ദേശീയപാത 66: മൂന്ന് അടിപ്പാതകൾ കൂടി നിർമ്മിക്കും
ദേശീയപാത 66 വികസനവുമായി ബന്ധപ്പെട്ട് മൂത്തകുന്നം മുതൽ ഇടപ്പള്ളി വരെയുള്ള ഭാഗത്ത് മൂന്ന് അടിപ്പാതകൾ കൂടി നിർമ്മിക്കാൻ തീരുമാനമായി. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ചു ധാരണയായത്.
കൂനമ്മാവ്, പട്ടണം കവല, തൈക്കാവ് എന്നിവിടങ്ങളിലാണു പുതിയ അടിപ്പാതകൾ വരുന്നത്. സ്കൂൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ വരുന്ന പ്രദേശങ്ങളിൽ ഫുട്ട് ഓവർ ബ്രിഡ്ജ് നസ്ഥാപിക്കും. ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട്
വെള്ളക്കെട്ട് അനുഭവപ്പെടുന്ന മേഖലകളിൽ അടിയന്തര പ്രാധാന്യത്തിൽ ക്രോസ് കൾവർട്ടുകൾ നിർമ്മിക്കും. തോടുകളുടെ നീരോഴുക്ക് തടസ്സപ്പെടുത്തുന്ന വിധത്തിൽ വന്നിട്ടുള്ള നിർമ്മാണവശിഷ്ടങ്ങളും മറ്റും നീക്കം ചെയ്യാൻ യോഗത്തിൽ മന്ത്രി നിർദേശിച്ചു.
മൂത്തകുന്നത്ത് 16 കുടുംബങ്ങളിലേക്കുള്ള പ്രവേശനം തടസ്സപ്പെടുന്ന സാഹചര്യം നിലവിലുണ്ട്. ഈ പ്രശ്നം പരിഹരിക്കാൻ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണം. വേണ്ടിവന്നാൽ സ്ഥലം ഏറ്റെടുപ്പ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കണം. നിലവിലെ ദേശീയപാതയിൽ രൂപപ്പെട്ടിട്ടുള്ള കുഴികൾ വേഗത്തിൽ അടയ്ക്കണം.
ആവശ്യമായ ഇടങ്ങളിൽ സർവീസ് റോഡുകളുടെ നീളം വർദ്ധിപ്പിക്കണം, മന്ത്രി പറഞ്ഞു.
സർവീസ് റോഡുകളിൽ ഇലക്ട്രിക് പോസ്റ്റുകൾ സ്ഥാപിക്കുമ്പോൾ ഗതാഗത തടസ്സം ഉണ്ടാവുന്നില്ലെന്ന് ഉറപ്പുവരുത്താനും യോഗത്തിൽ തീരുമാനമായി.
- Log in to post comments