തൊടുപുഴയില്‍ ഖാദി ഗ്രാമസൗഭാഗ്യയുടെ നവീകരിച്ച ഷോറൂം തുറന്നു
ഖാദിയെ ദേശീയ വികാരമുള്ള ഒന്നായി കാണണമെന്ന് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍. തൊടുപുഴ മാതാ ആര്‍ക്കേഡില്‍ പ്രവര്‍ത്തിച്ചുവരുന്ന ഖാദി ഗ്രാമസൗഭാഗ്യയുടെ നവീകരിച്ച ഷോറൂമിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിയുടെ ഖാദി പരിപോഷണ പ്രവര്‍ത്തനങ്ങള്‍ സ്വാതന്ത്ര്യസമരത്തിനും അതേ പോലെ ദേശീയ ബോധം ഊട്ടിയുറപ്പിക്കുവാനും ഊര്‍ജം പകര്‍ന്നു. ഖാദി വസ്ത്രങ്ങള്‍ പഴയ ചിന്താഗതിയാണെന്ന സമീപനമാണ് പുതുതലമുറ പുലര്‍ത്തുന്നത്. അവ മാറേണ്ടതുണ്ട്. അതിനായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയുമായി സഹകരിച്ച് ഖാദിയുടെ പുതിയതരം വസ്ത്രങ്ങള്‍ നിര്‍മ്മിച്ച് ഓണക്കാലം മുന്‍നിര്‍ത്തി പൂക്കളമെന്ന പേരില്‍ ഓണ്‍ലൈനിലൂടെ വസ്ത്രങ്ങള്‍ വാങ്ങുന്നതിനുള്ള സൗകര്യം ക്രമീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തൊടുപുഴ നഗരസഭ ചെയര്‍മാന്‍ കെ.ദീപക് അധ്യക്ഷത വഹിക്കുകയും ആദ്യവില്‍പ്പന നടത്തുകയും ചെയ്തു.
'ഖാദി പഴയ ഖാദിയല്ല' എന്ന സന്ദേശം ജനങ്ങളിലെത്തിച്ച് പുതുതലമുറയ്ക്ക് അഭികാമ്യമായ വസ്ത്രങ്ങളുടെ വലിയ ശേഖരമാണ് ഷോറൂമില്‍ ഒരുക്കിയിരിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ച ഷോറൂമില്‍ ഖാദിനിര്‍മ്മിത ഷര്‍ട്ടുകള്‍, സില്‍ക്ക് ഷര്‍ട്ട്, സില്‍ക്ക് സാരികള്‍, കോട്ടണ്‍ സാരികള്‍, മുണ്ടുകള്‍, തോര്‍ത്തുകള്‍ ,കിടക്കവിരികള്‍, തലയണ, മെത്ത എന്നിവ ലഭ്യമാണ്. കൂടാതെ ഗ്രാമീണഉല്‍പ്പന്നങ്ങളായ തേന്‍, സ്റ്റാര്‍ച്ച്, എള്ളെണ്ണ, സോപ്പ്, മെര്‍ലിനോള്‍, വേദനയ്ക്ക് ഉപയോഗിക്കുന്ന ബാം എന്നിവയും ലഭിക്കും. നഗരസഭ കൗണ്‍സിലര്‍ ജോസ് മഠത്തില്‍, ഖാദി ബോര്‍ഡ് സെക്രട്ടറി ഡോ. കെ.എ രതീഷ്, പ്രോജക്ട് ഓഫീസര്‍ ഷീനാമോള്‍ ജേക്കബ്, വിവിധ രാഷ്ട്രീയസാംസ്കാരിക നേതാക്കള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, മുന്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ചിത്രം: തൊടുപുഴ ഖാദി ഗ്രാമസൗഭാഗ്യയുടെ നവീകരിച്ച ഷോറൂമിന്‍റെ ഉദ്ഘാടനം ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍ നിര്‍വഹിക്കുന്നു.
- Log in to post comments