Skip to main content
നിർമ്മാണം പൂർത്തിയായ കൊളപ്പ വോളിബോൾ സ്റ്റേഡിയം

പറന്നുയരട്ടെ കൂടാളിയുടെ കായിക സ്വപ്നങ്ങൾ; കൂടാളി വോളിബോൾ കോർട്ട് കെ.കെ ശൈലജ ടീച്ചർ എംഎൽഎ തിങ്കളാഴ്ച നാടിന് സമർപ്പിക്കും

കൂടാളിയുടെ കായിക സ്വപ്നങ്ങൾക്ക് ചിറക് നൽകാൻ കൂടാളി വോളിബോൾ കോർട്ട് ജൂൺ 30 ന് വൈകീട്ട് അഞ്ച് മണിക്ക് കെ.കെ ശൈലജ ടീച്ചർ എംഎൽഎ ഉദ്ഘാടനം ചെയ്യും. കൂടാളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ ഷൈമ അധ്യക്ഷയാകും.
കെ.കെ ശൈലജ ടീച്ചർ എംഎൽഎയുടെ ആസ്തി വികസന ഫണ്ടും കൂടാളി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി ഫണ്ടും ഉപയോഗപ്പെടുത്തി 25 ലക്ഷം രൂപ ചെലവഴിച്ചാണ് കോർട്ട് നിർമിച്ചിട്ടുള്ളത്. നിർമ്മാണത്തിനായി കൂടാളി ഗ്രാമപഞ്ചായത്താണ് സ്ഥലം നൽകിയത്. 360 ചതുരശ്ര മീറ്ററിലാണ് വോളിബോൾ കോർട്ട് നിർമ്മിച്ചിരിക്കുന്നത്. കോർട്ട് ഉൾപ്പെടെയുള്ള മൊത്ത വികസന പ്രവൃത്തികൾ 630 ചതുരശ്ര മീറ്ററിലാണ്. റോഡിനോട് ചേർന്ന പ്രദേശമായതിനാൽ പന്ത് പുറത്തുപോകുന്നത് തടയാനായി ജി ഐ ഫെൻസിങ്ങും കാണികൾക്കായി സീറ്റിങ്ങും ചെയ്തിട്ടുണ്ട്.
വെറ്ററൻ വോളിയിലും സ്കൂൾ - കോളേജ് കായിക മേളകളിലും ശ്രദ്ധേയമായ പ്രകടനങ്ങൾ നടത്തിയ നിരവധി വോളിബോൾ താരങ്ങളെ സംഭാവന നൽകിയ പ്രദേശമാണ് കൂടാളി ഗ്രാമപഞ്ചായത്തിലെ പട്ടാന്നൂർ. പ്രദേശത്തെ കായിക പ്രേമികളുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു പരിശീലനങ്ങൾക്കും മത്സരങ്ങൾക്കുമായുള്ള വോളിബോൾ കോർട്ട്. 
2023 ഒക്ടോബറിലാണ് പദ്ധതിയുടെ നിർമാണ പ്രവൃത്തികൾ ആരംഭിച്ചത്. തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ കീഴിലുള്ള ലോക്കൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് ആൻഡ് എഞ്ചിനീയറിംഗ് വിംഗാണ് പദ്ധതി നിർവഹണ അതോറിറ്റി. സി അസ്കറാണ് കരാറുകാരൻ.
സ്റ്റേഡിയം യഥാർത്ഥ്യമാകുന്നതോടെ കൂടാളി നിവാസികളുടെ ഏറെ നാളത്തെ സ്വപ്നമാണ് പൂവണിയുന്നത്.

date