പുതുവഴിയെ കൃഷിവകുപ്പ്
ഈസ്റ്റ് എളേരി, കോടോം ബേളൂര്‍ പഞ്ചായത്തുകളില്‍ ഇനി ഓര്‍ക്കിഡ് വസന്തം തീര്‍ക്കും
'പൂക്കള്‍ ഒക്കെ കൃഷി ചെയ്ത് എന്ത് കിട്ടാനാ? ' എന്ന് ചോദിക്കുന്നവര്‍ക്ക് ഈസ്റ്റ് എളേരി, കോടോം ബേളൂര്‍ പഞ്ചായത്തുകളിലെ കര്‍ഷകര്‍ ഒരു പാഠമാണ്. കൃഷി വകുപ്പിന്റെ സഹായത്തോടെ ഓര്‍ക്കിഡ് കൃഷിയിലൂടെ സ്ഥിരമായ വരുമാനമാര്‍ഗം കണ്ടെത്തുകയാണ് ഇവര്‍. കൃഷി വകുപ്പിന്റെ പഴങ്ങള്‍, പൂക്കള്‍, ഔഷധസസ്യങ്ങള്‍ എന്നിവയുടെ സംയുക്തവികസനം മുന്‍ നിര്‍ത്തി നടപ്പിലാക്കുന്ന ''ഫ്‌ളോറി വില്ലേജ്'' എന്ന പദ്ധതിയുടെ ഭാഗമായാണ് ഈ കർഷകർ ഓര്‍ക്കിഡ് കൃഷി നടത്തുന്നത്. ഇവർക്ക് ഓര്‍ക്കിഡ് കൃഷി ഒരിക്കലും നഷ്ടമല്ല അവരുടെ മികച്ച വരുമാനമാര്‍ഗമാണ്.
പദ്ധതിയുടെ ഭാഗമായി കാര്‍ഷിക വികസന സമിതിയുമായി ചേര്‍ന്ന് കോടോംബേളൂര്‍, ഈസ്റ്റ് എളേരി പഞ്ചായത്തുകളില്‍ നിന്ന് താല്‍പര്യമുള്ള കര്‍ഷകരെ കണ്ടെത്തുകയും അവരെ വിവിധ ഗ്രുപ്പുകളാക്കി പരിശീലനം നല്‍കുകയും ചെയ്തു. ആത്മയുടെ നേതൃത്വത്തിലാണ് ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കിയത്.പ്രജനനം, കൃഷി രീതി തുടങ്ങിയ മേഖലകളിലായിരുന്നു പ്രധാനമായും പരിശീലനം നല്‍കിയത്. നിലവില്‍ 52 ഗുണഭോക്താക്കളാണ് പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നത്. അതില്‍ 25 പേര്‍ പട്ടിക വര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവരാണ്.
ഓരോ ഗുണഭോക്താവിനും 100 തൈകള്‍ വരെയാണ് വകുപ്പ് മുഖാന്തരം വിതരണം ചെയ്തത്. കൂടാതെ കര്‍ഷകര്‍ക്ക് ആവശ്യമായ രാസവളം,ടെന്റ് തുടങ്ങിയ സൗകര്യങ്ങളും അനുവദിച്ചു. നിലവില്‍ ഈസ്‌റ്റ് എളേരി, കോടോം ബേളൂര്‍ പഞ്ചായത്തുകളിലായി രണ്ട് ഗ്രൂപ്പുകള്‍ ആയിട്ടാണ് ഓര്‍ക്കിഡ് കൃഷി നടത്തി വരുന്നത്. കുറഞ്ഞ ചെലവില്‍ പരമാവധി ലാഭം നേടാന്‍ കഴിയുന്ന ഈ വിളയ്ക്കു വിപണിയില്‍ ആവശ്യക്കാര്‍ ഏറെയുണ്ട്. ആഘോഷ പരിപാടികൾ, വിവാഹങ്ങള്‍, മറ്റു ചടങ്ങുകള്‍, അലങ്കാരം തുടങ്ങിയവയ്ക്ക് വന്‍തോതില്‍ ഓര്‍ക്കിഡുകള്‍ ഉപയോഗിക്കാറുണ്ട്. നിലവില്‍ ഓരോ ഓര്‍ക്കിഡ് ചെടിക്കും ശരാശരി 200 രൂപ വരെയായാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. ''വരും കാലങ്ങളില്‍ മറ്റു ഇനങ്ങളിലേക്കും കൃഷി വ്യാപിപ്പിക്കാനാണ് കര്‍ഷകരുടെയും കൃഷിവകുപ്പിന്റെയും ശ്രമം.
''പൊതുവേ കര്‍ഷകര്‍ ചെയ്യാന്‍ മടിക്കുന്ന ഒരു മേഖലയായ ഓര്‍ക്കിഡ് കൃഷിയിലേയ്ക്ക് ഞങ്ങള്‍ എത്തിയതിനു പിന്നില്‍ കൃഷി വകുപ്പിന്റെയും ഉദ്യോഗസ്ഥരുടെയും വലിയ പിന്തുണയുണ്ടായിരുന്നു. പരിശീലനവും തൈ വിതരണവും മാത്രമല്ല, സബ്‌സിഡി ഇനത്തില്‍ വിതരണം ചെയ്ത രസവളവും, ടെന്റും സഹായമായി. കൃത്യമായ മാര്‍ക്കറ്റിനു വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ഇപ്പോഴെന്നും ഈസ്റ്റ് എളേരി പഞ്ചായത്തിലെ ഓര്‍ക്കിഡ് കര്‍ഷകന്‍ സെബാസ്റ്റ്യന്‍ പറഞ്ഞു.
- Log in to post comments