വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് മേഖലാതല അക്കാദമിക മോണിറ്ററിങ് ശില്പശാല സംഘടിപ്പിച്ചു
സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി ഫലപ്രദമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് (ഡിഡിഇ, ഡിഇഒ, എഇഒ) അക്കാദമിക മോണിറ്ററിങ് ശില്പശാല കൈറ്റ് മലപ്പുറം ജില്ലാകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു. ജില്ലാ പ്ലാനിങ് സെക്രട്ടേറിയേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ശില്പശാല കൈറ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ കെ. അന്‍വര്‍ സാദത്ത് ഉദ്ഘാടനം ചെയ്തു. കൈറ്റ് ജില്ലാ കോര്‍ഡിനേറ്റര്‍ കെ. മുഹമ്മദ് ഷെരീഫ് അധ്യക്ഷത വഹിച്ചു. ഡോ. ഷാനവാസ് കെ, ഡോ. നിഷാദ് അബ്ദുള്‍ കരീം, സുരേന്ദ്രന്‍ അടുത്തില എന്നിവര്‍ വിവിധ സെഷനുകള്‍ നയിച്ചു.
നവീകരിച്ച സമഗ്ര പോര്‍ട്ടല്‍ ഉപയോഗപ്പെടുത്തിയാണ് അക്കാദമിക മോണിറ്ററിങ് നടത്തുക. ഓരോ സ്‌കൂളിലെയും വിദ്യാലയ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നതിനും സാധിക്കുന്ന രീതിയിലാണ് പോര്‍ട്ടലില്‍ അക്കാദമിക മോണിറ്ററിങ് മൊഡ്യൂള്‍ ക്രമീകരിച്ചിരിക്കുന്നത്. അധ്യാപകര്‍ക്ക് മികച്ച പഠനപിന്തുണ നല്‍കുന്നത്തിനായി കൈറ്റിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയിരിക്കുന്ന സമഗ്ര വിഭവ പോര്‍ട്ടലില്‍ വിദ്യാര്‍ഥികള്‍ക്ക് സ്വയം പഠനത്തിന് സഹായകരമായ ലേര്‍ണിംഗ് റൂം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ലഭ്യമാണ്.
പൊതു വിദ്യാലയങ്ങളില്‍ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളില്‍ ജില്ലയിലെ ഹൈസ്‌കൂള്‍, പ്രൈമറി പ്രഥമാധ്യാപകര്‍ക്കും സ്‌കൂളുകളിലെ ഐ.ടി കോര്‍ഡിനേറ്റര്‍മാര്‍ക്കും എസ്ആര്‍ജി കണ്‍വീനര്‍മാര്‍ക്കും പരിശീലനം ക്രമീകരിക്കുമെന്ന് കൈറ്റ് ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു.
- Log in to post comments