ലഹരി ഉപയോഗം സര്‍ഗാത്മകതയ്ക്ക് ദോഷമെന്ന് ബെന്യാമിന്‍
പുതുതലമുറ ഭാഷയ്ക്ക് പ്രാധാന്യം നല്‍കി ഭാവന സൃഷ്ടിയുള്ളവരായി വളരണമെന്നും ലഹരി ഉപയോഗം സര്‍ഗാത്മകതയെ ബാധിക്കുമെന്നും സാഹിത്യകാരന്‍ ബെന്യാമിന്‍. എക്‌സൈസ് വിമുക്തി മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടപ്പാക്കുന്ന 'ലഹരിക്കെതിരെ വായനാ ലഹരി' ജില്ലാതല ഉദ്ഘാടനം തിരുവല്ല എം.ജി എം. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നഷ്ടങ്ങളെ ഓര്‍ത്തു ദുഃഖിക്കാതെ ജീവിതത്തെ പ്രത്യാശാപരവും ശുഭപ്രതീക്ഷയോടുകൂടി കാണുവാന്‍ കഴിയണം. പ്രലോഭനങ്ങള്‍ക്ക് അടിമപ്പെടാതെ കള്ള പ്രചരണങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി കഠിനാധ്വാനത്തോടെ പ്രവര്‍ത്തിച്ചാല്‍ ജീവിതവിജയം കൈവരിക്കാന്‍ സാധിക്കും. ലഹരി ഉപയോഗിക്കുന്നവരുടെ ജീവിതം സമൂഹത്തില്‍ ശപിക്കപ്പെട്ടവരുടേതാണ്. പുതുതലമുറ ജീവശ്വാസം പോലെ വായനയെ കാണണം.
എന്താകുവാനാണോ ആഗ്രഹിക്കുന്നത് അതിന്റെ പരമോന്നതിയില്‍ എത്തുവാന്‍ പ്രയത്‌നിക്കണം. ഭാവനാലോകം ബുദ്ധിയുടെ വികാസത്തിന് മുഖാന്തരമാണന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.കെ തോമസ് അധ്യക്ഷനായി. അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ സനില്‍ എസ് മുഖ്യസന്ദേശം നല്‍കി. വിമുക്തി മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അഡ്വ. ജോസ് കളീക്കല്‍, തിരുവല്ല എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മിഥുന്‍ മോഹന്‍ , ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് ദീപാ മേരി ജേക്കബ്, ഫാ. സി വി ഉമ്മന്‍, അധ്യാപകരായ മത്തായി ടി വര്‍ഗീസ്, ലീന എബ്രഹാം, ഷേര്‍ളി തോമസ്, ബിനു ചെറിയാന്‍ എന്നിവര്‍ പ്രസംഗിച്ചു.
- Log in to post comments