തന്തികത്തോം - കേരള സംഗീത നാടക അക്കാദമിയുടെ ചരിത്രത്തിലെ ആദ്യ ദേശീയ താളവാദ്യോത്സവം 11 മുതൽ
വാദ്യത്തിന്റെയും താളത്തിന്റെയും കുതിപ്പുകളും കയ്യടക്കങ്ങളും കണ്ടും കേട്ടും കോരിത്തരിച്ച തൃശ്ശൂരിന്റെ മണ്ണില്‍, ചെണ്ടപ്പുറത്ത് കോലു വീഴുമ്പോള്‍ കൈകളുയര്‍ത്തി ആരവത്തോടെ താളം പിടിക്കുന്ന മേളപ്രേമികളുടെ നാട്ടില്‍, കേരള സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തില്‍ ചരിത്രത്തിലെ ആദ്യ താളവാദ്യോത്സവത്തിന് കേളികൊട്ട് ഉയരാന്‍ തുടങ്ങുന്നു. കേരളത്തിലേതുള്‍പ്പെടെയുള്ള വ്യത്യസ്ത താളപദ്ധതികള്‍ ഒരു കുടക്കീഴില് കൊണ്ടുവന്ന് താളപ്രണയികളുടെ അകം നിറയ്ക്കാന്‍ അവസരം ഒരുക്കുന്ന ഈ വാദ്യോത്സവം അക്കാദമിയുടെ ചരിത്രത്തില്‍ത്തന്നെ ആദ്യസംരംഭമാണ് . ജൂലൈ 11 മുതല്‍ മൂന്ന് ദിവസങ്ങളിലായിട്ടാണ് തത്തിന്തകത്തോം എന്ന് പേരിട്ടിരിക്കുന്ന ദേശീയ താളവാദ്യോത്സവം നടത്തുന്നത്. കൈവിരലുകളില്‍ താളപ്രപഞ്ചത്തെ പകര്‍ത്തിയ ഉസ്താദ് സാക്കിര്‍ ഹുസൈനുള്ള സ്മരണാഞ്ജലി എന്ന നിലയിലാണ് പരിപാടി രൂപകല്പന ചെയ്തിരിക്കുന്നത്. കേരളീയ വാദ്യകലയ്ക്ക് പകരംവയ്ക്കാവുന്ന മറ്റൊരു വാദ്യസങ്കേതം ലോകത്ത് എവിടെയുമില്ല എന്നതുതന്നെയാണ് ഈ വാദ്യോത്സവത്തെ വേറിട്ടതാക്കുന്നത്. കേരളീയ താളങ്ങളുടെയും ദേശീയതലത്തിലുള്ള താളസംസ്കൃതിയുടെയും വിസ്മയാവഹമായ പകര്‍ന്നാട്ടമായ ഈ വാദ്യോത്സവത്തിന് ജൂലൈ 11 ന് കാലത്ത് ഒന്‍പത് മണിക്ക് നടക്കുന്ന പെരിങ്ങോട് സുബ്രഹ്മണ്യന് നയിക്കുന്ന ഇടയ്ക്ക വിസ്മയത്തോടെയാണ് തുടക്കം കുറിക്കുന്നത്. മേളപ്പദം, മിഴാവ് തായമ്പക, ശിങ്കാരിമേളം, പഞ്ചാരിമേളം, പാണ്ടിമേളം, തായമ്പക, പഞ്ചവാദ്യം, ദേശതാളങ്ങളായ അര്‍ജ്ജുന നൃത്തത്തിന്റെയും ഗരുഡന്‍തൂക്കത്തിന്റെയും താളവിന്യാസങ്ങള്‍, മരുഭൂമിയുടെ താളമായ കര്‍താള്‍,തദ്ദേശീയമായ താളങ്ങള്‍, സോദാഹരണ പ്രഭാഷണങ്ങള്‍,വിവിധതരം കലാവതരണങ്ങള്‍, ഹ്രസ്വചിത്ര പ്രദര്‍ശനം തുടങ്ങിയവ ഉള്‍പ്പെടുത്തിയാണ് വാദ്യോത്സവം വിഭാവനം ചെയ്തിട്ടുള്ളത്. വാദ്യകലാരംഗത്തേക്ക് സ്വപ്രയത്നത്തിലൂടെ വഴി വെട്ടിത്തെളിച്ച് നടന്നുവന്ന, കലയുടെ വിവിധ മേഖലകളില്‍ സജ്ജരായിത്തീര്‍ന്ന സ്ത്രീകലാകാരികളുടെ പങ്കാളിത്തമാണ് ഈ വാദ്യോത്സവത്തിന്റെ ഏറ്റവും വലിയ കരുത്ത്. . ജൂലൈ 13 രാത്രി 7.35 ന് മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന ചെയര്‍മാന്‍സ് സിംഫണിയോടെ വാദ്യോത്സവത്തിന് തിരശ്ശില വീഴും.
- Log in to post comments