Skip to main content

ചരിത്രത്തിന്റെ കൗതുകമുണര്‍ത്തി ചിത്രവധക്കൂട്

 

 

 

രാജഭരണകാലത്ത് തിരുവിതാംകൂറില്‍ രാജദ്രോഹികളായവരെ ചിത്രവധം ചെയ്യുവാന്‍ ഉപയോഗിച്ചിരുന്ന ചിത്രവധക്കൂട്് ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82-ാം വാര്‍ഷികാഘോഷത്തിന്റെ പ്രദര്‍നവേദിയില്‍ മുഖ്യാകര്‍ഷകമാകുന്നു. അടൂര്‍ എസ്എന്‍ഡപി ഓഡിറ്റോറിയത്തിലെ പ്രദര്‍ശന വേദിയിലാണ് പുരാവസ്തു വകുപ്പ് പ്രദര്‍ശനത്തിനായി ചിത്രവധക്കൂട് എത്തിച്ചിരിക്കുന്നത്. മനുഷ്യരൂപത്തില്‍ ആറടി ഉയരത്തില്‍ ഇരുമ്പ് കമ്പി കൊണ്ടാണ് ചിത്രവധകൂട് നിര്‍മ്മിച്ചിരിക്കുന്നത്. കുറ്റവാളിയെ ഈ കൂട്ടില്‍ തടവിലാക്കി പൊതുജനമധ്യത്തില്‍ നിര്‍ത്തി പട്ടിണിക്കിട്ട് പക്ഷികളെ കൊണ്ട് കൊത്തിച്ചുകൊല്ലുന്ന ശിക്ഷാമുറയാണ് ചിത്രവധം. അവയവങ്ങള്‍ മുറിച്ചുമാറ്റല്‍, കഴുകനും കാക്കയ്ക്കും ഭക്ഷണമാക്കുന്നതിന് നല്‍കല്‍, കല്ലെറിയല്‍ എന്നിങ്ങനെ കുറ്റകൃത്യങ്ങളുടെ തോത് അനുസരിച്ച് പ്രതികളുടെ ശിക്ഷാവിധികളില്‍ മാറ്റം വരുത്തിയിരുന്നു. ജാതിവ്യവസ്ഥ നിലനിന്നിരുന്ന കാലത്ത് അവര്‍ണര്‍ക്കെതിരെ പ്രയോഗിച്ചിരുന്ന ശിക്ഷാവിധികളുടെ പ്രതീകമാണ് ചിത്രവധ കൂട്. 1880ല്‍ ബ്രിട്ടീഷുകാരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ആയില്യം തിരുന്നാള്‍ ചിത്രവധം നിര്‍ത്തലാക്കുകയായിരുന്നു. 20ല്‍ അധികം പ്രതികള്‍ക്ക് ശിക്ഷാവിധി നടപ്പാക്കിയ ചിത്രവധക്കൂടാണ് പുരാവസ്തു വകുപ്പിന്റെ ഉടമസ്ഥതയില്‍ ഉള്ളത്. ചിത്രവധ കൂട് കൂടാതെ മൂന്നര അടി നീളത്തിലുള്ള മാഴ്‌സ് റോമന്‍ യുദ്ധദേവന്റെ പ്രതിമയും പ്രദര്‍ശനത്തില്‍ ഉണ്ട്. പ്രതിമയ്ക്ക് അഞ്ഞൂറ് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ലാത്ത ലോഹക്കൂട്ടിലാണ് പ്രതിമ നിര്‍മ്മിക്കപ്പെട്ടതെന്ന് ചരിത്ര ഗവേഷകര്‍ പറയുന്നു. ഈ പ്രതിമ ഇതുവരെയും തുരുമ്പെടുക്കുകയോ മറ്റെന്തെങ്കിലും നാശമോ ഇതിനുണ്ടായിട്ടില്ല. ആഭരണവും പൈസയും സൂക്ഷിക്കുന്ന നെട്ടൂര്‍ പെട്ടി, താളിയോല ഗ്രന്ഥങ്ങള്‍, മെതിയടികള്‍ എന്നിവയും കാഴ്ചക്കാരെ ആകര്‍ഷിക്കാന്‍ ഇവിടെയുണ്ട്. ഡബ്ലു. പി അച്ചന്‍കുഞ്ഞാണ് പുരാവസ്തുവകുപ്പ് സ്റ്റാളിന്റെ ചാര്‍ജ് ഓഫീസര്‍.

(പിഎന്‍പി 3669/18) 

date