Skip to main content

വിദ്യാലയങ്ങളില്‍ അമ്മത്തണല്‍ ഒരുക്കി മാകെയര്‍ സെന്ററുകള്‍

കുട്ടികള്‍ സ്‌കൂളുകളിലേക്ക് പോയി തിരിച്ചു എത്തുന്നതു വരെ അമ്മമാര്‍ക്ക് ആ കുലതയാണ്. സ്‌കൂളുകളില കുട്ടികളുടെ ഭക്ഷണ രീതി, സുരക്ഷ, പെരുമാറ്റം അങ്ങനെ ടെന്‍ഷന്‍ ആവാനുള്ള കാരണങ്ങളേറെ.. പക്ഷേ ഇനി ആ ആശങ്ക വേണ്ട. വിദ്യാലയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അമ്മയുടെ കരുതല്‍ ഒരുക്കുകയാണ് കുടുംബശ്രീയും വിദ്യാഭ്യാസ വകുപ്പും ചേര്‍ത്തൊരുക്കുന്ന  'മാ കെയര്‍' സെന്ററുകള്‍.

വിദ്യാലയങ്ങളില്‍ എത്തിക്കഴിഞ്ഞാല്‍ കുട്ടികള്‍ പല ആവശ്യങ്ങള്‍ക്കും സ്‌ക്കൂള്‍ കോമ്പൗണ്ടിന് പുറത്തു പോകുന്നതായി ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് കാസര്‍കോട് ജില്ല കുടുംബശ്രീ മിഷന്‍ മാ കെയര്‍ എന്ന ആശയം അവതരിപ്പിക്കുന്നത്. സ്‌കൂള്‍ കോമ്പൗണ്ടിന് അകത്ത് പ്രവര്‍ത്തിക്കുന്ന മാര്‍കെയര്‍ സെന്ററുകളില്‍ പോഷക സമ്പൂര്‍ണ്ണമായ ലഘു ഭക്ഷണങ്ങള്‍ സ്റ്റേഷനറി സാധനങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് ആയുള്ള നാപ്കിന്‍ തുടങ്ങിയ എല്ലാ ആവശ്യ വസ്തുക്കളും ലഭിക്കും. ഇതു വഴി കുട്ടികള്‍ സ്‌കൂളിന് പുറത്തുനിന്ന് അനാരോഗ്യകരമായ ഭക്ഷണങ്ങളും ലഹരി പദാര്‍ത്ഥങ്ങളും വാങ്ങി ഉപയോഗിക്കുന്നതിനുള്ള സാഹചര്യങ്ങള്‍ തടയാനാകും. രാവിലെ 7.30 മുതല്‍ വൈകുന്നേരം 6.30 വരെ പ്രവര്‍ത്തിക്കുന്ന സെന്ററുകളില്‍ വിപണി വിലയേക്കാള്‍ മിതമായ നിരക്കിലാണ് സാധനങ്ങള്‍ ലഭ്യമാക്കുക. 2023 - 24 കാലഘട്ടത്തില്‍ കാസര്‍കോട്  ജില്ലയിലാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ആദ്യമായി മാ കെയര്‍ ആരംഭിക്കുന്നത്. പദ്ധതിക്ക് ലഭിച്ച മികച്ച സ്വീകാര്യതകൊണ്ട് തന്നെ ഈ  ആശയം സംസ്ഥാനത്ത് ഒട്ടാകെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കുടുംബശ്രീ മിഷനും വിദ്യാഭ്യാസ വകുപ്പും.

ജൂലൈയില്‍ ഹയര്‍ സെക്കന്‍ഡറി, ഹൈസ്‌കൂള്‍ സ്‌കൂളുകളില്‍  പദ്ധതി തുടങ്ങാനാണ് ലക്ഷ്യം. നിലവില്‍ ജില്ലയില്‍ 16 വിദ്യാലയങ്ങളിലാണ് മാ കെയര്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്. പുസ്തകങ്ങള്‍ക്കുമപ്പുറം, കരുതലിലൂടെയും വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസവും ആത്മവിശ്വാസവും നല്‍കാന്‍ സാധിക്കുമെന്ന് തെളിയിക്കുകയാണ്  'മാ കെയര്‍' സെന്ററുകള്‍. കുടുംബശ്രീയിലൂടെ ഇത്തരമൊരു സൗകര്യം കുട്ടികള്‍ക്ക് ലഭിക്കുമ്പോള്‍ ഒരു അമ്മയുടെ കരുതല്‍ കൂടി അതിലൂടെ പകര്‍ന്നു നല്‍കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്ന് കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ കെ.രതീഷ് കുമാര്‍ പറഞ്ഞു.
 

date