വോട്ട്, ചെയ്തു തന്നെ പഠിക്കാം വിദ്യാത്ഥികള്‍ക്കായി ലെറ്റസ് വോട്ട് ഗെയിം പുറത്തിറക്കി
വിദ്യാര്‍ഥികളെ വോട്ടിങ് പ്രക്രിയ പരിചയപ്പെടുത്താനും പോളിംഗ് ബൂത്തിലേക്ക് പോകുന്ന പുതിയ വോട്ടര്‍മാര്‍ക്ക് ആശയക്കുഴപ്പമില്ലാതെ വോട്ട് രേഖപ്പെടുത്താനും ജില്ലയില്‍ രൂപകല്‍പ്പന ചെയ്ത വോട്ടര്‍ ബോധവല്‍ക്കരണ ഗെയിം 'ലെറ്റ്സ് വോട്ട്' മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു.ഖേല്‍ക്കര്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. സബ് കലക്ടര്‍ കാര്‍ത്തിക് പാണിഗ്രഹിയുടെ നേതൃത്വത്തില്‍ തലശ്ശേരി എന്‍ജിനീയറിങ് കോളേജിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗവുമായി സഹകരിച്ചാണ് വെര്‍ച്വല്‍ ഇലക്ഷന്‍ ഗെയിം തയ്യാറാക്കിയത്. സിസ്റ്റമാറ്റിക് വോട്ടര്‍ എജ്യുക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ (സ്വീപ്പ്) പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ ഗെയിം ആറാം ക്ലാസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഉപയോഗിക്കാനാകും. ഇലക്ഷന്‍ നടപടി ക്രമങ്ങളിലേക്ക് യുവതലമുറയെ ആകര്‍ഷിക്കുന്നതിന് ഇത്തരം ഗെയിമുകള്‍ സഹായിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രക്രിയയിലും വോട്ട് ചെയ്യുന്നതിലും യുവതലമുറക്ക് താല്പര്യമില്ലെന്നാണ് അടുത്തിടെ നടത്തിയ പഠനങ്ങള്‍ കാണിക്കുന്നത്. ഇത്തരം പ്രവണതകള്‍ കുറച്ച് വോട്ടവകാശമുള്ള മുഴുവന്‍ പേരെയും തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഭാഗമാക്കുന്നതിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തില്‍ മൊബൈല്‍ ഗെയിം ആപ്പ് രണ്ടുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും ഓഫീസര്‍ പറഞ്ഞു. ഇലക്ഷന്‍ ലിറ്ററസി ക്ലബ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്‌കൂള്‍, കോളേജ് തലത്തില്‍ നിരവധി ബോധവല്‍ക്കരണ പരിപാടികള്‍ കമ്മീഷന്‍ നടത്തുന്നുണ്ടെന്നും ഡോ. രത്തന്‍ യു.ഖേല്‍ക്കര്‍ പറഞ്ഞു.
കലക്ടറേറ്റ് കോണ്‍ഫെറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ.വിജയന്‍ അധ്യക്ഷനായി. തലശ്ശേരി സബ് കലക്ടര്‍ കാര്‍ത്തിക് പാണിഗ്രഹി മുഖ്യാതിഥിയായിരുന്നു. അസിസ്റ്റന്റ് കലക്ടര്‍ എഹ്തെദ മുഫസിര്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ കെ.കെ.ബിന്നി, ഇ ആര്‍ ഒ മാരായ ഡെപ്യൂട്ടി കലക്ടര്‍ എല്‍ എ എ.കെ.അനീഷ്, ആര്‍.ആര്‍.ഡെപ്യൂട്ടി കലക്ടര്‍ പി.ജി.മിനിമോള്‍, ജില്ലാ നിയമ ഓഫീസര്‍ എ.എ.രാജ്, എച്ച് എസ് കെ.നിസാര്‍, ഹയര്‍ സെക്കന്‍ഡറി ആര്‍.ഡി.ഡി ബീയാട്രസ് മറിയ, തലശ്ശേരി എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.എബി ഡേവിഡ് എന്നിവര്‍ സംസാരിച്ചു.
'ലെറ്റസ് വോട്ട്': 'എ വെര്‍ച്വല്‍ ഇലക്ഷന്‍ ഗെയിം ഫോര്‍ സ്റ്റുഡന്റസ്'
വോട്ടിംഗ് പ്രക്രിയ തെരഞ്ഞെടുക്കാനുള്ള ഓപ്ഷനോടെയാണ് ഗെയിം തുടങ്ങുന്നത്. അടുത്തതായി ജന്‍ഡര്‍ തെരഞ്ഞെടുക്കണം. തുടര്‍ന്ന് വോട്ടിങ് പ്രക്രിയകള്‍ ഓരോന്നായി പൂര്‍ത്തിയാക്കി വോട്ട് രേഖപ്പെടുത്തുന്നത് വരെയുള്ള എല്ലാ ഘട്ടങ്ങളും ഗെയിമിലുണ്ട്. വിവിപാറ്റ് സ്ലിപ് വീഴുന്നതോടെ ആറു ഘട്ടങ്ങളുള്ള വോട്ടിങ് ഗെയിം പൂര്‍ത്തിയാകും.
പ്ലേ സ്റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ ആറാം ക്ലാസ്സുകാരന് മുതല്‍ ഇനി വോട്ടിങ്ങിന്റെ പ്രക്രിയ മനസ്സിലാക്കി ചെയ്യാം. വോട്ടിങ് പ്രക്രിയയില്‍ നടക്കുന്ന എല്ലാ ഘട്ടങ്ങളും ഉള്‍ക്കൊള്ളിച്ച് തയ്യാറാക്കിയ ഗെയിം വിനോദം മാത്രമല്ല രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ പൂര്‍ണ്ണ വിവരങ്ങളും തരും. ജനാധിപത്യ പ്രക്രിയയില്‍ യുവതലമുറയെ ആകര്‍ഷിക്കുക, അവബോധം സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഗെയിം തയ്യാറാക്കിയത്. തലശ്ശേരി എഞ്ചിനീയറിംഗ് കോളേജ് കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥികളായ സി.പി.ജസീം, പി.കെ.മുഹമ്മദ് ക്വിനാന്‍, പി.സി.അബ്ദുല്‍ റഹീം എന്നിവരാണ് ഗെയിം രൂപകല്‍പ്പനക്കായി സബ് കലക്ടര്‍ക്കൊപ്പം പ്രവര്‍ത്തിച്ചത്. മൂന്ന് മാസമെടുത്താണ് ഗെയിം തയ്യാറാക്കിയത്. ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഇലക്ടറല്‍ ലിറ്ററസി ക്ലബുകളിലൂടെ ഗെയിം പ്രചരിപ്പിക്കുകയാണ് ആദ്യഘട്ടത്തില്‍ ചെയ്യുക.
- Log in to post comments