Skip to main content

ഉപഭോക്തൃ സംരക്ഷണ നിയമം: ബോധവല്‍കരണം ആവശ്യമെന്ന് ജില്ലാ കലക്ടര്‍

ഉപഭോക്തൃ സംരക്ഷണ നിയമത്തെപറ്റി പൊതുജനങ്ങള്‍ക്ക് അറിവുണ്ടാകണമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍. കലക്ടറേറ്റ് ചേമ്പറില്‍ ചേര്‍ന്ന ജില്ലാതല ഉപഭോക്തൃ സംരക്ഷണ സമിതിയുടെ മൂന്നാമത്തെ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. 2019 ഉപഭോക്തൃ സംരക്ഷണ നിയമം വകുപ്പ് 8(1) പ്രകാരവും 2021 ഉപഭോക്തൃ സംരക്ഷണചട്ടം 5 പ്രകാരവും ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും ഉപഭോക്തൃ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനും അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമാണ് യോഗം ചേര്‍ന്നത്.

ഉപഭോക്തൃ സംരക്ഷണ നടപടി വികസിപ്പിക്കുകയും ഉപഭോക്തൃ അവകാശങ്ങള്‍ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ബോധവല്‍ക്കരിക്കുകയും ചെയ്യുകയാണ് സമിതിയുടെ ഉദ്ദേശം. സേവനദാതാക്കളില്‍ നിന്നുണ്ടാകുന്ന വീഴ്ച്ചകള്‍ക്ക് ഉപഭോക്താക്കളെ സഹായിക്കാന്‍ രൂപികരിച്ച കോടതി സ്വഭാവത്തോട് കൂടിയ സംവിധാനമാണ് ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മീഷന്‍. ഓണ്‍ലൈന്‍ മുഖേനെ പരാതി സമര്‍പ്പിക്കാനുളള സംവിധാനം നിലവിലുണ്ട്. മല്ലപ്പളളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കൂടത്തില്‍, ജില്ലാ സപ്ലൈ ആഫീസര്‍ കെ ആര്‍ ജയശ്രീ, സിഡിആര്‍സി അസിസ്റ്റന്റ് രജിസ്ട്രാര്‍ ദീപ എസ് അനിരുദ്ധന്‍, കണ്‍സ്യൂമര്‍ വിജിലന്‍സ് സെന്റര്‍ അംഗം ഗിരിജാമോഹന്‍, കര്‍ഷക പ്രതിനിധി അംഗം എബ്രഹാം പരുവാനിക്കല്‍, ജില്ലാ ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

date