ബോൾ, അമ്പെയ്ത്ത് എന്നിവ ഒരുക്കിയിട്ടുണ്ട്. അമ്പ് എയ്യാനും ഗോളടിക്കാനും ബോൾ ബാസ്‌കറ്റ് ചെയ്യാനും വളയം എറിഞ്ഞു കളിക്കാനും കുട്ടികൾ മാത്രമല്ല മുതിർന്നവരും ഏറെ ഉത്സാഹത്തിലാണ്.
സിന്തറ്റിക് ട്രാക്കിന്റെ മാതൃകയിലുള്ള പാതയടക്കം കളിക്കളത്തിന്റെ മാതൃകയിലാണ് സ്റ്റാൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. സ്റ്റാളിന്റെ മധ്യത്തിൽ ഒരു ഫുട്‌ബോൾ ടർഫും സജ്ജീകരിച്ചിട്ടുണ്ട്.
സ്റ്റാളിലെ ഏറ്റവും ആകർഷണം സിന്തറ്റിക് ടർഫാണ്, ഈ ടർഫിൽ കുട്ടികൾക്ക് ഫുട്ബോൾ കളിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. സന്ദർശകർക്ക് ആരോഗ്യ, ഫിറ്റ്നസ് വിഷയങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നതിനായി സ്റ്റാളിൽ പ്രത്യേക ഏരിയയും സജ്ജീകരിച്ചിട്ടുണ്ട്.
കൂടാതെ കായിക വകുപ്പ് കൈവരിച്ച നേട്ടങ്ങളും വിവിധ കായിക പ്രതിഭകളുടെ എണ്ണം പറഞ്ഞ പ്രകടനങ്ങളും എൽഇഡി സ്ക്രീനിലൂടെ പ്രദർശിപ്പിക്കുകയും ചെയ്യുന്നു. കായിക പരിശീലനം കുറഞ്ഞു വരുന്ന കാലത്ത് യുവജനതയിലും മുതിർന്നവരിലും കായിക പരിശീലനത്തിന്റെ പ്രാധാന്യം എത്തിക്കുക എന്നതാണ് സ്റ്റാൾ ലക്ഷ്യമിടുന്നത്.
- Log in to post comments