എല്ലാ വീട്ടിലും പച്ചക്കറി : തൈ വിതരണവുമായി അയ്യമ്പുഴ ഗ്രാമ പഞ്ചായത്ത്
അയ്യമ്പുഴ ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി പച്ചക്കറി തൈ വിതരണം ചെയ്തു. എല്ലാ വീട്ടിലും പച്ചക്കറി എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ചിരിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി യൂ ജോമോൻ നിർവഹിച്ചു.
മൂന്ന് ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ വകയിരുത്തി നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ഗ്രാമസഭയിൽ അപേക്ഷ വച്ച മുഴുവൻ കുടുംബങ്ങൾക്കും പച്ചക്കറി തൈ വിതരണം ചെയ്തു. തക്കാളി, വെണ്ട, മുളക്, പാവലം തൈകളാണ് കൊടുക്കുന്നത്. പദ്ധതിയിലൂടെ രണ്ട് ഘട്ടങ്ങളിലായി രണ്ടായിരം കുടുംബംങ്ങൾക്ക് ഒന്നെകാൽ ലക്ഷം പച്ചക്കറി തൈകൾ ഫ്രീ ആയി വിതരണം ചെയ്യാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
വികസന കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ടി ആർ മുരളി അധ്യക്ഷനായ ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റിജി ഫ്രാൻസിസ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ റെജി വർഗീസ്, മെമ്പർമാരായ വിജയശ്രീ സഹദേവൻ, ജയ ഫ്രാൻസിസ്, എ ഡി എസ് അംഗം സവിത അശോകൻ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments