ഗ്രാമീണ റോഡുകളുടെ നവീകരണം സെപ്റ്റംബറിനുള്ളിൽ പൂർത്തിയാക്കണം: മുഖ്യമന്ത്രി
കോതമംഗലം താലൂക്കിൽ പട്ടയം അനുവദിക്കുന്നത് സംബന്ധിച്ച പ്രശ്നങ്ങൾ ഒരുമാസത്തിനുള്ളിൽ പരിഹരിക്കാൻ ധാരണ. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കോട്ടയം തെള്ളകം ഡി എം കണ്‍വെന്‍ഷന്‍ സെന്ററിൽ നടന്ന എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളുടെ മേഖലാതല
അവലോകന യോഗത്തിലാണ് തീരുമാനം.
നിലവിൽ വനംവകുപ്പുമായി ബന്ധപ്പെട്ടാണ് ചില സാങ്കേതിക തടസങ്ങൾ ഉള്ളത്. പ്രശ്നങ്ങൾ ഉന്നതതല യോഗം ചേർന്ന് പരിഹരിക്കാവുന്നതാണെന്ന് യോഗം നിരീക്ഷിച്ചു. ഇതിൽ തീരുമാനം ആകുന്നതോടെ കോതമംഗലം പ്രദേശത്ത് 5000 പുതിയ പട്ടയങ്ങൾ കൂടി ഈ സർക്കാരിന്റെ കാലത്ത് തന്നെ വിതരണം ചെയ്യാൻ കഴിയും. അതുവഴി കോതമംഗലത്തിന്റെ നാളുകളായുള്ള പട്ടയ പ്രശ്നത്തിനാണ് പരിഹാരമാവുക.
പന്തപ്ര ആദിവാസി നഗറിലെ സമഗ്ര പുനരധിവാസ പദ്ധതിയുടെ ഭാഗമായുള്ള വീടുകളുടെ നിർമ്മാണം വേഗത്തിൽ പൂർത്തീകരിക്കുമെന്ന് ഫോറസ്റ്റ് വകുപ്പ് അറിയിച്ചു. നിലവിൽ 64 വീടുകളിൽ 15 വീടുകളുടെ നിർമ്മാണം പൂർത്തിയായിട്ടുണ്ട്. പുനരധിവാസത്തിന് അനുവദിച്ച സ്ഥലത്തെ തേക്ക് മരങ്ങൾ മുറിക്കാൻ കഴിയാത്തതിനാലാണ് പദ്ധതി പ്രതിസന്ധിയിലായത്. പട്ടിക ജാതി പട്ടിക വർഗ്ഗ വകുപ്പും വനം വകുപ്പും സംയുക്തമായി പരിശോധന നടത്തിയിട്ടുണ്ട്. തേക്ക് മുറിക്കാൻ അനുമതി ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു കഴിഞ്ഞു. റിസർവ് ഫോറസ്റ്റിന് ഉള്ളിലേക്കുള്ള റോഡ് നിർമ്മിക്കുന്നതിന് വനം വകുപ്പുമായി ചർച്ച നടത്തിയിട്ടുണ്ട്. തുടർ നടപടികൾ സ്വീകരിക്കും.
ഏലൂർ നഗരസഭയിൽ പ്രഖ്യാപിച്ചിട്ടുള്ള സയൻസ് പാർക്കുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കൽ വേഗത്തിൽ ഉറപ്പാക്കാൻ തീരുമാനമായി. സയൻസ് പാർക്ക് ആരംഭിക്കുന്നതിന് എച്ച് ഐ എൽ കമ്പനിയുടെ സ്റ്റാഫ് കോർട്ടേഴ്സ് സ്ഥിതിചെയ്യുന്ന 22.11 ഏക്കർ ഭൂമിയിലെ പതിനഞ്ച് ഏക്കർ ഭൂമി കണ്ടെത്തിയിട്ടുണ്ട്. എച്ച് ഐ എൽ കമ്പനി പാട്ടം റദ്ദാക്കുന്നതിനുള്ള നടപടി സ്വീകരിക്കാൻ തീരുമാനമായി.
ചെല്ലാനത്ത് കടലാക്രമണം തടയുന്നതിനായി 306 കോടി രൂപ ചെലവിൽ ടെട്രാപോഡ് കടൽഭിത്തിയുടെ രണ്ടാം ഘട്ട പദ്ധതിക്ക് അനുമതിയായിട്ടുണ്ട്. ഈ പ്രവർത്തനങ്ങൾ വേഗത്തിൽ ആക്കും. 3.6 കി.മീറ്റർ നീളത്തിൽ കൂടി ടെട്രാപോഡ് ഭിത്തി നിർമ്മിക്കും.
പി & ടി കോളനി പുനരധിവാസ പദ്ധതി യുമായി ബന്ധപെട്ട വിഷയത്തിൽ നടപടികൾ വേഗത്തിലാക്കാൻ തീരുമാനമായി. സെപ്റ്റംബറിൽ ഐ ഐ ടി മദ്രാസിന്റെ പഠന റിപ്പോർട്ട് വരുന്ന മുറയ്ക്ക് പ്രവർത്തനങ്ങൾ ആരംഭിക്കും.
ആലുവ - ആലങ്ങാട് റോഡ് വികസനത്തിനായി ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കും. മൂന്നുമാസത്തിനുള്ളിൽ ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തീകരിക്കും. പൊതുമരാമത്ത് വകുപ്പിനോട് എസ്റ്റിമേറ്റ് പുതുക്കി സമർപ്പിക്കാനും ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തീകരിക്കുന്ന മുറയ്ക്ക് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാനും ധാരണയായി.
റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെട്ട തമ്മാനിമറ്റം പാലം പുനർനിർമാണ പദ്ധതി വേഗത്തിൽ പൂർത്തിയാക്കാൻ നിർദേശം. നിലവിൽ ഡിസൈൻ പൂർത്തീകരിച്ചിട്ടുള്ള പദ്ധതിയുടെ സിവിൽ, മെക്കാനിക്കൽ പ്രവർത്തികൾക്കുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി സാങ്കേതിക അനുമതി ലഭ്യമാക്കി ടെണ്ടർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പദ്ധതിക്ക് അധികമായി വേണ്ട തുക അനുവദിച്ച് പരമാവധി വേഗത്തിൽ പദ്ധതി പൂർത്തിയാക്കും.
കുടിവെള്ള- വ്യവസായ ആവശ്യങ്ങൾക്ക് പെരിയാർ നദിയിൽ നിന്നും വേണ്ടത്ര ജലം ലഭ്യമാക്കുന്നതിനായി പുറപ്പള്ളിക്കാവ് റെഗുലേറ്ററിന്റെ മുകൾ ഭാഗത്ത് അമ്മാനത്തു പള്ളം തോടിന് കുറുകെ പുതിയ റെഗുലേറ്റർ സ്ഥാപിക്കുന്ന പ്രവൃത്തി എത്രയും വേഗം ആരംഭിച്ച് പരമാവധി ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കാൻ കഴിയുമെന്ന് ബന്ധപ്പെട്ട വകുപ്പ് അറിയിച്ചു.
മന്ത്രിമാരായ വി എൻ വാസവൻ,
റോഷി അഗസ്റ്റിൻ,
പി രാജീവ്, പി പ്രസാദ്, സജി ചെറിയാൻ
വീണാ ജോർജ്, എം ബി രാജേഷ്, കെ രാജൻ, എ കെ ശശീന്ദ്രൻ , കെ കൃഷ്ണൻ കുട്ടി, ഒ ആർ കേളു, ചീഫ് സെക്രട്ടറി ഡോ എ ജയതിലക്, അഡീഷണൽ ചീഫ് സെക്രട്ടറി പുനീത് കുമാർ,
വിവിധ വകുപ്പു സെക്രട്ടറിമാര്‍,
ജില്ലാ കളക്ടർമാരായ എൻ എസ് കെ ഉമേഷ്, ജോൺ സാമുവൽ, വി വിഘ്നേശ്വരി, അലക്സ് വർഗീസ്, മറ്റ് ഉന്നത ഉദ്യോഗസ്ഥർ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
- Log in to post comments