ബാല്യം ചിരിക്കട്ടെ : ബാലാവകാശവാരാചരണത്തിനു തുടക്കമായി
കൊച്ചി: ജില്ലാ ശിശു സംരക്ഷണ യൂണിറ്റും കേരള സംസ്ഥാന ബാലാവകാശ സംരക്ഷണകമ്മീഷനും ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിക്കുന്ന ബാലാവകാശ വാരാചരണത്തിന് തുടക്കമായി. ബാല്യം ചിരിക്കട്ടെ എന്ന പ്രമേയവുമായി എറണാകുളം ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേത്യത്വത്തിലാണ് ഒരാഴ്ച നീണ്ട നില്‍ക്കുന്ന വാരാചരണപരിപാടികള്‍ സംഘടിപ്പിക്കുന്നത്.
കാക്കനാട് നൈപുണ്യ പബ്ലിക് സ്‌കൂളില്‍ ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി സെക്രട്ടറിയും മുന്‍ സബ് ജഡ്ജുമായ എ.എം.ബഷീര്‍ ജില്ലാതല വാരാഘോഷം ഉദ്ഘാടനം ചെയ്തു. ഗര്‍ഭധാരണം മുതല്‍ 18 വയസ്സുവരെ കുട്ടികള്‍ക്ക് ഭരണഘടന അനുശാസിക്കുന്ന എല്ലാ അവകാശങ്ങളും നല്‍കാന്‍ സമൂഹം ബാധ്യസ്ഥമാണെന്നും അതിനായി ഇത്തരം പ്രചരണ പരിപാടികള്‍ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ കെ.ബി. സൈന അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ കെ.എ ഫ്രാന്‍സീസ്, സ്‌കൂള്‍ ഡയറക്ടര്‍ ഫാദര്‍ പോള്‍ മേലേടത്ത്, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പത്മജാനായര്‍, കെ.എം. നിഷാദ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ശിശു ദിനാഘോഷത്തിന്റെ ഭാഗമായി പ്രശസ്ത പാവ നാടകക്യത്ത് വിനോദ് നരനാടിന്റെ കിറ്റി ഷോ സ്‌കൂളില്‍ അരങ്ങേറി.
- Log in to post comments