Skip to main content
.

ഇടുക്കിയുടെ വികസനപദ്ധതികള്‍ക്ക് ദിശാബോധം പകര്‍ന്ന് മുഖ്യമന്ത്രിയുടെ മേഖലാതല അവലോകന യോഗം

 

 

ഇടുക്കി ജില്ലയിലെ വിവിധ വികസന പദ്ധതികളുടെ പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ കോട്ടയത്ത് ചേര്‍ന്ന മേഖലാ യോഗത്തില്‍ അവലോകനം ചെയ്തു. ജില്ലയിലെ 11 പദ്ധതികളാണ് ജില്ലാ കളക്ടര്‍ വി. വിഗ്‌നേശ്വരി മേഖലാ അവലോകന യോഗത്തില്‍ അവതരിപ്പിച്ചത്. വിവിധ വിഷയങ്ങളില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഇടപെട്ട് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കുകയും പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കാനുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കുകയും ചെയ്തു. 

 

ഇടുക്കി താലൂക്കിലെ കട്ടപ്പന ടൗണ്‍ഷിപ്പിലെ പട്ടയ വിഷയത്തില്‍ പട്ടയ വിതരണത്തിന് നടപടിയെടുക്കുമെന്ന് റവന്യു മന്ത്രി കെ. രാജന്‍ പറഞ്ഞു. കട്ടപ്പന ടൗണ്‍ വ്യക്തിഗത സര്‍വെ നടത്താതെ മൈനര്‍ സര്‍ക്യൂട്ട് ആയി നിലനിര്‍ത്തിയിരിക്കുന്നതിനാല്‍ 1977ന് മുന്‍പുള്ള കൈവശക്കാരുടെ വിവരങ്ങളോ ഈ പ്രദേശത്തെ കൃഷിയുടെ വിവരങ്ങളോ ലാന്‍ഡ് രജിസ്റ്ററില്‍ നിന്ന് തിട്ടപ്പെടുത്താന്‍ സാധിക്കുന്നില്ല. ഇക്കാരണത്താല്‍ ടൗണ്‍ഷിപ്പില്‍ ഉള്‍പ്പെട്ട പ്രദേശങ്ങള്‍ക്ക് 1993 ലെ ഭൂമി പതിവ് ചട്ടങ്ങള്‍ പ്രകാരം പട്ടയം അനുവദിക്കാന്‍ തടസം നേരിടുന്നുണ്ട്. ഇക്കാര്യത്തില്‍ ആദ്യഘട്ടമായി കൈവശങ്ങള്‍ തിട്ടപ്പെടുത്തുന്നതിന് നടപടികള്‍ പൂര്‍ത്തീകരിച്ചു. കൈവശങ്ങള്‍ക്ക് പട്ടയം അനുവദിക്കുന്നതിന് വിശദമായ റിപ്പോര്‍ട്ട് ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ സമര്‍പ്പിച്ചിരുന്നുവെന്നും റവന്യു സെക്രട്ടറി യോഗത്തില്‍ അറിയിച്ചു.

 

ചെറിയ കടകള്‍ എന്നതില്‍ പട്ടയം അനുവദിക്കാവുന്ന ചെറിയ കടകളുടെ വിസ്തീര്‍ണ്ണം സംബന്ധിച്ച വിഷയം ഈ മാസം തന്നെ പരിഹരിക്കുമെന്ന് വന്യു മന്ത്രി പറഞ്ഞു. ജില്ലയിലെ വിവിധ ടൗണുകള്‍ ഉള്‍പ്പെട്ടുവരുന്ന പ്രദേശങ്ങളില്‍ നിന്നും 1500ല്‍ പരം അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ ചെറിയ കടകളുടെ വിസ്തീര്‍ണ്ണം സംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ തീരുമാനമുണ്ടാകാത്തതിനാല്‍ അപേക്ഷകള്‍ തീര്‍പ്പക്കാനായില്ല. ഈ മാസം തന്നെ പട്ടയങ്ങള്‍ വിതരണം ചെയ്യുമെന്ന് റവന്യു മന്ത്രി അറിയിച്ചു.

 

മൂന്നാര്‍ പ്രദേശത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് എന്‍.ഒ.സി വേണമെന്ന നിബന്ധനയില്‍ നിയമം ഭേദഗതി ചെയ്തിട്ടുണ്ടെന്നും വിഷയം സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്നും റവന്യു മന്ത്രി പറഞ്ഞു. കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെ തുടര്‍ന്ന് ഇടുക്കി ജില്ലയിലെ ഏതാനും വില്ലേജുകളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് റവന്യൂ വകുപ്പില്‍ നിന്ന് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയിരിക്കണം എന്ന് നിബന്ധനയുണ്ട്. ഈ വിഷയത്തില്‍ വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നതും സര്‍ക്കാര്‍ തലത്തില്‍ നിയമ ഭേദഗതി വരുത്തിയിട്ടുള്ളതുമാണ്. വിഷയത്തില്‍ പ്രസക്തമായ വിഷയങ്ങള്‍ സംബന്ധിച്ച് ബന്ധപ്പെട്ട ചട്ടങ്ങള്‍ക്കനുസൃതമായി ഭേദഗതി വരുത്തുന്നത് സര്‍ക്കാരിന്റെ സജീവ പരിഗണയിലിരിക്കുന്ന വിഷയമാണെന്നും മന്ത്രി പറഞ്ഞു.

 

പ്രളയം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയ ദുരന്തങ്ങളില്‍ ഭൂമി നഷ്ടപ്പെട്ട ഗുണഭോക്താക്കളെ ഭൂരഹിതരായി ഉള്‍പ്പെടുത്തി ഭൂമി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യത്തിലും 

തോട്ടം മേഖലയിലും, ഏലപ്പട്ടയ ഭൂമിയിലും താമസിക്കുന്നവര്‍ക്ക് കൈവശ സര്‍ട്ടിഫിക്കറ്റ് ഭവനനിര്‍മ്മാണത്തിന് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന വിഷയത്തിലും നിയമപരമായ പ്രശ്‌നമുണ്ട്. സുപ്രീംകോടതിയുടെ കഴിഞ്ഞ വര്‍ഷം ഒക്‌ടോബറിലെ ഉത്തരവ് പ്രകാരം ഇടുക്കി ജില്ലയിലെ സി. എച്ച്. ആര്‍ മേഖലയില്‍ പട്ടയം വിതരണം ചെയ്യുന്നതിന് നിയമപരമായ തടസമുണ്ട്. സി. എച്ച്. ആര്‍ പ്രൊവിഷനും ഏലപ്പട്ടയവുമാണ് പ്രശ്‌നങ്ങളെന്ന് ജലവിഭവ വ്കുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ചൂണ്ടിക്കാട്ടി. അഡ്വക്കേറ്റ് ജനറലിനോട് വിഷയത്തില്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്ന് റവന്യു സെക്രട്ടറി അറിയിച്ചു. എ.ജിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കാമെന്ന് റവന്യുമന്ത്രി രാജന്‍ അറിയിച്ചു. 

 

മൂന്നാര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി നിര്‍മ്മാണത്തിനായി നിലവിലുള്ള എസ്.പി.വിയെ മാറ്റി പുതിയ എസ്. പി. വിയെ നിശ്ചയിക്കുന്നതിനുള്ള പ്രൊപ്പോസല്‍ പരിശോധിച്ചു വരികയാണെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി യോഗത്തില്‍ അറിയിച്ചു. മെയ്് മാസത്തിലാണ് അപേക്ഷ ലഭിച്ചത്. രണ്ടു ദിവസത്തിനുള്ളില്‍ നടപടി സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പ് സെക്രട്ടറി പറഞ്ഞു. വണ്ടിപ്പെരിയാര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനും തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കും പി.ഡബ്ല്യ.ഡി ആര്‍ക്കിടെക്റ്റ് വിംഗിന്റെ സഹായം തേടിയിട്ടുണ്ടെന്നു ആരോഗ്യ വകുപ്പ് സെക്രട്ടറി അറിയിച്ചു. നിലവില്‍ അണ്‍ഫിറ്റ് ആയ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കും. മൂന്നാര്‍ ആര്‍ട്‌സ് കോളേജ് നിര്‍മ്മാണത്തിന് 2.8862 ഹെക്ടര്‍ ഭൂമി കണ്ടെത്തിയിട്ടുണ്ടെന്നും തുടര്‍നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും ഉന്നത വിദ്യാഭ്യാസ സെക്രട്ടറി അറിയിച്ചു. പീരുമേട് മഞ്ചുമല സത്രം എയര്‍ സ്ട്രിപ്പ് പൂര്‍ണമായി പ്രവര്‍ത്തിപ്പിക്കുന്ന വിഷയം സര്‍ക്കാരിന്റെ പരിഗണനയിലാണ്. ജില്ലയിലെ ഏക എയര്‍ സ്ട്രിപ്പാണ് സത്രം എയര്‍ സ്ട്രിപ്പ്. 2018ലെ പ്രളയത്തില്‍ തകര്‍ന്നു പോയ റണ്‍വേ പുനര്‍നിര്‍മ്മിക്കുന്നതിനും അപ്രോച്ച് റോഡിനുമായി 12 ഏക്കര്‍ സ്ഥലം ആവശ്യമാണ്. 

 

തോട്ടം മേഖലയിലെ ഗ്രാമീണ റോഡുകളുടെ നിര്‍മാണം നടത്തുന്നതിന് വസ്തു പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെടുത്താന്‍ കഴിയാത്ത വിഷയത്തില്‍ റവന്യു വകുപ്പിന്റെ അഭിപ്രായം ആരാഞ്ഞിരിക്കുകയാണെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറി അറിയിച്ചു. പരിശോധിച്ചിട്ട് വിഷയത്തില്‍ വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്ന് റവന്യു സെക്രട്ടറി അറിയിച്ചു. റവന്യു പഞ്ചായത്ത് വകുപ്പുകള്‍ വേണ്ട നടപടികള്‍ ഇക്കാര്യത്തില്‍ സ്വീകരിക്കണമെന്ന് ധനമന്ത്രി കെ. എന്‍ ബാലഗോപാല്‍ നിര്‍ദേശിച്ചു. നിലവില്‍ വന്ന ചട്ടഭേദഗതികളിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്ന് റവന്യു മന്ത്രി പറഞ്ഞു. 

 

കുട്ടിക്കാനം എം.ആര്‍.എസ് പുതിയ കെട്ടിട നിര്‍മ്മാണത്തിന്റെ വിഷയത്തില്‍ ഒരു ബ്‌ളോക്കിന്റെ പണി എണ്‍പത് ശതമാനം പൂര്‍ത്തീകരിച്ചുവെന്ന് പട്ടികജാതി വികസനവകുപ്പ് ഡയറക്ടര്‍ അറിയിച്ചു. സെപ്റ്റംബറില്‍ മുഴുവന്‍ ജോലികളും തീര്‍ക്കും. മറ്റൊരു ബ്‌ളോക്കിന്റെ നിര്‍മ്മാണത്തിന് നിലവിലുള്ള കോണ്‍ട്രാക്ടറെ മാറ്റി പുതിയ ആളെ നിയമിക്കും. പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ 16 കോടിയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. 

 

കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെട്ട കട്ടപ്പന റോഡിന് തൂക്കുപാലം-അച്ചക്കട-കടശ്ശിക്കടവ്-കട്ടപ്പന റോഡ് എന്ന് പുനര്‍നാമകരണം ചെയ്ത് ഭരണാനുമതിക്കായി സമര്‍പ്പിച്ച വിഷയത്തില്‍ ധനവകുപ്പ് വേണ്ട നടപടി സ്വീകരിക്കും. 187 കോടിയുടെ എസ്റ്റിമേറ്റാണ് ഈ പ്രോജക്ടിന്റേത്.

 

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മേഖലാ യോഗത്തിൽ ഇടുക്കി ജില്ലയിലെ വികസന പ്രശ്നങ്ങൾ സംബന്ധിച്ച് ജില്ലാ കളക്ടർ വി.വിഗ്നേശ്വരി അവതരണം നടത്തുന്നു.

 

 

date