Skip to main content

ലഹരി: പുതുതലമുറക്കായി ഭരണസംവിധാനത്തോടൊപ്പം സമൂഹവും നിൽക്കണം- പി പി ചിത്തരഞ്ജൻ

അന്താരാഷ്ട്ര ലഹരിവിരുദ്ധ ​ദിനം​- ജില്ലാതല ഉദ്ഘാടനം  സംഘടിപ്പിച്ചു

സമൂഹവും ഭരണസംവിധാനവും  ഒറ്റക്കെട്ടായി  പുതുതലമുറയെ ലഹരിയിൽ നിന്നും സംരക്ഷിക്കണമെന്ന് പി പി ചിത്തരഞ്ജൻ എം എൽ എ പറഞ്ഞു.
അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിൻ്റെ ജില്ലാതല ഉദ്ഘാടനം ആലപ്പുഴ​ കാട്ടൂർ ഹോളി ഫാമിലി എച്ച് എസ് എസിൽ  നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.ലഹരിക്കെതിരെ നിരന്തര ബോധവൽക്കരണവും തുടർ പ്രവർത്തനങ്ങളും ജനങ്ങൾക്കിടയിൽ നടത്തികൊണ്ടിരിക്കുകയാണ്. വിദ്യാർഥികളെ ലഹരിയിൽ നിന്നും സംരക്ഷിക്കുവാനും മാറ്റി ചിന്തിപ്പിക്കുവാനും അവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുവാൻ നമുക്ക് ഉത്തരവാദിത്തമുണ്ടെന്നും എം എൽ എ പറഞ്ഞു.

മുഖ്യാതിഥിയായിരുന്ന​ മുൻ ഡിജിപി ഋഷിരാജ് സിംഗ് വിദ്യാർഥികൾക്ക് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. കുട്ടികൾ  തങ്ങൾക്ക് അഭിരുചിയുള്ള കലാ കായിക മേഖലകളിലോ വിനോദ പ്രവർത്തനങ്ങളിലോ സമയം ചെലവഴിച്ചാൽ ലഹരിയുടെ വഴി തേടി  പോകില്ല എന്ന് ഋഷിരാജ് സിംഗ് പറഞ്ഞു

പുകയില ഉത്പനങ്ങൾ ഉപയോഗിച്ചാണ് കുട്ടികൾ ലഹരിയുടെ ലോകത്തേക്ക് എത്തുന്നത്. ഇത് തടയണം.​ കുട്ടികളിലുണ്ടാകുന്ന മാറ്റങ്ങൾ രക്ഷകർത്താക്കൾക്കും   അധ്യാപകർക്കും തിരിച്ചറിയാൻ കഴിയണം. അങ്ങനെയാണെങ്കിൽ കുട്ടികളെ ലഹരിയുടെ പിടിയിൽ നിന്നും രക്ഷിക്കാം.

ജില്ലാ കളക്ടർ അലക്സ് വർഗീസ്​ അധ്യക്ഷനായി. ജില്ലാ ഭരണകൂടം,  ജില്ലാ സാമൂഹ്യനീതി ഓഫീസ് (നശാമുക്ത് ഭാരത് അഭിയാൻ ക്യാംപയിൻ), പൊതുവിദ്യാഭ്യാസ വകുപ്പ്, എക്സൈസ് വകുപ്പ് (വിമുക്തി മിഷൻ) എന്നിവർ ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.
 
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാരായ പി പി സംഗീത, കെ സുദർശന ഭായ്,  സാമൂഹ്യനീതി വകുപ്പ് അസി. ഡയറക്ടർ എ ഒ അബീൻ, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എസ് അശോക് കുമാർ, വിദ്യാഭ്യാസ ഉപഡയറക്ടർ ഇ എസ് ശ്രീലത, വിമുക്തി ജില്ലാ മാനേജർ ഇ പി സിബി, സ്കൂൾ പ്രിൻസിപ്പൽ കെ എസ് സൈറസ് തുടങ്ങിയവർ സംസാരിച്ചു.

ദിനാചരണത്തിന്റെ ഭാഗമായി സൈക്കിൾ റാലി, പാവ നാടക വണ്ടി തോൽപ്പാവക്കുത്ത് ലഹരി വിരുദ്ധ ബോധവൽക്കരണം, ലഹരി വിരുദ്ധ പ്രതിജ്ഞ, സെമിനാർ, കൗൺസിലിംഗ്, സിഗ്നേച്ചർ ക്യാംപയിൻ, മോക്ഡ്രിൽ, ക്വിസ് മത്സരം, സ്‌കൂൾ വിദ്യാർഥികളും അധ്യാപകരും അവതരിപ്പിക്കുന്ന സുംബാ ഡാൻസ്, മറ്റ് കലാപരിപാടികൾ, മത്സരങ്ങൾ എന്നിവയും സംഘടിപ്പിച്ചു.

​(പിആർ/എഎൽപി/1841)

date