ബാരപോൾ പദ്ധതിയുടെ കനാൽ തകർച്ച പരിഹരിക്കുന്നതിന് വിദഗ്‌ധ സംഘത്തെ നിയോഗിക്കും: മന്ത്രി കൃഷ്ണൻകുട്ടി
ബാരപോൾ ചെറുകിട ജലവൈദ്യുത പദ്ധതിയുടെ കനാൽ തകർച്ച പരിഹരിക്കുന്നതിന് വിദഗ്‌ധ സംഘത്തെ നിയോഗിക്കുമെന്നും ജനങ്ങളുടെ ജീവന് പ്രാധാന്യം നൽകികൊണ്ട് അപകടരഹിത പദ്ധതിയാക്കി മാറ്റുമെന്നും വൈദ്യുതി മന്ത്രി കെ. കൃഷണൻകുട്ടി പറഞ്ഞു. കനാലിന്റെ തകർന്ന ഭാഗവും പദ്ധതി പ്രദേശവും കനാലിന്റെ ആരംഭവും കണ്ടു മനസിലാക്കിയ മന്ത്രി ജനങ്ങൾക്ക് ആശങ്കയില്ലാത്ത വിധം പദ്ധതിയെ മാറ്റാൻ വേണ പ്രപ്പോസൽ സമർപ്പിക്കാൻ ഉദ്യോഗസ്‌ഥർക്ക് നിർദ്ദേശം നൽകി. രണ്ട് കിലോമീറ്ററോളം കനാൽകരയിലൂടെ നടന്ന് പരിശോധിച്ചു. നാല് കിലോമീറ്റർ കനാലിൽ 1.4 കി.മി. ഭാഗമാണ് അപകടമേഖലയായി കണ്ടെത്തിയത്. അപകടങ്ങൾ പൂർണമായും ഒഴിവാക്കാൻ വേണ്ടത് ചെയ്യാനാണ് പദ്ധതി പ്രദേശം സന്ദർശിച്ചതെന്ന് മന്ത്രി പറഞ്ഞു. അപകടാവസ്‌ഥയിലുള്ള 1.4 കി.മി. കനാലിന് പകരം പൈപ്പ് വഴി ജലം എത്തിക്കാനുള്ള ശ്രമം ആലോചിച്ചു കൂടെയെന്ന് മന്ത്രി ഉദ്യേഗസ്‌ഥരോട് ആരാഞ്ഞു. എല്ലാ കാര്യവും വിശദമായി പരിശോധിച്ച് വൈദ്യുതി ബോർഡിന് അമിത ചെലവ് വരാത്തതും കൂടുതൽ സുരക്ഷിതത്വം ഉറപ്പാക്കുന്നതുമായ പദ്ധതികൾ തയ്യാറാക്കാൻ മന്ത്രി ഉദ്യോഗസ്‌ഥർക്ക് നിർദ്ദേശം നൽകി. കനാലിന്റെ ചോർച്ച കാരണം അപകടാവസ്ഥയിൽ ആയ കുറ്റിയാനിക്കൽ ബിനോയിയുടെ വീട്ടിലും മന്ത്രി സന്ദർശിച്ചു. രണ്ടുവർഷമായി ബിനോയിയുടെ കുടുംബത്തെ ഇവിടെനിന്നും മാറ്റിപാർപ്പിച്ചിരിക്കുകയാണ് .
കെഎസ്ഇബി കോഴിക്കോട് ജനറേഷൻ വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ കെ.എം. സലീന, ബാരാപോൾ അസിസ്‌റ്റൻ്റ് എൻജിനീയർ പി.എസ്. യദുലാൽ, സിവിൽ വിഭാഗം (പഴശ്ശി) എക്സിക്യൂട്ടീവ് എൻജിനീയർ കെ.സി. അനിൽകുമാർ, അസിസ്‌റ്റൻ്റ് എക്‌സിക്യുട്ടീവ് എൻജിനീയർ എം.കെ. അജിത്ത്, അസിസ്‌റ്റൻറ് എൻജിനീയർമാരായ ടി.പി. മനോജ്, എം. കിഷോർ, തുഷാര, എം.സി. ബിന്ദു, സബ് എൻജിനീയർ എം.ടി. സനൂപ്‌ദാസ്, അയ്യൻകുന്ന് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഐസക് ജോസഫ്, അംഗങ്ങളായ ബിജോയി പ്ലാത്തോട്ടം, സജി മച്ചിത്താനി, ഷൈനി വർഗീസ്, സെലീന ബിനോയി എന്നിവർ ഒപ്പമുണ്ടായിരുന്നു
- Log in to post comments