സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ദുരന്ത അവബോധം: ബോധവല്‍ക്കരണവുമായി ദേശീയ ദുരന്തനിവാരണ സേന
സ്കൂള്‍ വിട്ടു വീട്ടിലേക്ക് പോകുമ്പോഴോ വീട്ടിലായിരിക്കുമ്പോഴോ ഒരു അത്യാഹിതം സംഭവിച്ചാല്‍ എന്ത് ചെയ്യണം...?? ദുരന്തസമയത്ത് വേണ്ട പ്രതിരോധം, മുന്‍കരുതല്‍, രക്ഷാപ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്...?? ഇങ്ങനെയുള്ള കാര്യങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് അറിവ് പകരാന്‍ ദേശീയ ദുരന്തനിവാരണ സേന (എന്‍.ഡി.ആര്.എഫ്) ജില്ലയിലെ വിവിധ സ്കൂളുകളിലെത്തും.
സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ദുരന്ത അവബോധം നല്‍കുക എന്ന ലക്ഷ്യത്തോടെ എന്‍.ഡി.ആര്.എഫ് ഇന്‍സ്പെക്ടര്‍ സി.എം സുജിത്തിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘം ജില്ലയിലെ വിവിധ സ്കൂളുകളില്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ തുടങ്ങി. ജില്ലയിലെ 20 സ്കൂളുകളിലാണ് ക്ലാസുകള്‍ നടത്തുന്നത്. ദുരന്തസമയത്തും അതിനുശേഷവും സ്വീകരിക്കേണ്ട മുന്‍കരുതലുകളെയും നടപടികളെയും കുറിച്ച് അവബോധം നല്‍കുകയാണ് പ്രധാന ലക്ഷ്യം. അതോടൊപ്പം വിദ്യാര്‍ഥികള്‍ക്ക് സ്വയം രക്ഷിക്കാനുള്ള കഴിവുകള്‍ വര്‍ദ്ധിപ്പിക്കാനും മറ്റുള്ളവരെ സഹായിക്കാനും പ്രാപ്തരാക്കാനുള്ള പരിശീലനം നല്‍കും. സമൂഹത്തില്‍ ഒരു ദുരന്ത പ്രതികരണ സംസ്കാരം വളര്‍ത്തുക, ദുരന്തനിവാരണ സേനയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അവരുടെ സേവനങ്ങളെക്കുറിച്ചും ജനങ്ങളെ അറിയിക്കാനും എന്‍.ഡി.ആര്.എഫ് ഈ ബോധവല്‍ക്കരണ ക്ലാസുകള്‍ കൊണ്ട് ഉദ്ദേശിക്കുന്നു.
വിവിധതരം ദുരന്തങ്ങളും അവ ജീവിതത്തില്‍ ഉണ്ടാക്കുന്ന ആഘാതങ്ങളെക്കുറിച്ചുളള വിശദീകരണം, രക്ഷാപ്രവര്‍ത്തനം എന്നിവയാണ് സേനാംഗങ്ങള്‍ ക്ലാസുകളില്‍ വിദ്യാര്‍ഥികള്‍ക്ക് വിവരിക്കുന്നത്. ഇതിന് പുറമെ അപകടത്തില്‍പ്പെട്ടവരെ ഉടന്‍ ശുശ്രൂഷിക്കാനുള്ള അടിസ്ഥാനപരമായ പരിശീലനം, പരിക്കേറ്റവരെ സുരക്ഷിതമായി മാറ്റുന്ന രീതികള്‍, അപകടങ്ങളെ തുടര്‍ന്നുണ്ടാകുന്ന രക്തസ്രാവം എങ്ങനെ തടയാം, പരിക്കേറ്റാല്‍ വേണ്ട അടിയന്തര നടപടികള്‍ എന്നിവയെക്കുറിച്ചും ക്ലാസുകളില്‍ വിശദീകരിക്കും. സി.പി.ആര് നല്കല്, ശ്വാസതടസം വന്നാല്‍ കൈകാര്യം ചെയ്യേണ്ട വഴികള്‍ അസ്ഥികള്‍ക്ക് ഗുരുതര പരിക്കേറ്റവരെ രക്ഷിക്കല്‍ അവര്‍ക്ക് നല്‍കേണ്ട പ്രാഥമിക ചികിത്സാ രീതി, പരിക്കേറ്റ ആളുകള്‍ക്ക് മുന്‍ഗണന നിശ്ചയിക്കല്‍,അടിയന്തര സമയത്ത് ലഭ്യമായ സാമഗ്രികള്‍ ഉപയോഗിക്കല്‍, വെള്ളപ്പൊക്ക സമയങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഉപയോഗിക്കാവുന്ന ഉപകരണങ്ങള്‍, ഭൂചലന സമയത്ത് ശ്രദ്ധിക്കേണ്ട സുരക്ഷാക്രമീകരണങ്ങള്‍ തുടങ്ങിയ കാര്യങ്ങളിലും അവബോധം നല്‍കും. തീപ്പിടിത്തമുണ്ടാകുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളും രക്ഷാപദ്ധതികളും വിദ്യാര്‍ഥികള്‍ക്ക് വിശദമാക്കുന്നുണ്ട്.
കാലാവസ്ഥ, കടലിലെ മാറ്റങ്ങള്‍, തീരദേശ മുന്നറിയിപ്പുകള്‍, ഭൂചലനം തുടങ്ങിയവയെക്കുറിച്ചുള്ള പ്രാരംഭ മുന്നറിയിപ്പ് സംവിധാനമെന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ആപ്പുകളായ മൗസം, സചേത്, ദാമിനി, സാഗര്വാണി, ഭൂകമ്പ് തുടങ്ങിയ ആപ്പുകളുടെ ഉപയോഗവും പ്രാധാന്യവും ബോധവല്കരണ ക്ലാസുകളില്‍ പരിചയപ്പെടുത്തുന്നുണ്ട്. 20 സ്കൂളുകളില്‍ നടത്തുന്നത് കൂടാതെ പഞ്ചായത്ത് തലത്തില്‍ 20 ഇടങ്ങളില്‍ കമ്യൂണിറ്റി ബോധവല്‍ക്കരണ ക്ലാസും നടത്തുന്നുണ്ടെന്ന് എന്‍.ഡി.ആര്.എഫ് ഇന്‍സ്പെക്ടര്‍ സി.എം സുജിത്ത് പറഞ്ഞു.
ചിത്രം
ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ ബോധവല്‍ക്കരണ ക്ലാസില്‍ നിന്നും
- Log in to post comments