Skip to main content
..

തലമുറകളെ വായനയിലേക്ക് ചേര്‍ത്തുപിടിച്ച് വായനപക്ഷാചരണം സമാപിച്ചു

ഇനിയുമെറേ അറിയാനുണ്ടെന്ന തിരിച്ചറിവില്‍, നന്നായി വായിക്കുന്നവരെ നല്ല മനുഷ്യരാകൂയെന്ന് ഓര്‍മപ്പെടുത്തി ഇക്കൊലത്തെ വായനപക്ഷാചരണം സമാപിച്ചു. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ജില്ല ശിശുക്ഷേമ സമിതി, ജില്ല ലൈബ്രറി കൗണ്‍സില്‍, പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവ സംയുക്തമായി സംഘടിപ്പിച്ച സമാപനസമ്മേളനം ടി.കെ.ഡി.എം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എഴുത്തുകാരന്‍ സലിന്‍ മാങ്കുഴി ഉദ്ഘാടനം ചെയ്തു. ഏകാഗ്രത, ചിന്ത, പഠനം എന്നിവ വളര്‍ത്താന്‍ വിശാലമായ വായനയ്ക്ക് സാധ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു. വായന ഉത്പാദനക്ഷമമായിരിക്കണം, ചിന്തയില്‍ നിന്ന് വൈവിധ്യങ്ങളായ ആശയങ്ങള്‍ രൂപീകരിക്കാം. ഇത് പുസ്തകങ്ങളെ വിപുലീകരിക്കാനും വികസിപ്പിക്കാനും സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വായനപക്ഷാചരണത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ഭാഷാപ്രശ്‌നോത്തരി മത്സരത്തിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ കൈമാറി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 10-ാം ക്ലാസ് വിദ്യാര്‍ഥി ആര്‍ യദുകൃഷ്ണന്‍, എച്ച്.എസ്.എസ് വിഭാഗത്തില്‍ എസ്. വിജയ്, വി.എച്ച്.എസ്.സി വിഭാഗത്തില്‍ എസ്. ഗോകുല്‍ കൃഷ്ണന്‍ എന്നിവരാണ് വിജയികളായത്. 10-ാം ക്ലാസ് വിദ്യാര്‍ഥിനി സാരംഗി വൈക്കം മുഹമ്മദ് ബഷീറിന്റെ 'ഭൂമിയുടെ അവകാശികള്‍' പുസ്തകം പരിചയപ്പെടുത്തി.

ഡെപ്യൂട്ടി കലക്ടര്‍ (ആര്‍.ആര്‍) രാകേഷ്‌കുമാര്‍ മുഖ്യപ്രഭാഷണം നടത്തി മത്സരവിജയികള്‍ക്ക് സമ്മാനങ്ങള്‍ കൈമാറി. ജില്ല ശിശുക്ഷേമസമിതി സെക്രട്ടറി ഡി. ഷൈന്‍ദേവ് അധ്യക്ഷനായി. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എല്‍. ഹേമന്ത് കുമാര്‍ സ്വാഗതം പറഞ്ഞു. ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ സിനി വര്‍ഗീസ്, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ ടി.എം. ബിന്ദു, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ആര്‍. ഗീത, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ കെ. എസ്. ശൈലേന്ദ്രന്‍, ജില്ല ശിശുക്ഷേമ സമിതി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കറവൂര്‍ എല്‍ വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.
 

 

date