Skip to main content

ആധുനീകരിച്ച കൈരളി, ശ്രീ തിയേറ്ററുകള്‍ നാടിനു സമര്‍പ്പിച്ചു

ചലച്ചിത്ര വികസന കോര്‍പ്പറേഷന് കീഴില്‍ ആധുനീകരിച്ച തൃശ്ശൂര്‍ കൈരളി, ശ്രീ തിയേറ്ററുകള്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നാടിനു സമര്‍പ്പിച്ചു. സിനിമകള്‍ ഏറ്റവും മികച്ച രീതിയില്‍ പ്രേക്ഷകരിലേക്കെത്തിക്കുന്നതിന് ആധുനിക തിയേറ്ററുകള്‍ അത്യന്താപേക്ഷിതമാണെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കേരള ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ 1985 ല്‍ ചേര്‍ത്തലയിലാണ് ആദ്യത്തെ തിയേറ്റര്‍ ആരംഭിച്ചത്. ഇന്ന് ആറു ജില്ലകളിലായി 17 സ്‌ക്രീനുകള്‍ കൈഎസ്എഫ്ഡിസിക്ക് ഉണ്ട്. ഇതുകൂടാതെ പുതിയ തിയേറ്ററുകളുടെ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്നു. 2030 ആകുമ്പോഴേക്കും 50 സ്‌ക്രീനുകള്‍ സജ്ജമാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കൈരളി, ശ്രീ തിയേറ്ററുകള്‍ 1999 ലാണ് ആരംഭിച്ചത്. ഷാജി എന്‍. കരുണിന്റെ ആശയങ്ങളും ചിന്തകളുമാണ് മനോഹരമായ രീതിയില്‍ തിയേറ്റര്‍ നവീകരിക്കാനായതെന്നും മന്ത്രി പറഞ്ഞു. 16 കോടി ചിലവഴിച്ചാണ് നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയത്. ലോകത്തിലെ ഏറ്റവും മികച്ച സാങ്കേതികവിദ്യയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ലോകോത്തര സാങ്കേതിക വിദ്യയോടുകൂടിയ ആര്‍ജിബി ഫോര്‍ കെ ലേസര്‍ പ്രൊജക്ഷന്‍, ഹ്യൂഗോ സില്‍വര്‍ സ്‌ക്രീന്‍, 36 ചാനലുകളോടുകൂടിയ ഡോള്‍ബി അറ്റ്‌മോസ് ശബ്ദ സംവിധാനം, പുഷ് ബാക്ക് സീറ്റുകള്‍, പ്ലാറ്റിനം സോഫ സീറ്റുകള്‍ എന്നിവ തിയേറ്ററില്‍ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കൈരളി തിയേറ്ററില്‍ 33 ബാല്‍ക്കണി പ്ലാറ്റിനം സോഫ സീറ്റുകള്‍ ഉള്‍പ്പെടെ 519 സീറ്റുകളും, ശ്രീ തിയേറ്ററില്‍ 36 പ്ലാറ്റിനം സോഫ സീറ്റുകള്‍ ഉള്‍പ്പെടെ 327 സീറ്റുകളും ഒരുക്കിയിട്ടുണ്ട്. ഒരേ സമയം 800 ല്‍പ്പരം ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന തിയേറ്ററില്‍ സിനിമാ ആസ്വാദകര്‍ക്കായി ശീതീകരണ സംവിധാനത്തോടുകൂടിയ ബേബി ഫീഡിങ് റൂമുകള്‍, ലിഫ്റ്റ്, കഫെറ്റീരിയ, വെയ്റ്റിംഗ് ഏരിയ, ഗസ്റ്റ് റൂം, ടോയ്ലറ്റ്, വാഹന പാര്‍ക്കിങ് സൗകര്യങ്ങള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്. ഭിന്നശേഷി സൗഹൃദമായിട്ടാണ് തിയേറ്റര്‍ നിര്‍മ്മിച്ചിരിക്കുന്നത്.

സിനിമാ മേഖലയുടെ ഉന്നമനത്തിനായി ഒട്ടേറെ പദ്ധതികള്‍ നടപ്പിലാക്കിയതായും മന്ത്രി പറഞ്ഞു. പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തിലുള്ള സംവിധായകരെയും വനിതാ സംവിധായകരെയും പ്രോത്സാഹിപ്പിക്കുന്നതിനായി ഓരോ വിഭാഗത്തില്‍ നിന്നും രണ്ടുപേര്‍ക്കുവീതം എല്ലാ വര്‍ഷവും ഒന്നരക്കോടി രൂപ വീതം നാലുപേര്‍ക്ക് നല്‍കി സിനിമ നിര്‍മ്മിക്കുന്നു. ചലച്ചിത്ര വികസന കോര്‍പ്പറേഷന് കീഴിലെ വിവിധ തിയേറ്ററുകളും നവീകരിച്ചുകൊണ്ടിരിക്കുന്നു. കായംകുളം, വൈക്കം, അളഗപ്പനഗര്‍, പയ്യന്നൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പുതിയ തീയറ്ററുകള്‍ നിര്‍മ്മാണത്തിലാണെന്നും മന്ത്രി പറഞ്ഞു. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയിലൂടെ സിനിമാസാങ്കേതിക രംഗത്ത് പ്രവര്‍ത്തിക്കുന്നതിനായി വനിതകള്‍ക്ക് പരിശീലന പദ്ധതി ആരംഭിച്ചതായും  സിനിമയുടെ ഏതെങ്കിലും മേഖലയില്‍ മികവ് പുലര്‍ത്തുന്ന ട്രാന്‍സ്‌ജെന്റര്‍ വിഭാഗത്തിലുള്ളവര്‍ക്കായി പ്രത്യേക അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

150 കോടിയുടെ നവീകരണപ്രവൃത്തികള്‍ ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ നടപ്പിലാക്കുന്നുണ്ട്. ഇതിന്റെ ആദ്യഘട്ടത്തില്‍ 70 കോടിയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതായും മന്ത്രി പറഞ്ഞു. ചിത്രാഞ്ജലി സ്റ്റുഡിയോയുടെ നിര്‍മ്മാണം പൂര്‍ത്തിയായാല്‍ കേരളത്തിലെ ഏറ്റവും മികച്ച സിനിമാ പ്രവര്‍ത്തന കേന്ദ്രമായി ചിത്രാഞ്ജലി സ്റ്റുഡിയോ മാറുമെന്നും മന്ത്രി പറഞ്ഞു. സിനിമാ മേഖലയുടെ പ്രോത്സാഹനത്തിനായി തിരുവനന്തപുരത്ത് ആഗസ്റ്റ് രണ്ട്, മൂന്ന് തിയതികളിലായി സിനിമാ കോണ്‍ക്ലേവും കൊച്ചിയില്‍ ഡിസംബര്‍ 18, 19, 20 തിയതികളിലായി കള്‍ച്ചറല്‍ കോണ്‍ഗ്രസും നടത്തുമെന്നും മന്ത്രി പറഞ്ഞു. സിനിമകള്‍ക്ക് പേരിടുന്നതിനുള്ള അവകാശം പോലും മറ്റുള്ളവരിലേക്ക് പോകുന്ന കാലണാണിത്. എല്ലാ ആവിഷ്‌കാരവും ചോദ്യം ചെയ്യപ്പെടുന്ന ഈ കാലത്ത് തീര്‍ച്ചയായും സാംസ്‌കാരിക മേഖലയുടെ കൂട്ടായ്മ അനിവാര്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഒല്ലൂരില്‍ സിനിമാ തിയേറ്ററിന്റെ നിര്‍മ്മാണം തുടങ്ങുന്നതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

ശാരീരിക വ്യായാമം പോലും ജാതി, മത, രാഷ്ട്രീയ, വല്‍ക്കരിക്കപ്പെടുന്നതിലൂടെ അപകടകരമായ അന്തരീക്ഷത്തിലേക്ക് നമ്മളെ കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങള്‍ സമൂഹത്തിലെ വിവിധ ധാരകളില്‍ നടക്കുന്നുണ്ടെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചുകൊണ്ട് റവന്യൂ മന്ത്രി കെ. രാജന്‍ പറഞ്ഞു.
ശാരീരികവും മാനസികവുമായ മാറ്റങ്ങള്‍ക്ക് ഇടവരുന്ന വിധത്തില്‍ സൂംബ ഡാന്‍സ് വ്യായാമത്തെ അവതരിപ്പിക്കുവാനും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുവാനുമുള്ള അവസരങ്ങളെ പലവിധത്തിലുള്ള അഭിപ്രായപ്രകടനങ്ങള്‍ നടത്തി നഷ്ടപ്പെടുത്തുകയാണ്. കേരളത്തെ ബഹുസ്വരത എന്ന ആശയത്തില്‍ നിന്ന് അകറ്റുവാന്‍ ബോധപൂര്‍വമായ ഇടപെടല്‍ നടത്തുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സാംസ്‌കാരിക നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമായ ഘട്ടത്തിലാണ് സംസ്ഥാന ഭരണകൂടവും സാംസ്‌കാരിക വകുപ്പും സാംസ്‌കാരിക തലസ്ഥാനത്ത് കൈരളി, ശ്രീ പോലുള്ള സിനിമ പ്രദര്‍ശന സമുച്ചയങ്ങള്‍ സമ്മാനിച്ചത്. ഷാജി എന്‍. കരുണ്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനായിരുന്ന അവസരത്തില്‍ നിരവധി കേന്ദ്രങ്ങളില്‍ തിയറ്ററുകള്‍ ആരംഭിക്കാന്‍ കഴിഞ്ഞുവെന്നും ആമ്പല്ലൂരിലെ സിനിമാ പ്രദര്‍ശന സമുച്ചയ കേന്ദ്രം നാടിന് തുറന്നു നല്‍കിയതിനും മാന്ദാമംഗലം തിയേറ്റര്‍ കോംപ്ലക്‌സ് നിര്‍മ്മിക്കുവാന്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതിനും സംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് റവന്യു മന്ത്രി നന്ദി പ്രകടിപ്പിച്ചു.

ചടങ്ങില്‍ അഭിനയത്തിന്റെ 50 വര്‍ഷം പൂര്‍ത്തിയാക്കിയ ടി.ജി രവിയെയും തിയേറ്ററിന്റെ നവീകരണത്തില്‍ പങ്കാളിയായവരെയും മന്ത്രിമാര്‍ ചേര്‍ന്ന് ആദരിച്ചു. ചലച്ചിത്ര സംവിധായകനും ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ എം.എ നിഷാദ് ഷാജി എന്‍. കരുണ്‍ അനുസ്മരണ പ്രഭാഷണം നടത്തി.
കെ.എസ്.എഫ്.ഡി.സി മാനേജിംഗ് ഡയറക്ടര്‍ പി.എസ് പ്രിയദര്‍ശന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ചടങ്ങിന് പി. ബാലചന്ദ്രന്‍ എം.എല്‍.എ സ്വാഗതവും കെ.എസ്.എഫ്.ഡി.സി ഡയറക്ടര്‍ ബോര്‍ഡ് അംഗം ഷെറി ഗോവിന്ദ് നന്ദിയും പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിന്റ് വി.എസ് പ്രിന്‍സ്, കോര്‍പ്പറേഷന്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ ഷാജന്‍, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. രവീന്ദ്രന്‍, കേരള സംഗീത നാടക അക്കാദമി ചെയര്‍മാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ മുരളി ചീരോത്ത് തുടങ്ങിയവര്‍ സംസാരിച്ചു. ജനപ്രതിനിധികള്‍, കലാ-സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date