Skip to main content
കുടുംബശ്രീയുടെ കെ ടാപ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ കെ രത്നകുമാരി നിർവഹിക്കുന്നു

നൂതന സാങ്കേതിക വിദ്യകളുമായി കുടുംബശ്രീ കെ ടാപ്

നൂതന സാങ്കേതിക വിദ്യകള്‍ കുടുംബശ്രീ സംരംഭകര്‍ക്ക് പരിചയപ്പെടുത്തുന്ന കെ ടാപ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി നിര്‍വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ എം.വി ജയന്‍ അധ്യക്ഷനായി. രാജ്യത്തെ കാര്‍ഷിക മേഖലയില്‍ ഗവേഷണം നടത്തുന്ന സ്ഥാപനങ്ങളുടെ 184 നൂതന സാങ്കേതിക വിദ്യകള്‍ കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും ലഭ്യമാക്കുന്ന പദ്ധതിയാണ് കെ ടാപ് അഥവാ കുടുംബശ്രീ ടെക്നോളജി അഡ്വാന്‍സ്മെന്റ് പ്രോഗ്രാം. പുതിയ ആശയങ്ങളും സാങ്കേതിക വിദ്യകളുമുപയോഗിച്ച് കാര്‍ഷിക മേഖലയിലെ സുസ്ഥിര വികസനമാണ് കെ ടാപ് പദ്ധതിയുടെ ലക്ഷ്യം. ഡയബറ്റിക് ഇന്‍സ്റ്റന്റ് കേക്ക് മിക്സ്, തേന്‍ ഉല്‍പന്നങ്ങള്‍, ഹൈ പ്രോട്ടീന്‍ ലഘു ഭക്ഷണങ്ങള്‍, ഷുഗര്‍ ഫ്രീ ബിസ്‌ക്കറ്റ്, ലോ ഗ്ലൈസീമിക് ഇന്‍ഡക്സ് ഉല്‍പന്നങ്ങള്‍, നാച്ചുറല്‍ ഫുഡ് കളര്‍, മള്‍ട്ടി ഗ്രെയിന്‍ ബ്രഡുകള്‍, ചെറുധാന്യ ഉല്‍പന്നങ്ങള്‍, മുരിങ്ങ പൗഡര്‍, വിവിധ തരം ഐസ്‌ക്രീമുകള്‍, ഇന്‍സ്റ്റന്റ് ഫുഡ് മിക്സുകള്‍, ഗ്ലൂട്ടന്‍ ഫ്രീ ഉല്‍പന്നങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന 180 ഓളം ഉല്‍പന്നങ്ങള്‍ തയ്യാറാക്കാന്‍ കുടുംബശ്രീ സംരംഭകര്‍ക്ക് പരിശീലനം നല്‍കുകയാണ് പദ്ധതിയുടെ പ്രാരംഭ ലക്ഷ്യം. കാര്‍ഷിക മേഖലയില്‍ ഈ വര്‍ഷം ആരംഭിക്കുന്ന കെ ലൈവ് പ്ലസ്, വണ്‍ ഡിസ്ട്രിക്ട് വണ്‍ പ്രൊഡക്റ്റ്, ന്യൂട്രി പാലറ്റ് പദ്ധതികള്‍ക്കും കെ ടാപ് മുതല്‍ക്കൂട്ടാകും.

ശിക്ഷക് സദനില്‍ നടന്ന പരിപാടിയില്‍ കുടുംബശ്രീ സംസ്ഥാന പ്രോഗ്രാം ഓഫീസര്‍ ഡോ. എസ് ഷാനവാസ് വിഷയാവതരണം നടത്തി. പടിയൂര്‍, മാലൂര്‍, തില്ലങ്കേരി, കുറുമാത്തൂര്‍, പെരിങ്ങോം ഐ എഫ് സികളുടെ നൂറോളം മൂല്യ വര്‍ധിത ഉല്‍പന്നങ്ങളുടെ പ്രദര്‍ശന വിപണന മേളയും പുതിയ ഉല്‍പന്നങ്ങളുടെ പ്രകാശനവും നടന്നു. കുടുംബശ്രീ അസി. കോ ഓര്‍ഡിനേറ്റര്‍മാരായ പി.ഒ ദീപ, കെ വിജിത്, കെ രാഹുല്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ സൈജു പത്മനാഭന്‍ എന്നിവര്‍ പങ്കെടുത്തു.

date