Skip to main content

ഡിപ്ലോമ പരീക്ഷാ ഫലം: പൈനാവ് മോഡല്‍ പോളിടെക്‌നിക് കോളേജിന് മികച്ച വിജയം

ഏപ്രിലില്‍ നടന്ന ഡിപ്ലോമ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചപ്പോള്‍ പൈനാവ് ഐ.എച്ച്.ആര്‍.ഡി മോഡല്‍ പോളിടെക്‌നിക് കോളേജ് 83.64 ശതമാനത്തോടെ മികച്ച വിജയം കരസ്ഥമാക്കി. ഇടുക്കി ജില്ലയിലെ പോളിടെക്‌നിക് കോളേജുകളില്‍ ഒന്നാം സ്ഥാനവും, ഐ.എച്ച്.ആര്‍.ഡിയുടെ കീഴിലുള്ള പോളിടെക്‌നിക്കുകളില്‍ രണ്ടാം സ്ഥാനവും നേടാന്‍ പൈനാവ് മോഡല്‍ പോളിടെക്‌നിക് കോളേജിന് സാധിച്ചു. സംസ്ഥാനതലത്തില്‍ ഇരുപത്തിയൊന്നാം സ്ഥാനവും കോളേജ് കരസ്ഥമാക്കി. വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ഭാഗത്തുനിന്നുണ്ടായ ആത്മാര്‍ത്ഥമായ ശ്രമവും, അതോടൊപ്പം രക്ഷിതാക്കളുടെ പിന്തുണയുമാണ്  മികച്ച വിജയത്തിലേയ്ക്ക് കോളേജിനെ നയിച്ചതെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. കോഴ്‌സ് പൂര്‍ത്തിയാക്കിയ എല്ലാ വിദ്യാര്‍ഥികള്‍ക്കും കോളേജിലെ പ്ലേസ്‌മെന്റ് സെല്‍ മുഖേന ജോലി ലഭിച്ചിട്ടുണ്ട്. നിലവില്‍ പൈനാവ് മോഡല്‍ പോളിടെക്‌നിക് കോളേജില്‍ അഞ്ച് ബ്രാഞ്ചുകളിലായി എഞ്ചിനീയറിങ് ഡിപ്ലോമ കോഴ്‌സുകളുണ്ട്. ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ്, ബയോമെഡിക്കല്‍ എഞ്ചിനീയറിങ്, കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്, മെക്കാനിക്കല്‍ എഞ്ചിനീയറിങ്, സൈബര്‍ ഫോറന്‍സിക് ആന്റ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി എന്നിവയാണ് ബ്രാഞ്ചുകള്‍. എല്ലാ ബ്രാഞ്ചുകളിലേക്കും പ്രവേശന നടപടികള്‍ ആരംഭിച്ചു. പ്ലസ് ടു (സയന്‍സ്), വി.എച്ച്.എസ്.ഇ, ഐ.ടി.ഐ പാസായവര്‍ക്ക് രണ്ടാം വര്‍ഷത്തിലേക്കുള്ള സ്‌പോട്ട് അഡ്മിഷനും നടന്നുവരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8547005084, 9446073146, 9947889441.

 

date