Skip to main content

മുഖ്യമന്ത്രി പെരുമ്പറ മുഴക്കി; ക്ഷേത്രപ്രവേശന വിളബര ആഘോഷത്തിന് തുടക്കമായി

 

സാമൂഹ്യ മുന്നേറ്റങ്ങളെ എതിര്‍ക്കുന്നവരുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകുട്ടയില്‍: മുഖ്യമന്ത്രി

സാമൂഹ്യ മുന്നേറ്റങ്ങളെ എതിർക്കുന്നവരുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകുട്ടയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ക്ഷേത്രപ്രവേശന വിളംബരം 82ാം വാർഷികാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വി.ജെ.ടി ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. വേദിയിലൊരുക്കിയ പെരുമ്പറ മൂന്നു തവണ മുഴക്കിയാണ് അദ്ദേഹം ഉദ്ഘാടനം നിർവഹിച്ചത്. 
സാമൂഹ്യ മുന്നേറ്റങ്ങളിലും നവോത്ഥാന പ്രവർത്തനങ്ങളിലും നാം ഏത് പക്ഷത്താണെന്നതാണ് ചോദ്യം. ഭാവി തലമുറ കുറ്റക്കാരല്ലെന്ന് വിധിക്കണമെങ്കിൽ സമൂഹത്തെ മുന്നോട്ടു നയിക്കുന്നതിനൊപ്പം നിൽക്കാനാവണം. നവോത്ഥാന മുന്നേറ്റങ്ങളെ എതിർത്തവർ ചരിത്രത്തിന്റെ വിസ്മൃതിയിൽ പെട്ടുപോയിട്ടുണ്ട്. ഇത് ലോകനീതിയാണ്. ഊരുട്ടമ്പലം സ്‌കൂളിലെത്തിയ പിന്നാക്ക വിഭാഗത്തിലെ പഞ്ചമിയെ പഠിക്കാനനുവദിക്കാതിരുന്നവർ ചരിത്രത്തിലെവിടെയുമില്ല. പിന്നാക്കക്കാർക്ക് സ്‌കൂൾ പഠനത്തിന് നിയമമുണ്ടായ ശേഷവും യാഥാസ്ഥിതികർ അതിനെ എതിർക്കുകയായിരുന്നു. 
കേരളത്തിന്റെ സാമൂഹ്യ ചരിത്രത്തിൽ ക്ഷേത്രപ്രവേശന വിളംബരത്തിന് പ്രത്യേക സ്ഥാനമുണ്ട്. എന്തുകൊണ്ടാണ് 82ാം വാർഷികം ആചരിക്കുന്നതെന്ന് ചോദിക്കുന്നവരുണ്ട്. കടന്നു പോയ വർഷങ്ങളിലെ അവസ്ഥയല്ല ഇന്നത്തെ കേരളത്തിലുള്ളത്. അതുകൊണ്ടു തന്നെ വാർഷികാചരണത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. ഇന്നത്തെ കാലത്ത് ഇതിന്റെ പ്രസക്തി ചർച്ച ചെയ്യപ്പെടേണ്ടതാണ്. യുവതലമുറയെ നാടിന്റെ ചരിത്രം അറിയിക്കേണ്ടതുണ്ട്. ചരിത്രത്തിലെ നവോത്ഥാന മുന്നേറ്റങ്ങൾ വിദ്യാർത്ഥികളിലെത്തിക്കുന്നതിന് കലാലയങ്ങളിലും സ്‌കൂളുകളിലും ചരിത്രപ്രദർശനം നടത്തണം. ഇതുസംബന്ധിച്ച് ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കും.
    പുരോഗമനപരമായ മാറ്റങ്ങളെ പിന്നോട്ടടിക്കാൻ നടക്കുന്ന ശ്രമങ്ങളെ വിട്ടുവീഴ്ചയില്ലാതെ ചെറുക്കണം. ഇതിനെ ചെറുക്കുന്ന മതനിരപേക്ഷ സമൂഹത്തിനൊപ്പം സർക്കാരും അണിചേരും. നിരവധി പ്രക്ഷോഭങ്ങളുടെ തുടർച്ചയായാണ് ചരിത്രത്തിൽ അടയാളപ്പെടുത്തിയ മാറ്റങ്ങളുണ്ടായത്. പണ്ടു കാലത്ത് ക്ഷേത്രപ്രവേശനത്തിന് പലയിടങ്ങളിലും വിലക്കുണ്ടായിരുന്നപ്പോൾ പോലും ശബരിമലയിൽ ജാതിമതഭേദമന്യേ എല്ലാവർക്കും പ്രവേശിക്കാമായിരുന്നു. അത്തരമൊരു പാരമ്പര്യം അന്നേ കാത്തുസൂക്ഷിച്ചിരുന്നുവെന്ന് വിസ്മരിക്കരുത്. ഇതര ക്ഷേത്രങ്ങൾക്കുപോലും മാതൃകയായ ശബരിമലയെ മറ്റു ക്ഷേത്രങ്ങളുടെ പിന്നിലാക്കാനാണ് ശ്രമം നടക്കുന്നത്. പണ്ടു കാലത്ത് നടന്ന എല്ലാ പ്രക്ഷോഭങ്ങളിലും നാട്ടിലെ പുരോഗമനവാദികളും ഭാഗമായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. 
കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും ജീവിതം ജനാധിപത്യവത്കരിച്ച ഒന്നായിരുന്നു ഇവിടെ സംഭവിച്ച നവോത്ഥാനം. തൊഴിലാളി പ്രക്ഷോഭങ്ങളിൽ സാമ്പത്തിക സമത്വ മുദ്രാവാക്യം കൂടി ചേർത്ത് പുരോഗമന പ്രസ്ഥാനങ്ങൾ മുന്നോട്ടു പോയി. ഭൂപരിഷ്‌കരണം സാധ്യമായതും ജനാധിപത്യ കേരളം രൂപപ്പെട്ടതും അങ്ങനെയാണ്. ജാതീയ ചിന്തകളും വിവേചനവും മാഞ്ഞു പോവുകയും ചെയ്തു.
വിളംബരത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന പ്രദർശനം ഏറെ പ്രയോജനകരമാണ്. ചരിത്രം പുറംതിരിഞ്ഞു നിന്ന പല സംഭവങ്ങളും അന്ന് കാലത്തെ സമൂഹത്തിലെ ജീർണതകളും പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നമ്മുടെ നാട് എന്തായിരുന്നുവെന്നും എവിടെ നിന്നാണ് ഇന്നത്തെ അവസ്ഥയിൽ എത്തിയതെന്നും മനസിലാക്കാനാവും. 
    അധികാരം സ്വമേധയാ അനുവദിച്ച ദാക്ഷണ്യമായും നവോത്ഥാന മുന്നേറ്റഗതിയിൽ മറ്റൊരു മാർഗവുമില്ലാതെ അനുവദിച്ച ഇളവായും ക്ഷേത്രപ്രവേശന വിളംബരത്തെ രണ്ടു രീതിയിൽ നോക്കിക്കാണുന്നവരുണ്ട്. ചരിത്രത്തിന്റെ പശ്ചാത്തലത്തിൽ നോക്കുമ്പോൾ രണ്ടാമത്തേതിനാണ് പ്രാധാന്യം. തികച്ചും ജാതീയമായ സംവിധാനം ഊട്ടിയുറപ്പിക്കുന്ന സമ്പ്രദായമാണ് ക്ഷേത്രങ്ങളിലുണ്ടായിരുന്നത്. ഇതിനെതിരെ അയ്യാവൈകുണ്ഠ സ്വാമി, ശ്രീനാരായണ ഗുരു തുടങ്ങി നിരവധി പേരുടെ ഇടപെടലുണ്ടായതായി മുഖ്യമന്ത്രി പറഞ്ഞു. വൈക്കം, തിരുവാർപ്പ്, ഗുരുവായൂർ സത്യഗ്രഹങ്ങൾ, പഠിക്കാനും പഠിപ്പിനനുസരിച്ച് ജോലികിട്ടാനുമുള്ള സമരങ്ങൾ, നിവർത്തന പ്രക്ഷോഭം എന്നിവയിലൂടെയാണ് ചരിത്രത്തിൽ മാറ്റങ്ങളുണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ക്ഷേത്രപ്രവേശന വിളംബരം കൈപ്പുസ്തകം, ശബരിമല കേസിൽ സുപ്രീം കോടതി വിധിയുടെ സംഗ്രഹം എന്നിവ മുഖ്യമന്ത്രി പ്രകാശനം ചെയ്തു.  ഇതോടനുബന്ധിച്ച് ഒരുക്കിയ ചരിത്രപ്രദർശനം അദ്ദേഹം ഉദ്ഘാടനം ചെയ്തു.
    കേരളീയ സമൂഹത്തിന്റെ ചരിത്രത്തിൽ നിർണായകമായ നിരവധി മുഹൂർത്തങ്ങളിലൊന്നാണ് ക്ഷേത്രപ്രവേശന വിളംബരമെന്ന് ചടങ്ങിൽ അധ്യക്ഷ്യത വഹിച്ച സാംസ്‌കാരിക മന്ത്രി എ.കെ. ബാലൻ പറഞ്ഞു. ഇവിടത്തെ നിയമങ്ങൾ ഭരണഘടനാബദ്ധമാണ്. അത് അനുസരിക്കാൻ എല്ലാവർക്കും ബാധ്യതയുണ്ട്. ഇതിനോടുള്ള എതിർപ്പ് മതനിരപേക്ഷബോധത്തിനും ജനാധിപത്യത്തിനും എതിരായ വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. ചരിത്രത്തിലെ അവിസ്മരണീയമായ ഏടാണ് ക്ഷേത്രപ്രവേശന വിളംബരമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. വർത്തമാനകാല സാമൂഹ്യയാഥാർത്ഥ്യം തിരിച്ചറിഞ്ഞ് മുന്നോട്ട് കുതിക്കാൻ കരുത്ത് നേടാൻ ഈ ആഘോഷത്തിലൂടെ സാധിക്കുമെന്നും അദ്ദേത്തം അഭിപ്രായപ്പെട്ടു. 
മഹാത്മാ ഗാന്ധിയുടെ പോലും അഭിനന്ദനം വിളംബരത്തിന് ലഭിച്ചുവെന്നും മനുഷ്യചരിത്രത്തിൽ മുന്നോട്ടുള്ള കുതിപ്പിന് ഇത് പ്രേരകമായതായും റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. ദശാബ്ദങ്ങളായി വളർന്നു വന്ന അനാചാരങ്ങൾ തിരുത്തിക്കണമെന്ന നവോത്ഥാന മൂല്യത്തിന്റെ വിജയപ്രഖ്യാപനമായിരുന്നു വിളംബരമെന്ന് ജലവിഭവ മന്ത്രി മാത്യു ടി. തോമസ് പറഞ്ഞു. യാഥാസ്ഥിതിക ബോധത്തിനെതിരെ സമൂഹത്തിനെ പരുവപ്പെടുത്തുന്ന മുന്നേറ്റമാകാൻ വിളംബരത്തിന് സാധിച്ചതായി ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. നിരവധി പ്രക്ഷോഭങ്ങളുടെ അനന്തരഫലമായിരുന്നു കേരളത്തിലെ നവോത്ഥാന പുരോഗതിയെന്നും ക്ഷേത്രപ്രവേശനത്തിന്റെ ഭാഗമായുള്ള ചരിത്രപ്രദർശനം ചരിത്രവിസ്മയമാണെന്നും പുരാവസ്തു പുരാരേഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. ഡെപ്യൂട്ടി സ്പീക്കർ വി. ശശി, എ. സമ്പത്ത് എം. പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, സാംസ്‌കാരിക സെക്രട്ടറി റാണി ജോർജ്, പി. ആർ.ഡി സെക്രട്ടറി പി. വേണുഗോപാൽ, ജില്ലാകളക്ടർ വാസുകി എന്നിവർ സന്നിഹിതരായിരുന്നു. പി.ആർ.ഡി ഡയറക്ടർ സുഭാഷ് ടി.വി നന്ദി പറഞ്ഞു.
കിറ്റ്‌സിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാപരിപാടിയും അരങ്ങേറി.

പി.എൻ.എക്‌സ്. 5001/18

 

പി.എന്‍.എക്‌സ്. 5001/18

date