കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം സർക്കാരിന്റെ ലക്ഷ്യം: എ.രാജ എം.എല്‍.എ
*വട്ടവട സര്‍ക്കാര്‍ ഹൈസ്കൂളില്‍ ക്രിയേറ്റീവ് കോര്‍ണർ ഉദ്ഘാടനം ചെയ്തു*
സർക്കാർ വിദ്യാലയങ്ങളിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുമെന്ന് എ. രാജ എം.എൽ.എ. കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുകയുമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും എം.എല്‍.എ പറഞ്ഞു. വട്ടവട സര്‍ക്കാര്‍ ഹൈസ്കൂളില്‍ ക്രിയേറ്റീവ് കോര്‍ണർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വട്ടവട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗണപതിയമ്മാൾ അധ്യക്ഷത വഹിച്ചു. ഇടുക്കി എസ്.എസ്. കെ ഡിപിസി എ. എം ഷാജഹാൻ പദ്ധതി വിശദീകരിച്ചു.
സ്കൂള്‍ വിദ്യാര്‍ഥികളെ പഠനത്തോടൊപ്പം വിവിധ തരത്തിലുള്ള കൈത്തൊഴിലുകള്‍ പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സമഗ്ര ശിക്ഷ കേരള നടപ്പാക്കുന്ന പദ്ധതിയാണ് 'ക്രിയേറ്റീവ് കോര്‍ണര്‍'. മൂന്നാര്‍ വിദ്യാഭ്യാസ ഉപജില്ലയില്‍ വട്ടവട, ചെണ്ടുവര സ്കൂളുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
പൊതുവിദ്യാഭ്യാസ മേഖലയിലെ അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ കുട്ടികളുടെ പഠനപ്രവർത്തനങ്ങളെ ഇത്തരത്തിൽ ക്രീയാത്മകമാക്കുന്നതിനുള്ള പഠനാന്തരീക്ഷം ഒരുക്കുകയാണ് ക്രീയേറ്റീവ് കോർണർ കൊണ്ടുദ്ദേശിക്കുന്നത്. ഇതിലൂടെ നിലവിലെ വർക്ക് എക്സ്പീരിയൻസ് പ്രവർത്തനങ്ങൾക്ക് ഒരു പുതിയ അടിസ്ഥാനം ഉണ്ടാക്കാൻ സാധിക്കും. കുട്ടികളിൽ ശരിയായ തൊഴിൽ സംസ്കാരം രൂപപ്പെടുന്നതിനും തൊഴിലും വിജ്ഞാനവും രണ്ടായി നിൽക്കേണ്ടതില്ലെന്ന ബോധ്യമുണ്ടാക്കുന്നതിനും ഇത് സഹായകമാകും.
സ്കൂളിലെ ക്രിയേറ്റീവ് കോര്‍ണര്‍ പദ്ധതിക്കായി 15 ലക്ഷം രൂപ വിനിയോഗിച്ചാണ് ക്ലാസ് മുറി തയാറാക്കിയിരിക്കുന്നത്. സാധാരണ ക്ലാസ് സമയങ്ങള്‍ നഷ്ടപ്പെടാതെ പ്രത്യേക സമയം കണ്ടെത്തി വിവിധ കൈത്തൊഴിലുകളില്‍ പരിശീലനം ലഭിച്ച അധ്യാപകരാണ് കുട്ടികളെ പഠിപ്പിക്കുക.
കൃഷി രീതികള്‍, പാചകം, പെയിന്റിങ്, വയറിങ്, പ്ലംബിങ് , കേക്ക് നിര്‍മാണം, തയ്യല്‍ തുടങ്ങിയ വിവിധ തരത്തിലുള്ള തൊഴിലുകളിലാണ് പരിശീലനം നല്‍കുക. കുട്ടികള്‍ക്ക് അവരുടെ അഭിരുചിക്കനുസരിച്ച് കൈത്തൊഴിലുകള്‍ തിരഞ്ഞെടുത്ത് പരിശീലനം നേടാം.
വട്ടവട മേഖലയിലുള്ള എല്ലാ സ്കൂളുകളിലെയും കുട്ടികള്‍ക്ക് ആവശ്യമെങ്കില്‍ അധ്യാപകരുടെ അപേക്ഷ പ്രകാരം ഹൈസ്കൂളിലെത്തി പരിശീലനം നേടാം.
പരിപാടിയിൽ വട്ടവട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോഹരൻ എസ്, ജില്ലാ പഞ്ചായത്ത് അംഗം സി.രാജേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം സുകന്യ ശേഖർ. മൂന്നാർ ബി.ആ.ർസി ബി.പി.സി ഷാജി തോമസ്, വട്ടവട ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ജഗൻലാൽ ബാബു, സ്കൂൾ പ്രിൻസിപ്പൽ ബിന്ദു.ആർ, സ്കൂൾ അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments