Skip to main content

മൊകേരിയിൽ സോഷ്യൽ ഓഡിറ്റിങ് ആൻഡ് പബ്ലിക് ഹിയറിങ് സംഘടിപ്പിച്ചു

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി മൊകേരി ഗ്രാമപഞ്ചായത്തിൽ സോഷ്യൽ ഓഡിറ്റിങ് ആൻഡ് പബ്ലിക് ഹിയറിങ് സംഘടിപ്പിച്ചു.  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വത്സൻ ഉദ്ഘാടനം ചെയ്തു. പാനൂർ ബ്ലോക്ക് പഞ്ചായത്ത് എക്സ്റ്റൻഷൻ ഓഫീസർ ബാബു മണപ്പാട്ടിൽ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ ആറു മാസങ്ങളിൽ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലായി നടത്തിയ തൊഴിലുറപ്പ് പദ്ധതിയുടെ പ്രവർത്തനങ്ങൾ സോഷ്യൽ ഓഡിറ്റിംഗ് വിഭാഗം നേരിട്ട് സന്ദർശിച്ചും തൊഴിലാളികളെ നേരിൽ കണ്ട് സംസാരിച്ചും തയ്യാറാക്കിയ സോഷ്യൽ ഓഡിറ്റ് റിപ്പോർട്ട് അവതരിപ്പിച്ചു. തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രവർത്തനങ്ങളിൽ ഉണ്ടായ ന്യൂനതകളും നേട്ടങ്ങളും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. തൊഴിലാളികൾക്ക് അവരുടെ പ്രവർത്തനങ്ങളിൽ വന്നിട്ടുള്ള പോരായ്മകളെ കുറിച്ച് നേരിട്ട് ബോധ്യം ഉണ്ടാക്കാനും തുടർന്നുള്ള പ്രവർത്തനങ്ങളിൽ അത്തരം പോരായ്മകൾ  വരാതിരിക്കാനുമുള്ള ലക്ഷ്യത്തോടെയാണ് യോഗം സംഘടിപ്പിച്ചത്.

മൊകേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എം രാജശ്രീ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി പി റഫീഖ്, പി അനിത, വനജ, അനിൽ വള്ളിയായി, സജിലത, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സജിത്ത്, തൊഴിലുറപ്പ് മേഖലയിലെ പഞ്ചായത്ത് അസിസ്റ്റന്റ്  എൻജിനീയർ സബിത, ഓവർസിയർ കെ കെ ശ്രേയ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

date