Skip to main content

ചീങ്ങേരി മോഡല്‍ ഫാമില്‍ തൊഴിലാളികളെ നിയമിക്കും

 

ചീങ്ങേരി മോഡല്‍ ഫാമിലേക്ക്  തൊഴിലാളികളെ  നിയമിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി. പട്ടികജാതി- പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ ചീങ്ങേരി ട്രൈബല്‍  എക്‌സ്റ്റന്‍ഷന്‍ സ്‌കീമിലെ മോഡല്‍ ഫാമിലെ തൊഴിലാളി നിയമനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2017 ല്‍ 31 തൊഴിലാളികളാണ് ഫാമില്‍ ജോലി ചെയ്തിരുന്നത്. നിലവില്‍ 11 പട്ടികവര്‍ഗ്ഗ വിഭാഗക്കാരാണ് ഫാമില്‍ ജോലി ചെയ്യുന്നത്. ഫാമിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിച്ച് അധികമായി 100 ഓളം പേര്‍ക്ക്  ജോലി ഉറപ്പാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പ് - കൃഷി വകുപ്പ്  ഡയറക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ ഉന്നമനത്തിന്  കാര്‍ഷിക വൃത്തി പരിശീലിപ്പിക്കാന്‍ 1958 ലാണ് ചീങ്ങേരി എക്സ്റ്റന്‍ഷന്‍ സ്‌കീം ഫാം രൂപീകരിച്ചത്.  അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ ചീങ്ങേരി ഉന്നതിയിലെ  പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക്  കാര്‍ഷിക മേഖലയില്‍ പരിശീലനം നല്‍കി കാപ്പി, കുരുമുളക് തോട്ടങ്ങള്‍ നട്ടുപിടിപ്പിച്ച്  വരുമാനം ഉറപ്പാക്കുകയാണ് ഫാമിലൂടെ ലക്ഷ്യമാക്കിയത്. പ്രദേശത്തെ 526.35 ഏക്കര്‍ ഭൂമിയില്‍ നിന്നും 182 ഏക്കര്‍ കൃഷിതോട്ടം ഒഴിവാക്കി ബാക്കി സ്ഥലം റവന്യു വകുപ്പിന് കൈമാറിയിരുന്നു. എന്നാല്‍ 2005 ഡിസംബര്‍ 20 ന് സര്‍ക്കാര്‍ ഉത്തരവ് പ്രകാരം  182 ഏക്കര്‍ ഭൂമി ട്രൈബല്‍ വിഭാഗങ്ങള്‍ക്ക് പതിച്ച് നല്‍കാന്‍ ടി.ആര്‍.ഡി.എം മിഷന് നല്‍കി.

ഫാം വികസിപ്പിച്ച് തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാന്‍  ഫാം ഒരു സന്നദ്ധ സംഘമായി രജിസ്റ്റര്‍ ചെയ്യണമെന്ന് 2010 ല്‍  പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഉത്തരവാക്കിയിരുന്നു. നിലവില്‍ ഫാമില്‍ റീ-പ്ലാന്റേഷന്‍ നടത്തി ആറളം ഫാം സൊസൈറ്റി മാതൃകയിലോ ജില്ലാ കൃഷി ഫാമായോ  മാറ്റാമെന്ന് യോഗത്തില്‍ അധികൃതര്‍ അറിയിച്ചു. ഒരു മാസത്തിനകം 31 തൊഴിലാളികളെ ഫാമില്‍ സ്ഥിരപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിച്ചതായി പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ അറിയിച്ചു.

date